തമിഴകം കീഴടക്കിയ വിജയ് സേതുപതിയുടെ കഴിഞ്ഞ കാലം
സ്വഭാവിക അഭിനയത്തിലൂടെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ നടനാണ് വിജയ് സേതുപതി. 15 കോടി മുതല്‍ 20 കോടി വരെ മുതല്‍മുടക്കുളള സിനിമയിലെ നായകനായും തമിഴ് യുവനിരയിലെ മുന്‍നിര താരമായും മാറിയ വിജയ് സേതുപതി ദക്ഷിണ തമിഴ്‌നാട്ടിലെ വിരുതനഗര്‍ ജില്ലയിലെ രാജപാളയത്താണ് ജനിച്ചുവളര്‍ന്നത്.
സിനിമയെക്കുറിച്ചുളള സേതുപതിയുടെ ആദ്യമെത്തുന്ന ഓര്‍മ്മ 16ാം വയസ്സിലേതാണ്. അതൊരു കയ്‌പേറിയ അനുഭവം കൂടിയാണ്. കമല്‍ഹാസന്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ചിത്രീകരണം കാണാന്‍ അന്ന് കൂട്ടുകാരോടൊപ്പം പോയി. കൂട്ടുകാരില്‍ കുറേ പേര്‍ക്ക് ആ സിനിമയില്‍ തല കാണിക്കാനുള്ള അവസരം കിട്ടി. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ ആളായതിനാല്‍ തനിക്ക് അവസരം കിട്ടിയില്ലെന്ന് വിജയ് സേതുപതി.
24 വയസ്സ് വരെ സിനിമയോട് വലിയ കമ്പം ഉണ്ടായിരുന്നില്ല. അതിജീവനമായിരുന്നു അന്ന് പ്രധാനം. സാമ്പത്തികമായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് സിനിമയിലേക്ക് വന്നത്. പത്ത് ലക്ഷം രൂപയുടെ ലോണ്‍ ഉണ്ടായിരുന്നു. അന്ന് വേറെ വഴി കണ്ടെത്താനാകാത്തതുകൊണ്ട് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാമെന്ന് വച്ചു. 25000 രൂപ വരെയാണ് സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. കുടുംബം പുലര്‍ത്താന്‍ അത് തികയാത്തതിനാല്‍ കോളേജ് സമയത്ത് മിക്കപ്പോഴും പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു.
കഠിനാധ്വാനി ആയതിനാല്‍ ജോലികള്‍ കിട്ടി. ഓഡിറ്റര്‍ക്ക് കീഴില്‍ അക്കൗണ്ടന്റ് ആയും ടെക്‌സ്‌റ്റൈല്‍സിലും ടെലഫോണ്‍ ബൂത്തിലുമൊക്കെ ജോലിയെടുത്തു. 3500 രൂപാ മാസവരുമാനമുള്ള സിമന്റ് ഡീലറുടെ ജോലിയാണ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യം കിട്ടിയത്. രാവിലെ 9 മുതല്‍ 7.30വരെ ഈ ജോലിയെടുത്തു. അതു കഴിഞ്ഞ് ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി ചെയ്തു. അച്ഛന്റെ വരുമാനം കുടുംബത്തിന് തികയുമായിരുന്നില്ല. കുറച്ചുകൂടി നല്ല ജോലി തേടി 2000ല്‍ ദുബായിയില്‍ എത്തി. 12000 രൂപയാണ് ശമ്പളം കിട്ടിയത്. ചെന്നൈയില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ജെസിയുമായി പ്രണത്തിലാവുന്നതും വിവാഹത്തിലെത്തിയതും ഈ കാലയളവിലാണ്.
https://www.facebook.com/Malayalivartha