ലോകേഷ് അണ്ണാ....പടം തകർപ്പൻ... റെക്കോർഡുകൾ ഭേദിച്ച് ലിയോയുടെ വമ്പൻ വരവ്:ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം...
ലോകേഷ് കനകരാജ് എന്ന പ്രഗത്ഭ സംവിധായകനും ,വിജയ് എന്ന സൂപ്പർ താരവും ഒന്നിച്ചാൽ ഇതല്ല ഇതിനപ്പുറം അത്ഭുതങ്ങളും കൊണ്ട് വരാൻ കഴിയും എന്നതിന് ഉദാഹരണമാണ് ലിയോ. തെന്നിന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ലിയോ. പ്രഖ്യാപന സമയം മുതലുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. ആരാധകരുടെ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിൽ പിറന്ന ചിത്രം ലിയോ തിയറ്ററുകളിൽ എത്തിയിരിക്കുന്നു.
പുലർച്ചെ നാല് മണിക്കായിരുന്നു കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ ആരംഭിച്ചത്. ഇപ്പോഴിതാ ആദ്യ ഷോകൾക്ക് ശേഷമുള്ള പ്രേക്ഷകാഭിപ്രായം എത്തിത്തുടങ്ങിയിരിക്കുകയാണ്. അതിഗംഭീര ആദ്യ പകുതിയാണ് ചിത്രത്തിൻറേതെന്നാണ് പൊതു അഭിപ്രായം. ഒപ്പം ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിലവാരമുള്ള മേക്കിംഗ് എന്നും പ്രേക്ഷകർ പറയുന്നു.
ആദ്യ പകുതിക്ക് ശേഷം എക്സിലും യുട്യൂബിലുമൊക്കെ പ്രത്യക്ഷപ്പെട്ട റിവ്യൂകൾ ബഹുഭൂരിപക്ഷവും പോസിറ്റീവ് തന്നെ ആയിരുന്നു. രണ്ടാം പകുതിയും തങ്ങളെ ആവേശം കൊള്ളിച്ചുവെന്ന് ഒരു വിഭാഗം പറയുമ്പോൾ അത് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് പറയുന്നവരുമുണ്ട്. അതേസമയം വിജയിയുടെ പ്രകടനത്തെക്കുറിച്ച് ഏതാണ്ട് ഒരേ അഭിപ്രായമാണ് എത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നുമായാണ് വിജയ് എത്തിയിരിക്കുന്നതെന്നാണ് ആദ്യ ഷോകൾ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.
ലിയോ എൽസിയുവിൻറെ ഭാഗമാവുമോ എന്നതായിരുന്നു റിലീസിന് മുൻപ് ഉയർന്ന പ്രേക്ഷകരുടെ ഒരു പ്രധാന ചോദ്യം. അതിന് അതെ എന്ന ഉത്തരമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. റിലീസിന് മുൻപ് ചിത്രത്തിന് ഇത്രയും ഹൈപ്പ് ലഭിക്കാൻ കാരണങ്ങൾ പലതായിരുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുന്ന ചിത്രം, ഇത് എൽസിയുവിൻറെ ഭാഗമായിരിക്കുമോ എന്ന ആകാംക്ഷ തുടങ്ങിയ ഘടകങ്ങളെല്ലാം ലിയോയ്ക്ക് ഹൈപ്പ് കൂട്ടിയ ഘടകമാണ്.
വളരെ ത്രില്ലായിട്ടുള്ള ഒരു മികച്ച ചിത്രമാണ് ലിയോ എന്നും എക്‌സിൽ ആരാധകർ പങ്കുവച്ച പ്രതികരത്തിലൂടെ വ്യക്തമാക്കുന്നു. 'ഇതിലെ ഒരു സീൻ പോലും കാണാതിരിക്കരുത്, എല്ലാ രംഗങ്ങളും ഈ സിനിമയുടെ പ്രധാന ഭാഗമാണെന്നും ആരാധകർ പറയുന്നു. 'ജയിലറിൽ അഞ്ചോ ആറോ മാസ് സീനുകൾ മാത്രമേയുള്ളൂ , എന്നാൽ 'ലിയോ' മാസ് സീനുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ജയിലർ ലിയോയുടെ മുന്നിൽ ഒന്നുമല്ലെന്നും മറ്റൊരു ആരാധക എക്‌സിലൂടെ പറയുന്നു.
ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ് എന്നിവരാണ്.
എന്നാൽ ചിത്രത്തിന് ലഭിച്ച ഹൈപ്പ് എത്രയെന്നതിന് തെളിവായിരുന്നു അഡ്വാൻസ് റിസർവേഷനിൽ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളമുൾപ്പെടെയുള്ള പല മാർക്കറ്റുകളിലും ഓപണിംഗ് റെക്കോർഡ്, പ്രീ റിലീസ് ബുക്കിംഗിലൂടെത്തന്നെ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ റിലീസിന് മുൻപ് അഡ്വാൻസ് റിസർവേഷനിലൂടെ ചിത്രം ആകെ എത്ര നേടി എന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്.
ഇന്ന് മുതൽ 22 ഞായറാഴ്ച വരെയുള്ള നാല് ദിനങ്ങളിലെ ടിക്കറ്റുകളുടെ അഡ്വാൻസ് റിസർവേഷനിൽ നിന്ന് നേരത്തേ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ 200 കോടിക്ക് അരികിൽ എത്തിയിരിക്കുകയാണ് ആ തുക. 188 കോടിയാണ് അഡ്വാൻസ് റിസർവേഷനിലൂടെ മാത്രം ലിയോ സമാഹരിച്ചതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്ക് അറിയിക്കുന്നു. നാല് ദിവസം നീളുന്ന ആദ്യ വാരാന്ത്യത്തിലേക്ക് ആഗോള തലത്തിൽ ലഭിച്ച പ്രീ ബുക്കിംഗ് കണക്ക് പ്രകാരമാണിത്.
എന്നാൽ മാസങ്ങളായുള്ള കാത്തിരിപ്പ് ക്ലൈമാക്സിലേക്ക് എത്തുന്നതിൻറെ ആവേശത്തിലാണ് സിനിമാപ്രേമികൾ ഒന്നടങ്കം. പ്രതേകിച്ച് വിജയ് ആരാധകർ. തിയറ്ററുകളിലെ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുള്ള തമിഴ്നാടിനേക്കാൾ ലിയോയുടെ റിലീസ് വിജയ് ആരാധകർ ആഘോഷിച്ചത് കേരളത്തിലാണ്. കേരളത്തിലെ പല പ്രധാന സെൻററുകളിലും ഇന്നലെ രാത്രി ഡിജെ പാർട്ടി അടക്കം സംഘടിപ്പിച്ചിരുന്നു വിജയ് ആരാധകർ. ഇത്തരം പരിപാടികളിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക് ആയിരുന്നു. ഇതിൻറെ വീഡിയോകൾ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കാര്യമായി പ്രചരിക്കുന്നുമുണ്ട്.
കേരളത്തിൽ നിന്നുള്ള ലിയോ പ്രീ റിലീസ് ആഘോഷ വീഡിയോകളുടെ താഴെ കമൻറുമായി എത്തുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകരാണ്. തങ്ങൾക്ക് ഇതൊന്നും സാധിക്കുന്നില്ലല്ലോ എന്ന നിരാശ പങ്കുവെക്കുന്നവർ , മലയാളികളുടെ ആഘോഷത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുമുണ്ട്. ബി ലൈക്ക് ചേട്ടൻസ് എന്നത് ഒരു ടാഗ് പോലെ ഈ വീഡിയോകൾക്കൊപ്പം പ്രചരിക്കുന്നുണ്ട്.
കേരളത്തിൽ ദിവസങ്ങൾക്ക് മുൻപ് ലിയോ പ്രീ റിലീസ് ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിൽ തമിഴ്നാട്ടിൽ ഇന്നലെ വൈകിട്ടാണ് അത് തുടങ്ങിയത്. പുലർച്ചെയുള്ള ഫാൻസ് ഷോകൾക്കും തിയറ്റർ കേന്ദ്രീകരിച്ചുള്ള ആരാധക ആഘോഷങ്ങൾക്കുമൊക്കെ തമിഴ്നാട്ടിൽ നിയന്ത്രണം വന്നത് ഈ വർഷം ജനുവരിയിലാണ്. അജിത്ത് കുമാറിൻറെ തുനിവ് റിലീസ് ദിനത്തിൽ ഒരു സിനിമാസ്വാദകൻ തിയറ്ററിന് പുറത്ത് മരിച്ചിരുന്നു. ഇതോടെയാണ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. അതേസമയം കേരളത്തിൽ റിലീസിംഗ് സ്ക്രീനുകളിലും പ്രീ റിലീസ് ബുക്കിംഗിലും ലിയോ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha