ധനുഷിന് അഭിമാനിക്കാം, 'വിസാരണൈ' ഓസ്‌കര്‍ പരിഗണനയ്ക്ക്
തമിഴ് നടന്‍ ധനുഷിന് ഇത് അഭിമാന നിമിഷം. അദ്ദേഹം നിര്‍മിച്ച് വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് സിനിമ 'വിസാരണൈ' വിദേശഭാഷാ വിഭാഗത്തില്‍ ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബാജിറാവ് മസ്താനി, ഫാന്‍, സുല്‍ത്താന്‍ തുടങ്ങി 29 ചിത്രങ്ങളെ പിന്തള്ളിയാണു 'വിസാരണൈ' ഓസ്‌കറിലെത്തിയത്. കേതന്‍ മേത്ത അധ്യക്ഷനായ സമിതിയാണു ചിത്രം തിരഞ്ഞെടുത്തത്. എം.ചന്ദ്രകുമാര്‍ രചിച്ച 'ലോക്കപ്പ്' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'വിസാരണൈ' .
സമുദ്രക്കനി, ദിനേഷ് രവി, ആനന്ദി, ആടുകളം മുരുഗദാസ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പൊലീസിന്റെ ക്രൂരതകളും അഴിമതിയുമാണു വിഷയമാക്കുന്നത്. എല്ലാ അര്‍ഥത്തിലും ഒരു പരീക്ഷണ സിനിമയായ വിസാരണൈക്ക് ഒരു മണിക്കൂര്‍ മാത്രമാണ് ദൈര്‍ഘ്യം.
മികച്ച സഹനടന്‍, എഡിറ്റിങ്, മികച്ച തമിഴ് ചിത്രം തുടങ്ങിയ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഓസ്‌കര്‍ എന്‍ട്രി നേടുന്ന ഒന്‍പതാമത്തെ തമിഴ് ചിത്രമാണു വിസാരണൈ. ദൈവമകന്‍, അഞ്ജലി, നായകന്‍, തേവര്‍മകന്‍, കുരുതിപ്പുനല്‍, ഇന്ത്യന്‍, ജീന്‍സ്, ഹേ റാം എന്നിവയാണു മുന്‍പു തിരഞ്ഞെടുത്തിട്ടുള്ളത്.
ലഗാന്‍, മദര്‍ ഇന്ത്യ, സലാം ബോംബെ എന്നീ ചിത്രങ്ങള്‍ അവസാന അഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രം പോലും വിദേശ ഭാഷാ വിഭാഗത്തില്‍ ഓസ്‌കര്‍ നേടിയിട്ടില്ല. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത മലയാള ചിത്രം കാടു പൂക്കുന്ന നേരവും മത്സരത്തിനുണ്ടായിരുന്നു.
https://www.facebook.com/Malayalivartha