സത്യം മൂടിവെച്ചാലും പുറത്തുവരും, എനിക്കാരോടും പരിഭവമില്ല; ദുര്‍ഗ്ഗ
സത്യത്തെ എത്ര മൂടിവെച്ചാലും അത് ഒരു നാള്‍ മറനീക്കി പുറത്തുവരും. അതൊരു നഗ്ന സത്യം. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദത്തിന് ഉടമ ദുര്‍ഗയാണെന്ന ഫാസിലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ സംസാരിക്കുന്നു. സംവിധായകനും നടനുമായ സൗന്ദര്‍രാജന്റെ ഭാര്യയാണ് ദുര്‍ഗ
23 വര്‍ഷമായി മൂടിവയ്ക്കപ്പെട്ട സത്യം ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഇപ്പോള്‍. ഇത്ര കാലം എന്റെ മനസ്സിലുണ്ടായിരുന്ന വേദനയും നിരാശയുമാണ് ഫാസില്‍ സാറിന്റെ വാക്കുകളിലൂടെ ഇല്ലാതായത്. എന്റെ മേഖലയിലുള്ള പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഇത്. കേരളത്തിലെ മാധ്യമങ്ങളോട് വലിയ കടപ്പാടുണ്ട്. ഫാസില്‍ സാറിന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി ഫോണ്‍കോളുകളാണ് എന്നെ തേടിയെത്തുന്നത്. വൈകിയാണെങ്കിലും എന്റെ പ്രയത്‌നത്തിന് കേരളത്തില്‍ നിന്ന് അംഗീകാരവും അഭിനന്ദനവും ലഭിച്ചുകൊണ്ടിരിക്കുകയാണ്.
സിനിമ ഇറങ്ങിയ ആ സമയത്ത് ഞാന്‍ തീര്‍ത്തും നിസ്സഹായ ആയിരുന്നു. വെറുമൊരു ഡബ്ബിംഗ് ആര്‍ട്ടിസ്സ് തമിഴ്‌നാട്ടില്‍ ഇരുന്ന് എങ്ങനെ , ആ ശബ്ദം എന്റേതാണ് എന്ന് സ്ഥാപിച്ചെടുക്കും. 23 വര്‍ഷമായി മറ്റൊരാള്‍ നാഗവല്ലിയുടെ ക്രെഡിറ്റ് സ്വന്തമാക്കി വച്ചിരിക്കുകയാണെന്നും കേരളത്തിലുള്ള പലരും അറിയിച്ചിരുന്നു. സിനിമ റിലീസ് ആയതിന് ശേഷം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലല്ലോ. എന്റെ ജോലി ഞാന്‍ കൃത്യമായി നിര്‍വഹിച്ചു എന്ന സംതൃപ്തിയോടെ ഞാന്‍ മറ്റ് സിനിമകളുടെ ഡബ്ബിംഗ് തിരക്കിലേക്ക് പോയി. ആ സിനിമയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പിനെ കുറിച്ചോ അവാര്‍ഡുകളെ കുറിച്ചോ ഒന്നും ആരും എന്നെ അറിയിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത് എന്റെ ശബ്ദമാണെന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് മറ്റൊരാളുടേതായി സ്ഥാപിക്കാനുളള ശ്രമങ്ങളുമാണ് ഉണ്ടായിരുന്നത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജാ രവി ഇക്കാര്യത്തില്‍ എനിക്കൊപ്പം നിന്നിട്ടുണ്ട്. ശ്രീജ ഇടയ്ക്കിടെ വിളിച്ച് വിഷമത്തോടെ ഞാന്‍ നേരിട്ട അവഗണനയെ കുറിച്ച് പറയുമായിരുന്നു. അവര്‍ക്കും വലിയ വിഷമമുണ്ടായിരുന്നു. അക്കാ, നമ്മള്‍ ഇനി എന്ത് ചെയ്യുമെന്നൊക്കെ എന്നോട് ശ്രീജ പലപ്പോഴായി ചോദിച്ചിട്ടുണ്ട്. ഒടുവില്‍ സത്യം അംഗീകരിക്കപ്പെട്ടപ്പോള്‍ എനിക്കുണ്ടായ അതേ ആഹ്ലാദം അവരിലും ഞാന്‍ കണ്ടു.
ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരുന്നു സിനിമയ്ക്ക് വേണ്ടി ആദ്യം ഉപയോഗിച്ചിരുന്നത്, അത് കൊണ്ടാവും അവര്‍ തെറ്റിദ്ധരിച്ചത് എന്നാണ് ഫാസില്‍ പറഞ്ഞത്. അവരുമായി എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ?
അതേക്കുറിച്ച് ഞാനൊന്നും സംസാരിക്കുന്നില്ല. ഏതായാലും 23 വര്‍ഷത്തിന് ശേഷം സത്യം പുറത്തുവന്നല്ലോ. ഞാന്‍ എന്റെ പേര് സ്ഥാപിച്ച് കിട്ടാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. അവകാശവാദവുമായി വരുകയോ തര്‍ക്കത്തിന് നില്‍ക്കുകയോ ചെയ്തിട്ടില്ല. പലരുടെയും ആത്മാര്‍ത്ഥമായ ശ്രമഫലമായാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവന്നത്. ആരോടും പരാതിയുമില്ല. ശോഭന തമിഴില്‍ ചെയ്ത എല്ലാ സിനിമകള്‍ക്കും ശബ്ദം നല്‍കിയത് ഞാനായിരുന്നു. ശോഭന എന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് വിശ്വാസം. ഞങ്ങള്‍ ഇക്കാര്യം ഇതേവരെ സംസാരിച്ചിട്ടില്ല.മലയാളത്തില്‍ അരവിന്ദന്‍ സാറിന്റെ ചിദംബരം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. പിന്നീടാണ് മണിച്ചിത്രത്താഴ് ചെയ്തത്.
വൈകി കിട്ടിയ അംഗീകാരത്തിലും അവര്‍ സന്തുഷ്ടയാണ്. ആരോടും പരിഭവമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha