ഇനി പ്രൊഫഷണൽ ക്യാമറയ്ക്ക് മുന്നിൽ ചെങ്കൽ ചൂളയിലെ തീപ്പൊരി സിങ്കങ്ങൾ; നിക്കി ഗൽറാണി നായികയായ ചിത്രത്തിൽ അരങ്ങേറ്റം
തമിഴ് നടൻ സൂര്യയുടെ അയൺ സിനിമയിലെ ഗാനം പുനരാവിഷ്‌ക്കരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ സിങ്കക്കുട്ടികൾ ഇനി സിനിമയിലേയ്ക്ക്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ആൻഡ്രോയിഡ് ഫോണിൽ ഷൂട്ട് ചെയ്ത വീഡിയോ രാജാജി നഗറിലെ വിദ്യാര്‍ഥികളായ ഇവർ പോസ്റ്റ് ചെയ്തത്.
നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു. തൊട്ടുപിന്നാലെ സാക്ഷാൽ സൂര്യ അഭിനന്ദനവുമായി എത്തി. ഇവരുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. സൂര്യ ഫാൻസ് ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തത്. “ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചത്. ഇതിനുപിന്നാലെ ഈ മിടുക്കന്‍മാരെ തേടി സൂര്യയുടെ ശബ്‌ദ സന്ദേശവുമെത്തി.
രാജാജി നഗര്‍ എന്നും ചെങ്കല്‍ചൂള പ്രദേശത്തെ വിളിക്കാറുണ്ട്. ഒരു കൂട്ടം വിദ്യാര്‍ഥികളുടെ കഷ്ടപാടിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് സോഷ്യല്‍ മീഡിയയില്‍ ചെങ്കല്‍ചൂള സംസാര വിഷയമായത്. ചെങ്കൽ ചൂളയിലെ ഫ്രീക്കൻമാരെ കാണാൻ സൂപ്പർ താരം സൂര്യ നേരിട്ടെത്താന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍.
സുഹൃത്തിന്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടിയാണ് മിടുക്കന്‍മാരുടെ സംഘത്തിലെ അഭി കൂട്ടുകാരുടെ കിടിലന്‍ ഡാൻസ് ഷൂട്ട് ചെയ്‌തത്. ദിവസവും മണിക്കൂറുകളോളം ചെലവഴിച്ചാണ് പന്ത്രണ്ടംഗസംഘം ഡാൻസ് ഗംഭീരമാക്കിയത്. അഭി, സ്മിത്ത്, ജോബിന്‍, സിബിന്‍, അജയ്, ജോജി, കാര്‍ത്തിക്, പ്രണവ്, സൂരജ്, പ്രവിത്ത്, അഭിജിത്ത്, നിഖില്‍ എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചത്.
എല്ലാവരും തിരുവനന്തപുരം മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. മിക്കവരും കുടുംബം പോറ്റാൻ ചെറുജോലികൾക്കും പോകുന്നുണ്ട്. യഥാർത്ഥ ഗാനരംഗത്തിന്റെ പശ്ചാത്തലവുമായി സാമ്യമുള്ള രാജാജി നഗറിനുളളിൽ തന്നെയാണ് ഷൂട്ടിംഗ് നടന്നത്. കടൽ പശ്ചാത്തലമുള്ള ദൃശ്യങ്ങൾ മാത്രം വേളിയിൽ ചിത്രീകരിച്ചു.
കുട്ടികള്‍ക്കയച്ച ശബ്‌ദസന്ദേശത്തിൽ രാജാജി നഗറിനെപ്പറ്റി സൂര്യ പ്രത്യേകം പരാമർശിക്കുന്നുണ്ട്. സൂര്യയുടെ റോളിൽ വീഡിയോയില്‍ എത്തിയത് കാർത്തിക്കാണ്. ചുവടുകൾ പഠിക്കാൻ ഒരാഴ്‌ചയാണ് കൂട്ടുകാർ കാർത്തിക്കിന് സ്‌പെഷ്യൽ കോച്ചിംഗ് നൽകിയത്. തങ്ങളെ വഴക്കുപറഞ്ഞവരും മുഖം തിരിച്ച് നടന്നവരുമെല്ലാം ഡാൻസ് വൻഹിറ്റായതോടെ അഭിനന്ദനങ്ങളുമായി എത്തുന്നതിന്റെ ത്രില്ലിലാണ് ഈ കൊച്ചു മിടുക്കര്‍.
ചിത്രീകരണ വേളയില്‍ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിട്ടു. വീഡിയോ വൈറലായപ്പോള്‍ ചെയ്ത കഷ്ട്ടപാടുകള്‍ വെറുതെ ആയില്ല എന്ന് തോന്നുന്നു. സഹായിക്കാന്‍ വളരെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ. വീഡിയോ വൈറലായതിന് ശേഷം ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വീഡിയോയുടെ പിന്നില്‍ ക്യാമറമാനായും എഡിറ്ററായും കൊറിയോ ഗ്രാഫറായും തിളങ്ങിയ അഭി പറയുന്നു.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലാണ് ചെങ്കൽച്ചൂളയിലെ കുട്ടികൾ ആദ്യമായി മുഖം കാണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇടുക്കി കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. മൊബൈൽ കാമറ കൊണ്ട് അതിശയിപ്പിച്ച ചെങ്കൽച്ചൂളയിലെ അഭിയും കൂട്ടരും ഇനി പ്രൊഫഷണൽ കാമറക്ക് മുന്നിലാണ് അണിനിരക്കുന്നത്. ഇവർ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി.
തമിഴ് നടൻ അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ നായികാനായകന്മാർ. ബഹുഭാഷാ ചിത്രത്തിലൂടെയാണ് ഇവരുടെ അരങ്ങേറ്റംകൂടാതെ സിനിമ എന്ന വലിയ സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ. വൈറലായ ബർത്ത്ഡേ ട്രിബിയൂട്ട് വീഡിയോ ശശി തരൂർ എംപി ഉൾപ്പെടെയുള്ളവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
“തിരുവന്തപുരത്ത് ചെങ്കൽചൂള എന്നറിയപ്പെടുന്ന രാജാജി നഗറിലെ കുട്ടികൾ, കേവലം ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചു അവരുടെ രീതിയിൽ പാടി ഡാൻസ് ചെയ്ത് അത്ഭുതകരമായി ഷൂട്ട് ചെയ്ത വീഡിയോ, കുറഞ്ഞ ആനുകൂല്യങ്ങളുള്ള നമ്മുക്ക് അടുത്തുള്ള സ്ഥലങ്ങളിലും അതിശയകരമായ കഴിവുകൾ ഉള്ളവരുണ്ട്” എന്ന് കുറിച്ചാണ് ശശി തരൂർ വീഡിയോ ഷെയർ ചെയ്തത്.
https://www.facebook.com/Malayalivartha