രജനി കാന്തിന്റെ കബാലി യാത്രക്കാരെയും കൊണ്ട് പറക്കാനൊരുങ്ങുന്നു
ഇന്ത്യയിലാദ്യമായി ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി വിമാനം തന്നെ ഒരുക്കി കബാലി എന്ന രജനി ചിത്രം വരുന്നു. രജനി കാന്തിന്റെ ചിത്രം ഉള്‍പ്പെടെ, കബലിയുടെ പോസ്റ്ററും, സൂപ്പര്‍ സ്റ്റാര്‍ രജനി എന്നുമൊക്കെ എഴുതി തികച്ചും കളര്‍ഫുള്ളാക്കിയാണ് വിമാനക്കമ്പനി പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ ചെയ്തിരിക്കുന്നത്.
രജനി കാന്തിന്റെ അടുത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കബാലിയുടെ പേരില്‍ സ്‌പെഷല്‍ വിമാനമിറക്കിയിരിക്കുകയാണ് വിമാന കമ്പനി ആയ എയര്‍ ഏഷ്യ. ഇന്ത്യന്‍ സിനിമയ്ക്ക് രജനീകാന്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ക്ക് ആദരസൂചകമായാണ് എയര്‍ ഏഷ്യ ഇത്തരത്തിലൊരു പ്രചാരണം ചിത്രത്തിനായി നല്‍കാന്‍ തീരുമാനിച്ചതെന്ന് എയര്‍ ഏഷ്യ വക്താക്കള്‍ അറിയിച്ചു. കബാലി സിനിമയിലും എയര്‍ ഏഷ്യ വിമാനം ചില രംഗങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
കബാലി സിനിമയുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്‌നെര്‍ കൂടിയാണു എയര്‍ ഏഷ്യ വിമാന കമ്പനി.
നേരത്തെ കബാലിയുടെ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്ന ഓഫറും എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരുന്നു. കബാലിയുടെ റിലീസ് ദിനത്തില്‍ ബെംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഈ സ്പെഷല്‍ പാക്കേജിന് 7860 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. ഈ തുക കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടെയാണ്.
ആഭ്യന്തര സര്‍വീസുകളില്‍ 786 രൂപയില്‍ ആരംഭിക്കുന്ന ഓഫര്‍ വരെ എയര്‍ ഏഷ്യ പ്രഖ്യാപിച്ച് കഴിഞ്ഞു. രജനീകാന്ത് ചിത്രം കബാലിയുടെ പ്രൊമോഷനായി സംഘടിപ്പിക്കുന്ന ' ഫ്‌ളൈ ലൈക്ക് എ സൂപ്പര്‍ സ്റ്റാര്‍' എന്ന ഓഫര്‍ പ്രകാരം ജൂലൈ 3 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ വെബ് സൈറ്റോ എയര്‍ഏഷ്യ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ബെംഗലൂരു, ഡല്‍ഹി, ഗോവ, പൂനെ, ജയ്പൂര്‍, കൊച്ചി എന്നിവടങ്ങളില്‍ നിന്ന് 2017 ഫെബ്രുവരി 1- ഏപ്രില്‍ 30 വരെയാണ് യാത്ര ചെയ്യാന്‍ കഴിയുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha