ഡിസ്ചാര്‍ജ് തീരുമാനം പരിശോധനാ റിപ്പോര്‍ട്ടുകളും രക്തസമ്മര്‍ദ്ദവും വിലയിരുത്തിയ ശേഷം മാത്രം; നടന്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍. താരത്തെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. അദ്ദേഹം ഇന്നും ആശുപത്രിയില്‍ തുടരും.
രജനീകാന്തിനെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം നാളെയെ തീരുമാനിക്കൂ. പരിശോധനാ റിപ്പോര്‍ട്ടുകളും, രാത്രിയിലെ രക്തസമ്മര്‍ദ്ദവും വിലയിരുത്തിയ ശേഷമേ ഡിസ്ചാര്‍ജ് തീരുമാനിക്കൂ എന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ഇന്നലെ രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി.
എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. മെഡിക്കല്‍ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha