ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടൻ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!
നടൻ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
താരത്തെ വിദഗ്‍ധ പരിശോധനയ്ക്ക് വിധേനനാക്കിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ നടത്താറുള്ള സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് രജനീകാന്തിന്‍റെ ഭാര്യ ലത മാധ്യമങ്ങളോട് പ്രതികരിച്ചു. രജനിയുടെ പബ്ലിസിസ്റ്റ് ആയ റിയാസ് കെ ഹമീദും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ഇന്ത്യന്‍ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്.
അതേസമയം അണ്ണാത്തെ ആണ് രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വെട്രി പളനിസാമി, സംഗീതം ഡി ഇമ്മന്‍.
https://www.facebook.com/Malayalivartha