രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി; തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായിട്ടാണ് ശസ്ത്രക്രിയ, രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച 'കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്‍' എന്ന ശസ്ത്രക്രിയക്കാണ് വിധേയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം താരം ആശുപത്രി വിടുമെന്നും അധികൃതർ വ്യക്തമാക്കി.
തലക്കറക്കത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച വൈകീട്ട് ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു ചെയ്തത്.
അതോടൊപ്പം തന്നെ തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോട്ടിഡ് എന്‍ഡാര്‍ട്ടറെക്ടമി. കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ് ഈ രീതി. വെള്ളിയാഴ്ച രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 50ഓളം പൊലീസുകാരെയാണ് സുരക്ഷാഡ്യൂട്ടിക്കായി ആശുപത്രിക്ക് ചുറ്റും നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha