രജനികാന്തിന്റെ വ്യത്യസ്ത സ്വഭാവങ്ങളെ കുറിച്ച് മകള്‍ ഐശ്വര്യ
സംവിധായിക എന്ന നിലയില്‍ ഏറെ പരിചയമുള്ള താരമാണ് ഐശ്വര്യ രജനികാന്ത്. രജനികാന്തിന്റെ മകള്‍, ധനുഷിന്റെ ഭാര്യ എന്നീ പേരുകള്‍ക്കുമപ്പുറം സ്വന്തമായ സ്ഥാനമുള്ള ഐശ്വര്യ. സംവിധായിക എന്ന നിലയില്‍ നിന്ന് എഴുത്തുകാരിയായതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ. 'സ്റ്റാന്റിങ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്' എന്ന ഐശ്വര്യയുടെ പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും ഐശ്വര്യ ഇതില്‍ മനസ്സ് തുറന്നിട്ടുണ്ട്. ജീവിതത്തില്‍ എന്നും സുഹൃത്തും, ഗുരുവും വഴിക്കാട്ടിയും, മാതൃക പുരുഷനുമെല്ലാം തന്റെ പിതാവായിരുന്നെന്ന് ഐശ്വര്യ എന്ന മകള്‍ പുസ്തകത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്ത സ്വഭാവങ്ങളെക്കുറിച്ചും പറയുന്നുണ്ട്.
ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഇരുണ്ട മുറിയിലിരുന്ന് ധ്യാനിക്കുന്ന പതിവുണ്ട് രജനിക്ക്. ഇരുട്ടിനെ ഭയപ്പെട്ടിരുന്ന കുട്ടിക്കലത്ത് ഇത് മനസ്സിലായില്ല. പിന്നീട് അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി. അതേക്കുറിച്ച് ഐശ്വര്യ ഇങ്ങനെയാണ് പറയുന്നത്. അപ്പ ഇരുട്ടിനെ ഏറെ സ്‌നേഹിച്ചിരുന്നു. ഷൂട്ടിങിനു ശേഷം പലപ്പോഴും രാത്രി ഏറെ വൈകിയാണ് അപ്പ വീട്ടിലെത്താറ്. കുളി കഴിഞ്ഞ ശേഷം ഇരുണ്ട പ്രകാശമുള്ള മുറിയില്‍ ഏറെ നേരം ചിലവഴിക്കും. നനുത്ത വെളിച്ചം മാത്രമേയുള്ളൂ എന്നതു മാത്രമല്ല ആ മുറിയുടെ നാലു ഭാഗത്തും കണ്ണാടി പതിപ്പിച്ചിരുന്നു. അതുകൊണ്ട് നിഴലുകളുടെ സമ്മേളനമായിരുന്നു ആ മുറി. വലുതായപ്പോള്‍ എനിക്ക് മനസ്സിലായി അപ്പ ധ്യാനിക്കുകയാണെന്ന്.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അപ്പ പറഞ്ഞു, എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ക്കായി ഞാന്‍ കൊതിച്ചു. ഏറെ കഷ്ടപ്പെട്ടു, കഠിനാധ്വാനം ചെയ്തു. ഒടുവില്‍ ഞാന്‍ എല്ലാം നേടി. പേര്, പ്രശസ്തി, ഭാഗ്യം എല്ലാം പക്ഷേ മുകളിലെത്തിയപ്പോള്‍ എനിക്ക് ശൂന്യത അനുഭവപ്പെട്ടു. ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവര്‍ വളരെ കുറച്ചേയുള്ളൂ. ഏറെ പേര്‍ക്കും അസൂയയാണ്. പലര്‍ക്കും അത് വന്ന് വന്ന് ദേഷ്യമായി. പലരും ഏറെ അകലം പാലിക്കുന്നു. എനിക്ക് ഒന്നിനും സമയമില്ല. കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ കുട്ടികള്‍ക്കോ എനിക്ക് വേണ്ടി പോലുമോ സമയം കിട്ടുന്നില്ല.
അതിനാല്‍ എല്ലാ ദിവസവും ഞാന്‍ ധ്യാനത്തിനായി ചിലവഴിക്കുന്നു. നടനെന്ന നിലയില്‍ ജീവിതം സ്‌പോട്ട് ലൈറ്റുകള്‍ക്ക് മുന്നിലാണ്. അത് ഏറെ പ്രകാശമേറിയതാണ്. അവ പലപ്പോഴും എന്റെ കണ്ണിനു തന്നെ ഹാനീകരമാണ്. അതു കൊണ്ട് കണ്ണിന് വിശ്രമം നല്‍കാനാണ് ഇരുട്ടു മുറിയിലിരിക്കുന്നത്. അവിടെ എന്നെ വിലയിരുത്താന്‍ നിരീക്ഷിക്കാന്‍ എന്നെ പിന്തുടരാന്‍ ഞാനല്ലാതെ മറ്റാരുമില്ല. എനിക്ക് എന്നെ തന്നെ കാണാനാവും. എന്റെ തെറ്റു കുറ്റങ്ങളെയും ആളുകള്‍ എന്നോട് ചെയ്തതിനെയുമൊക്കെ കാണാനാവും. ദൈവം നല്‍കിയ ദിവസം നന്നായി ഉപയോഗപ്പെടുത്തിയോ എന്ന് വിശകലനം ചെയ്യാനാവും എന്നായിരുന്നു രജനി പറഞ്ഞത്.
https://www.facebook.com/Malayalivartha