ദിലീപിനെ നായകനാക്കി; അഭിനയിക്കാൻ താൽപര്യം പ്രകടിപിപ്പിച്ചില്ല: തമിഴ് നടൻ സത്യരാജും പിന്മാറാൻ ശ്രമിച്ച നിമിഷം- വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ
ആഗതൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ കമൽ. ചിത്രത്തിലെ നായകനായ ദിലീപ് തുടക്കത്തിൽ ഗൗരവമുള്ള കഥാപാത്രം ആയതിനാൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും വില്ലൻ വേഷം ചെയ്‌ത തമിഴ് നടൻ സത്യരാജും തുടക്കത്തിൽ മടി കാണിച്ചുവെന്നും അദ്ദേഹം പറയുന്നു. നായകൻ ദിലീപ് ആയതിനാൽ ഛായാഗ്രാഹകൻ വേണു പിന്മാറിയെന്നും കമൽ പറയുന്നു. ദിലീപ് കോമഡി സിനിമകളുടെ നടുവിൽ നിൽക്കുന്ന ഒരു സമയത്താണ് ആഗതൻ വന്നതെന്നും ആദ്യം താരം ഒന്ന് ശങ്കിച്ചുവെന്നും കമൽ പറയുന്നു. എന്നാൽ ദിലീപിനെ വച്ച് തനിക്ക് സ്ഥിരം കോമഡി ട്രാക്കിൽ ഉപരി ഇത്തരമൊരു ചിത്രം ചെയ്യാനാണ് താൽപര്യമെന്ന് താൻ പറഞ്ഞുവെന്നും കമൽ വ്യക്തമാക്കുന്നു.
'ദിലീപ് അന്ന് കോമഡി സിനിമകളുടെ ചാകരയുടെ നടുവിലായിരുന്നു. നിന്നെ വച്ച് അങ്ങെനയൊരു സിനിമ ചെയ്യാനല്ല മനസിലുള്ളതെന്ന് ഞാൻ പറഞ്ഞു. കുറച്ച് സീരിയസ് ആയിട്ടുള്ള വിഷയം ദിലീപിന്റെതായ ഹ്യൂമർ രീതികൾ ഒക്കെ ചേർത്ത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. സീരിയസ് വേഷങ്ങൾ ചെയ്‌താൽ ശരിയാവുമോ എന്ന് ദിലീപ് ചോദിച്ചു. എന്നാൽ നീ അങ്ങനെ വേഷങ്ങളും ചെയ്യണമെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു' കമൽ പറയുന്നു.
തമിഴ് നടൻ സത്യരാജും ചിത്രത്തിലെ വേഷത്തിനോട് ആദ്യം സംശയം പ്രകടിപ്പിച്ചുവെന്നും കമൽ പറയുന്നു. 'സിനിമ എഴുതിയപ്പോൾ തന്നെ ആദ്യം മനസിൽ ഉണ്ടായിരുന്ന കഥാപാത്രം സത്യരാജിന്റേത് ആയിരുന്നു. പുള്ളി അന്ന് തിരക്കേറിയ നടനാണ്. അങ്ങനെയാണ് നേരിട്ട് കാണാനായി ഞങ്ങൾ ചെന്നൈയിലേക്ക് പുറപ്പെട്ടത്. ഞാൻ തന്നെ അദ്ദേഹത്തോട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്' സംവിധായകൻ വ്യക്തമാക്കി.
'കഥ കേട്ട് കഴിഞ്ഞപ്പോൾ ആദ്യം അദ്ദേഹം പറഞ്ഞത് താൻ ആ വേഷം ചെയ്യില്ലെന്നാണ്. കഥ ഇഷ്‌ടപ്പെടാത്തതോ കഥാപാത്രം നെഗറ്റീവ് ഷെയ്‌ഡ് ഉള്ളതോ ആയിരുന്നില്ല കാരണം.ഒരു റിട്ടയേർഡ് മേജർ പോലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വില്ലൻ ആയാൽ ആളുകൾ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ പ്രധാനമന്ത്രിയെ പോലും വില്ലൻമാരായി നമ്മുടെ സിനിമകൾ വരുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു' കമൽ പറയുന്നു.
സിനിമയിൽ പ്രവർത്തിക്കാൻ ക്യാമറാമാൻ വേണു കൂട്ടാക്കാത്തതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'ആദ്യം വേണുവിനെയാണ് ക്യാമറാമാനായി തീരുമാനിച്ചത്. ഞാൻ നേരിട്ട് വേണുവിനെ വിളിച്ചു. എന്നാൽ നായകൻ ദിലീപ് ആണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് വേണു പറഞ്ഞത്. ദിലീപുമായി ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് വേണു അതിന്റെ കാരണമായി പറഞ്ഞത്. എന്നാൽ കൂടുതൽ ബുദ്ധിമുട്ടുകൾ വേണ്ടെന്ന് കരുതി ഞാൻ പിന്നീട് അജയൻ വിൻസന്റിനെ കൊണ്ട് വരികയായിരുന്നു' കമൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha