'ജയ് ഭീം സിനിമയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാർ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കരുത്'; സൂര്യ ചിത്രത്തിനെതിരെ വണ്ണിയാര്‍ സമുദായം വീണ്ടും രംഗത്ത്
നടന്‍ സൂര്യനായകനാകുന്ന ജയ് ഭീം സിനിമയ്‌ക്കെതിരെ വണ്ണിയാര്‍ സമുദായം വീണ്ടും രംഗത്ത്. പുരസ്‌കാരങ്ങളും ബഹുമതിയും നല്‍കുന്നതിനായി ജയ് ഭീം സിനിമയെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വണ്ണിയാര്‍ സംഘം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്ത് നല്‍കി.
ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് പബ്ലിക് റിലേഷന്‍ വകുപ്പിനെയും സംഘം സമീപിച്ചിട്ടുണ്ട്. സിനിമ പുരസ്‌കാരങ്ങളും ബഹുമതികളും അര്‍ഹിക്കുന്നില്ലെന്ന് കത്ത് നല്‍കിയ ശേഷം വണ്ണിയാര്‍ സംഘം അദ്ധ്യക്ഷന്‍ പൂതാ അരുള്‍മൊഴി പറഞ്ഞു. താഴ്ന്നവിഭാഗത്തില്‍പ്പെടുന്ന ഒരു പുരുഷനും അയാളുടെ ഭാര്യയും അനുഭവിച്ച യാതനകള്‍ അനാവരണം ചെയ്തു എന്നത് മാത്രമാണ് സിനിമയുടെ മേന്മ. എന്നാല്‍ ഇതില്‍ ബോധപൂര്‍വ്വം ചില സംഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വിഭാഗത്തെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ മോശമായി ചിത്രീകരിക്കുകയാണെന്നും അരുള്‍മൊഴി ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ മുഖേനയാണ് അരുള്‍മൊഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 എ, 499, 503, 504, 505 എന്നിവ പ്രകാരം സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ വണ്ണിയാര്‍ സമുദായത്തെ മനപ്പൂര്‍വ്വവും, തുടര്‍ച്ചയായും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര- സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. അതുകൊണ്ടു തന്നെ സിനിമ പുരസ്‌കാരങ്ങളോ, ബഹുമതിയോ അര്‍ഹിക്കുന്നില്ല. സിനിമയിലെ ചില രംഗങ്ങള്‍ വണ്ണിയാര്‍ സമുദായവും മറ്റ് സമുദായങ്ങളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ്. സിനിമയിലൂടെ മനപ്പൂര്‍വ്വം വണ്ണിയാര്‍ വിഭാഗത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha