ആ സിനിമയിൽ ചിരിച്ചിട്ടേയില്ല.... എല്ലാം മുൻകൂട്ടി കണ്ടു! കൃത്യം ഒരാഴ്ച കഴിഞ്ഞ് മോനിഷ പോയി....
മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ് കിട്ടി. ആ ഒരൊറ്റ ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായി മാറിയത്. വലിയ വിടർന്ന കണ്ണുകളും നീണ്ട കാർകൂന്തലും കൊണ്ട് ആരെയും ആകർഷിക്കുന്ന സൗന്ദര്യം. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. അങ്ങനെ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.
21മത്തെ വയസ്സിലായിരുന്നു ആ അപകടം. ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് മോനിഷ മരിക്കാനിടയായ കാറപകടമുണ്ടായത്. മോനിഷയുടെ മരണശേഷമാണ് അമ്മ ശ്രീദേവി ഉണ്ണി സിനിമയിലെത്തുന്നത്. 'ഞാൻ അഭിനയം നിർത്തുമ്പോൾ അമ്മ തുടങ്ങണം' എന്ന മോനിഷയുടെ വാക്കുകളായിരുന്നു അതിന് കാരണം. ഇപ്പോഴും അഭിനയത്തിൽ സജീവമായ ശ്രീദേവി എല്ലാ അഭിമുഖങ്ങളിലും മകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് ശ്രീദേവി.
ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാൽ, വിനീത്, മോനിഷ, പാർവതി ജയറാം, മുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത കമലദളം ആണ് മോനിഷയ്ക്ക് പ്രിയപ്പെട്ട സിനിമയായി ശ്രീദേവി പറയുന്നത്. ഭരതനാട്യം മുതൽ നാടോടിനൃത്തം വരെ ആ ഒരൊറ്റ സിനിമയിൽ മോനിഷയ്ക്ക് ചെയ്യാൻ സാധിച്ചു, അതായിരുന്നു കാരണമെന്നും ശ്രീദേവി പറയുന്നു. മോൾക്ക് സംതൃപ്തി ലഭിച്ച സിനിമയായിരുന്നു കമലദളം.
ആ സിനിമയുടെ ഷൂട്ടിങ് സമയത്തും ഒരുപാട് തമാശകൾ ഉണ്ടായിരുന്നു. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് മോഹൻലാൽ ഡാൻസ് പഠിക്കും. മോഹൻലാലും മോനിഷയും വിനീതും ചേർന്ന് മുദ്രകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പഠിക്കും. ഡാൻസിന്റെ ആളായത് കൊണ്ട് ഞാനും കൂടും. അങ്ങനെ ഒരുപാട് രസകരമായ കാര്യങ്ങൾ കമലദളത്തിൽ ഉണ്ടായിരുന്നു. ആ സിനിമയ്ക്ക് ശേഷം അതുപോലൊരു സിനിമ ചെയ്യാൻ മോനിഷയ്ക്ക് സമയം കിട്ടിയില്ല. ശ്രീദേവി പറഞ്ഞു.
സെറ്റിൽ വെച്ചുണ്ടായ മറ്റൊരു ഓർമയും ശ്രീദേവി പങ്കുവച്ചു. ആ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം സിബി മലയിൽ മോനിഷയെ വിളിച്ചു. മോനിഷയെയും എന്നെയും നിർത്തി ചിരിച്ചുള്ള ഒരു ഷോട്ട് എടുത്ത് ക്യാമറ ഓഫ്ചെയ്തു. ഞാൻ എന്താണെന്ന് ചോദിച്ചു. മോനിഷ ആ സിനിമയിൽ ചിരിച്ചിട്ടേയില്ല. ആ കഥാപാത്രത്തിന് ചിരിയില്ല. അതുകൊണ്ട് അമ്മയുടെ മുഖത്തും ചിരി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയേയും മകളും ചിരിച്ചു കൊണ്ട് ക്യാമറ ഓഫ് ചെയ്യാമെന്ന് കരുതിയെന്നാണ് സിബി പറഞ്ഞത്.
അപ്പോൾ സിബിയോട് മോനിഷ പറഞ്ഞു, ഞാൻ ഒരുപാട് സന്തോഷിച്ച് ചെയ്ത സിനിമയാണെന്ന്. കാരണം മോഹൻലാലും വിനീതും ആയിരുന്നു സെറ്റിലെ കമ്പനി. മുഴുവൻ സമയവും നൃത്തമാണ്. എനിക്ക് ഇപ്പോഴും തോന്നുന്നു മോനിഷ സിനിമകൾ വീണ്ടും ചെയ്തിരുന്നാൽ കൂടിയും ഇങ്ങനെയൊരു കഥാപാത്രം കിട്ടില്ലായിരുന്നു,' ശ്രീദേവി പറയുന്നു. കമലദളം വിജയമായ ശേഷം മോഹൻലാലിനോട് പാർട്ടിയൊന്നുമില്ലേയെന്ന് മോനിഷ ചോദിച്ചിരുന്നു. മോനിഷയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ് മോഹൻലാൽ ചെന്നൈയിൽ ഒരു ആഘോഷം വെച്ചു. അന്നവിടെ വലിയ ആഘോഷവും തമാശയുമൊക്കെ ആയിരുന്നു. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മോനിഷ പോയെന്ന് ശ്രീദേവി പറയുന്നു.
https://www.facebook.com/Malayalivartha