ആരാധകർ തമ്മിലുള്ള വൈരാഗ്യം തീർത്തത് ബോംബേറിൽ! അജിത്തിന്റെ ആരാധകര്‍ക്ക് നേരെ തിയേറ്ററിന് പുറത്ത് പെട്രോള്‍ ബോംബേറ്, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു
തിയേറ്ററിന് പുറത്ത് അജിത്തിന്റെ ആരാധകനു നേരെ പെട്രോൾ ബോംബ് എരിഞ്ഞതായി റിപ്പോർട്ട്.
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ' ചിത്രം കാണാനെത്തിയ ആരാധകന് നേരെ ഇന്ന് രാവിലെ ആയിരുന്നു ബോംബേറ്. കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന്റെ സമീപപ്രദേശത്തെ തിയറ്ററിനടുത്താണ് സംഭവം. നവീന്‍ കുമാര്‍ എന്ന ആരാധകന് നിസാര പരുക്കേറ്റതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിരാവിലെ 'വലിമൈ' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു നവീനടക്കമുള്ള ആരാധകര്‍. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ നവീന്‍ കുമാറിന് നിസാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബാനറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അജിത്തിന്റെ ആരാധകര്‍ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുവെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പിടിഐയുടെ റിപ്പോര്‍ട്ട്.
ഫാന്‍സ് ക്ലബുകളെ അകറ്റി നിര്‍ത്തുന്ന സമീപനം സ്വീകരിച്ച നടനാണ് അജിത്ത്. ഫാന്‍സ് ക്ലബുകളുമായി തനിക്ക് ബന്ധമില്ലെന്ന് അജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ ആരാധക പിന്തുണയില്‍ മുന്‍നിരയിലാണ് അജിത്തിന്റെ സ്ഥാനം. അജിത്തിന്റെ ഓരോ സിനിമയുടെ റിലീസും തമിഴ്നാട്ടില്‍ വലിയ ആഘോഷമായി മാറാറുമുണ്ട്.
ഇന്ന് പ്രദര്‍ശനത്തിനെത്തിയ 'വലിമൈ' ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഗംഭീര ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ബൈക്ക് സ്റ്റണ്ട് രംഗങ്ങളെ കുറിച്ചും 'വലിമൈ' കണ്ടവര്‍ എടുത്തുപറയുന്നു. ഒരിടവേളയ്ക്ക് ശേഷം എത്തിയ അജിത്ത് ചിത്രം പ്രതീക്ഷകളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണെന്നാണ് അഭിപ്രായങ്ങള്‍.
https://www.facebook.com/Malayalivartha