ഞാന്‍ ആണയിട്ടാല്‍... എം.ജി.ആറിന്റേയും ശിവാജിഗണേശന്റെയും സ്ഥിരം ഗായകനായ ടി.എം സൗന്ദര്‍രാജന്‍ അന്തരിച്ചു
വിഖ്യാത ചലച്ചിത്ര പിന്നണി ഗായകന്‍ ടി.എം സൗന്ദര്‍രാജന്‍(91) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ച് ശനിയാഴ്ച 3.50 ഓടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നാലുപതിറ്റാണ്ടുകാലം തമിഴ് സിനിമയില്‍ നിറഞ്ഞുനിന്ന് 10,000 ത്തിലേറെ ഗാനങ്ങള്‍ പാടിയ മഹാഗായകനാണ് സൗന്ദര്‍രാജന്‍.
എം.ജി.ആറിന്റേയും ശിവാജിഗണേശന്റെയും സ്ഥിരം ഗായകനായാണ് സൗന്ദര്‍രാജനെ സിനിമലോകവും ആസ്വാദകലോകവും അറിഞ്ഞത് .1950 ലാണ് തമിഴിന്റെ കരുത്തും മധുരവുമായി ആ ശബ്ദം സിനിമയില്‍ ആദ്യം മുഴങ്ങിയത്. ആറു മനമേ ആറു..., ഞാന്‍ ആണയിട്ടാല്‍..., ഓടും മേഘങ്ങളെ..., പാട്ടും നാനേ..., എങ്കേ നിമ്മതി..., അന്തനാള്‍ ഞാപകം..., അടി എന്നടി രാകമ്മ.... ഇന്ത മാളികെ.....ഇങ്ങനെ നിരവധി ഹിറ്റു ഗാനങ്ങളിലൂടെ ,ടി.എം.എസ്സിന്റെ ശബ്ദം, എം.ജി.ആറിന്റേയും ശിവാജിഗണേശന്റേയും ശബ്ദമായി മാറി.
തമിഴിനൊപ്പം ചില കന്നട ചിത്രങ്ങളിലും ഒരു മലയാള ചിത്രത്തിലും അദ്ദേഹം പാടിയെങ്കിലും തമിഴ് ഭാഷയോടുള്ള കൂറുകൊണ്ട് ടി.എം.എസ് പുതിയ താവളങ്ങളിലേക്കുപോകാന്‍ താല്പര്യം എടുത്തില്ല. മലയാളത്തില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചത് 'ചായം ' എന്ന ചിത്രത്തിലെ 'മാരിയമ്മന്‍ തായേ..' എന്ന ഗാനത്തില്‍ മാധുരിയോടൊപ്പമായിരുന്നു. 2003 ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ഈ മഹാഗായകനെ ആദരിച്ചു. കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭക്തിഗാനരംഗത്തും അദ്ദേഹം മുടിചൂടാമന്നനായി. സിനിമാഗാനങ്ങളെ പോലെ അവ വളരെ പ്രചാരം നേടുകയും ചെയ്തു. ഗാനരംഗത്തിനൊപ്പം അഭിനയരംഗത്തും ചലച്ചിത്ര നിര്‍മ്മാണരംഗത്തും ടി.എം. എസ് കൈവെച്ചിട്ടുണ്ട്. പട്ടിണത്താര്‍,അരുണഗിരിനാഥന്‍. കല്ലും കനിയാകും.കവിരാജകാളമേഘം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ കവിരാജകാളമേഘം എ.എല്‍. രാഘവനോടൊപ്പം നിര്‍മ്മിക്കുകയും 1976 ല്‍ 'ബലപരീക്ഷ' എന്ന ചിത്രത്തിനു സംഗീതം നല്‍കുകയും ചെയ്തു. ടി.എം.എസ്സിന്റെ മക്കള്‍ ശെല്‍വകുമാറും ബാല്‍രാജും ഗായകരാണ്.
https://www.facebook.com/Malayalivartha