ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറി; തൃഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്; മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വത്തിന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയില്‍
മണിരത്‌നം സിനിമ പൊന്നിയന്‍ സെല്‍വത്തിന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയില്‍. ചിത്രത്തിലെ നായിക തൃഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സിനിമാ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായത്. പൊന്നിയന്‍ സെല്‍വത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ താരം ഇന്‍ഡോറിലെ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറിയതാണ് പരാതി നല്‍കാന്‍ കാരണം. നേരത്തെ ചിത്രീകരണത്തിനിടെ കുതിര ചത്തതിനെ തുടര്‍ന്ന് മണിരത്‌നത്തിനെതിരെ കേസെടുത്തിരുന്നു.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് തൃഷ ചെരുപ്പ് ധരിച്ച് കയറിയത്. ഈ ക്ഷേത്രത്തിനകത്താണ് പൊന്നിയന്‍ സെല്‍വത്തിന്റെ നിര്‍ണ്ണായക രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ ഇടവേളയില്‍ ക്ഷേത്രം സന്ദര്‍ശിച്ച തൃഷയുടെ ചിത്രങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തുകയായിരുന്നു. ചിത്രങ്ങള്‍ പിന്നീട് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.
ഈ ചിത്രങ്ങളിലാണ് തൃഷ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്ദി വിഗ്രഹത്തിനും സമീപം നില്‍ക്കുന്നത്. ചരിത്ര പുരാതനമായ ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറിയ തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനകള്‍ രംഗത്ത് വരികയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മണി രത്‌നത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമല്‍സ് നല്‍കിയ പരാതിയിലാണ് കേസ്. മണിരത്‌നത്തിനെതിരേയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്ബനിയായ മദ്രാസ് ടാക്കീസിനെതിരേയും കുതിരയുടെ ഉടമയ്‌ക്കെതിരേയുമാണ് പരാതി. സിനിമയിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതിനെ തുടര്‍ന്ന് നിര്‍ജ്ജലീകരണം സംഭവിച്ചാണ് ഒരു കുതിര ചത്തതെന്നാണ് പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha