കബാലിക്ക് സമ്മിശ്രപ്രതികരണം: നിരാശപ്പെടുത്തിയെന്ന് ഒരു വിഭാഗം
നീണ്ട കാത്തിരിപ്പിനൊടുവില്‍, ഒരു രാത്രി ഉറക്കവും ഒഴിഞ്ഞാണ് ആരാധകര്‍ കബാലിക്കായി വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ക്യൂ നിന്നത്. പക്ഷെ, സിനിമ തീര്‍ന്നതോടെ പലരും നിരാശയോടെ മടങ്ങി. മാസ് ഡെപ്പാങ്കുത്ത് ഞെരിപ്പ് പ്രതീക്ഷിച്ചവരെല്ലാം വല്ലാതെയായി. സാധാരണ രജനി സിനിമയില്‍ ഉള്ളത് പോലെ കത്തിയേറും വാരിവലിച്ച്, നീട്ടിപ്പറയുന്ന ഡയലോഗുകളും ഐറ്റം സോംഗും ഒന്നുമില്ല. റിയലിസവും ഇമോഷനും ആക്ഷനും ചേര്‍ത്താണ് സംവിധായകന്‍ പാ രഞ്ജിത് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ മികവ് ഓരോ ഫ്രെയിമിലും തെളിയിച്ചിട്ടുണ്ട്. അതുപോലെ പതിവ് രജനി ചിത്രങ്ങളില്‍ കാണാന്‍ കഴിയാത്ത അഭിനയപ്രകടനവും. പശ്ചാത്തലസംഗീതം എടുത്ത് പറയേണ്ടതാണ്. പക്ഷെ, ഇതെല്ലാം ഉണ്ടായിട്ടും മാസ് ഓഡിയന്‍സിനുള്ള മസാലയില്ലാതെ പോയി.
രാവിലെ മൂന്നരയ്ക്ക് തന്നെ തലസ്ഥാന നഗരത്തിലെ എട്ട് തിയേറ്ററുകള്‍ക്ക് മുന്നില്‍ ജനം തമ്പടിച്ചിരുന്നു. തിയേറ്റര്‍ ജീവനക്കാരാരും ഇന്നലെ വീട്ടില്‍ പോലും പോയിരുന്നില്ല. തമിഴ്‌നാട്ടില്‍ ടിക്കറ്റ് കിട്ടാത്ത ആരാധകര്‍ ദിവസങ്ങളായി നഗരത്തിലെ ലോഡ്ജുകളിലും സുഹൃത്തുക്കളുടെ വീട്ടിലും തമ്പടിക്കുകയായിരുന്നു. രാവിലെ അഞ്ച് മണിക്കാണ് ആദ്യഷോ പറഞ്ഞിരുന്നത് . എന്നാല്‍ നാലര കഴിഞ്ഞാണ് ക്യൂബിന്റെ ലൈസന്‍സ് തിയറ്ററുകള്‍ക്ക് ലഭിച്ചത്. അതിനാല്‍ അതിന് മുമ്പ് ടിക്കറ്റെടുത്തവരെ ഗേറ്റ് കടത്തിവിട്ടില്ല. ഇത് പല തിയേറ്ററുകള്‍ക്ക് മുന്നിലും നേരിയ സംഘര്‍ഷം സൃഷ്ടിച്ചു. ലൈസന്‍സ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയ്ക്ക് ലഭിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് കഴിഞ്ഞിട്ടും ലൈസന്‍സ് ലഭിക്കാതായതോടെ തിയേറ്റര്‍ ഉടമകള്‍ ആശങ്കയിലായിരുന്നു.
ദിവസം ആറ്‌ഷോ വീതമാണ് ഓരോ തിയേറ്ററിലും കളിക്കുന്നത്. ഒരു ദിവസം കേരളം മൊത്തം 2000 ഷോ. ഏതാണ്ട് എട്ട് കോടിയോളം രൂപയ്ക്കാണ് ആശിര്‍വാദ് സിനിമാസ് ചിത്രത്തിന്റെ വിതരണ അവകാശം നേടിയിരിക്കുന്നത്. അത് തിരിച്ച് പിടിക്കാനും ലാഭം ഉണ്ടാക്കാനും കഴിയുമെന്ന് ഉറപ്പാണ്. തലസ്ഥാനത്തെ തന്നെ എട്ട് തിയേറ്ററുകളില്‍ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ബുക്കിംഗ് ആയിക്കഴിഞ്ഞു. സംസ്ഥാനത്ത് മാത്രം 306 കേന്ദ്രങ്ങളിലാണ് ചിത്രം കളിക്കുന്നത്. അടുത്തകാലത്തെങ്ങും ഒരു ചിത്രത്തിനും ഇത്രയും വലിയ ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha