ആ ചോദ്യം... സിനിമയെയും സിനിമാക്കാരെയും വെറുത്ത ജയലളിതയെ സിനിമക്കാരിയാക്കി
സന്ധ്യ അഭിനയിച്ച കര്‍ണന്‍ എന്ന സിനിമയുടെ നൂറാം പ്രദര്‍ശന ദിവസം ഹോട്ടല്‍ വുഡ്‌ലാന്‍ഡ്‌സില്‍ ആഘോഷിക്കുകയാണ്. ജയലളിതയുടെ മെട്രിക്കുലേഷന്‍ പരീക്ഷ കഴിഞ്ഞ സമയം. കോളജില്‍ ചേരാന്‍ ഇനി രണ്ടു മാസമുണ്ട്. കൗമാരം വിടാത്ത ജയയെ സന്ധ്യ സാരിയുടുപ്പിച്ചാണന്ന് ആഘോഷത്തിനു കൂടെ കൂട്ടിയത്. ആ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ചോദിച്ചു: മാനത്തുനിന്നു പൊട്ടിവീണ മാരിവില്ലുപോലെ ഉള്ള ഈ സുന്ദരി ആര്? അന്നത്തെ പ്രധാന അതിഥി ബി.ആര്‍. പന്തലു എന്ന ഫിലിം പ്രൊഡ്യൂസറായിരുന്നു. പന്തലു സന്ധ്യയോടു പറഞ്ഞു: ''യൂ പ്ലീസ് സ്‌റ്റേ ബാക്ക്.''
''അടുത്തയാഴ്ച ഞാനൊരു കന്നട ഫിലിമിന്റെ വര്‍ക്ക് തുടങ്ങുന്നു. അതിലെ നായിക നിങ്ങളുടെ മകളായിരിക്കും.'' മകള്‍ സിനിമയില്‍ പ്രവേശിക്കരുതെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. തന്നെയുമല്ല കോളജില്‍ ചേരാന്‍ അവള്‍ കാത്തിരിക്കുകയായിരുന്നു. ''അത്..സര്‍, രണ്ടു മാസത്തിനകം അവളുടെ കോളജ് ക്ലാസ് തുടങ്ങും.'' ''ഡോണ്ട് വറി. രണ്ടുമാസം കൊണ്ട് ഷൂട്ടിങ് ഫിനിഷ് ചെയ്യും.''
സന്ധ്യ ചിന്താക്കുഴപ്പത്തിലായി. താന്‍ സമ്മതിച്ചാലും മകള്‍ സമ്മതിക്കുമോ? പക്ഷേ, അമ്മയെ അദ്ഭുതപ്പെടുത്തിക്കൊണ്ടു മകള്‍ പറഞ്ഞു: ''ഞാന്‍ റെഡി.'' പന്തലുവിന്റെ വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ ജയലളിത മൈസൂറിനു പോയി. കര്‍ണാടകയിലെ മാന്‍ഡിയം അയ്യങ്കാര്‍ സമുദായത്തിലെ അംഗമായിരുന്നു ജയലളിത. പക്ഷേ, ഒരു മാഗസിനില്‍ വന്ന അഭിമുഖത്തില്‍ ജയലളിത താന്‍ ഒരു തമിഴത്തിയാണെന്നും അമ്മ തമിഴ്‌നാട്ടിലെ ശ്രീരംഗത്തുകാരിയാണെന്നും പറഞ്ഞിരുന്നു. അതു കര്‍ണാടകക്കാരെ ക്ഷുഭിതരാക്കി.
ജയലളിത മാപ്പു പറയണമെന്നായി അവര്‍. അല്ലെങ്കില്‍ ബി.ആര്‍. പന്തലുവിന്റെ ചാമുണ്ഡി സ്റ്റുഡിയോയിലെ ഷൂട്ടിങ് കലക്കും. സിനിമാക്കാരെല്ലാം യാചിച്ചു മാപ്പുപറയാന്‍. അവള്‍ വഴങ്ങിയില്ല. കാരണം, ജയലളിതയുടെ കുടുംബം തമിഴ്‌നാട്ടിലെ ശ്രീരംഗത്തുനിന്നു വന്നവര്‍തന്നെയാണല്ലോ. ഷൂട്ടിങ് രംഗം കലുഷിതമായി. ആള്‍ക്കാര്‍ ക്യാമറ തല്ലിപ്പൊളിക്കുമെന്നായി. ജയലളിതയുടെ ആദ്യ ഫിലിം ഷൂട്ടിങ് അങ്ങനെ കലങ്ങിപ്പോയി. അതൊരു ദുശ്ശകുനം പോലെയായി. മൈസൂറില്‍ നിന്നു ജയ ചെന്നൈയിലേക്കു മടങ്ങി.
ആ സമയത്താണ് എജ്യൂക്കേഷന്‍ മിനിസ്ട്രിയില്‍ നിന്നു മെട്രിക്കുലേഷന്‍ പരീക്ഷയില്‍ നേടിയ ഉന്നത വിജയം കണക്കിലെടുത്ത് തുടര്‍ന്നുള്ള പഠനത്തിനു സ്‌കോളര്‍ഷിപ് വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തു കിട്ടുന്നത്. പഠനം തുടരാന്‍ ജയലളിത തീരുമാനിച്ചു. പക്ഷേ, ശ്രീധറിന്റെ ചിത്രത്തില്‍ നായികയാകാനുള്ള ഓഫര്‍ താമസിയാതെ എത്തി. ശ്രീധറിനെപ്പോലുള്ള മുന്‍നിര സംവിധായകരുടെ നായികാവേഷം അന്നത്തെ നടികളുടെ ജന്മാഭിലാഷമായിരുന്നു.
സന്ധ്യ മകളെ അതുപറഞ്ഞാണു നിര്‍ബന്ധിച്ചത്. ജയലളിത സമ്മതിച്ചില്ല. അവള്‍ കരഞ്ഞുനോക്കി. ഒടുവില്‍ സന്ധ്യ ചോദിച്ചു: ''ഇക്കാണുന്ന സമ്പത്തും ഐശ്വര്യവും പ്രശസ്തിയുമൊക്കെ ഒരു ഐഎഎസുകാരിയുടെ തുക്കടാ ശമ്പളത്തില്‍നിന്നുണ്ടായതാണോ? ഏതൊരു മിടുക്കിക്കും കഷ്ടപ്പെട്ടിരുന്നു പഠിച്ചാല്‍ ഒരു ഐഎഎസുകാരിയാകാം. പക്ഷേ, എല്ലാവര്‍ക്കും ഒരു ജയലളിതയാകാന്‍ പറ്റുമോ മോളേ?'' സന്ധ്യയുടെ ആ ചോദ്യം ജയലളിതയുടെ മനസ്സില്‍ ശരിക്കു കൊണ്ടു.
ശ്രീധറിന്റെ സിനിമ തീരും മുന്‍പേ, ബി.ആര്‍. പന്തലുവിന്റെ 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രത്തിന്റെ കരാറായി. അതിലെ നായകന്‍ താരദൈവമായ എംജിആര്‍ ആയിരുന്നു. പതിനാറുകാരിയായ ജയലളിത തന്നെക്കാള്‍ മുപ്പത്തഞ്ചു വയസ്സു മൂപ്പുള്ള നായകനുമായി അഭിനയിച്ചു തകര്‍ത്തു. ഷൂട്ടിങ് ഫ്‌ലോറില്‍ എംജിആര്‍ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പന്തലു വിനയപൂര്‍വം വന്നു പറഞ്ഞു.
''സാറിന്റെ നായിക തൊട്ടടുത്ത ഫ്‌ലോറിലുണ്ട്, ഒന്നു പരിചയപ്പെടാം.'' ആളെ കണ്ടപ്പോള്‍ എംജിആര്‍ അമ്പരന്നു പോയി. അന്‍പത്തൊന്നുകാരനായ തന്റെ നായിക ഒരു സ്‌കൂള്‍ കുട്ടിയോ? ആയിരത്തില്‍ ഒരുവനിലെ ആദ്യരംഗം ഷൂട്ട് ചെയ്തപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത ജയ വല്ലാതെ പരിഭ്രാന്തയായിപ്പോയി. അവരെ സാധാരണ നിലയിലാക്കാന്‍ എംജിആറിനു നന്നേ പണിപ്പെടേണ്ടിവന്നു. പക്ഷേ, അടുത്ത ദിവസം സെറ്റിലുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കാലിന്‍മേല്‍ കാല്‍ കയറ്റിവച്ചു പുസ്തകം വായിച്ചിരിക്കുന്ന ജയലളിതയെയാണു മറ്റുള്ളവര്‍ കണ്ടത്. മുതിര്‍ന്ന താരങ്ങളെപോലും അവള്‍ പിന്നെ മൈന്‍ഡ് ചെയ്തിട്ടില്ല. തന്റെ പ്രാധാന്യം അംഗീകരിക്കപ്പെടണമെന്നു നിര്‍ബന്ധമുള്ളയാളാണു പന്തലു. ജയലളിതയുടെ ഈ പെരുമാറ്റം അയാളില്‍ നീരസമുണ്ടാക്കി. അതറിഞ്ഞു സന്ധ്യ പറഞ്ഞു:
''മോളേ, നിന്റെ അച്ഛന്റെ പ്രായമില്ലേ പന്തലു സാറിന്. അദ്ദേഹത്തെ ബഹുമാനിക്കണം.'' ജയലളിത മുഖത്തടിച്ച മാതിരി പറഞ്ഞു: ''എനിക്കിത്രയേ പറ്റൂ.'' അമ്മയുമായി ഈവക കാര്യങ്ങളില്‍ വഴക്കുണ്ടാക്കുക ജയയുടെ സ്ഥിരം പതിവായിരുന്നു. ക്രമേണ സിനിമാരംഗത്തെ അലിഖിത നിയമങ്ങളെക്കുറിച്ചു ജയ പഠിച്ചു. മുതിര്‍ന്നവരെ ബഹുമാനിക്കാനും സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിക്കാനും, സെറ്റില്‍ ശബ്ദമുണ്ടാക്കാതിരിക്കാനും തുടങ്ങി, പിന്നെ ജയ മേക്കപ്പ് കഴിഞ്ഞ് ഒരു മൂലയില്‍ പോയി പുസ്തകം വായിച്ചിരിക്കാന്‍ തുടങ്ങി.
ആയിരത്തില്‍ ഒരുവന്റെ ഷൂട്ടിങ് വേളയില്‍ തമിഴ്‌നാട്ടിലുടനീളം ഹിന്ദി വിരുദ്ധ പ്രക്ഷോഭം കത്തിക്കയറുകയായിരുന്നു. ഹിന്ദി ഒഴിക എന്ന മുദ്രാവാക്യം നാടെങ്ങും അലയടിക്കുന്ന സമയം. ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ജനം കത്തിച്ചു. ഹിന്ദി നടന്മാരുടെ ഫ്‌ലക്‌സുകള്‍ കീറി. ഹിന്ദി വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയത് ഡിഎംകെ എന്ന രാഷ്ട്രീയ കക്ഷിയായിരുന്നു. ആ കക്ഷിയുടെ പ്രധാന നായകനായിരുന്നു എംജിആര്‍.
ആ സ്ഥിതിക്ക് എംജിആര്‍ ഷൂട്ടിങ് നിര്‍ത്തിവച്ചു സമരത്തില്‍ പങ്കെടുക്കേണ്ടതായി വന്നു. ഷൂട്ടിങ് നിര്‍ത്തിവച്ചാലുണ്ടാകാവുന്ന വന്‍ സാമ്പത്തികനഷ്ടം കണക്കിലെടുത്ത് അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് സി. എന്‍. അണ്ണാദുരൈ ഷൂട്ടിങ് തുടരാന്‍ അനുമതി നല്‍കി. കര്‍ണാടകയിലെ കാര്‍മാര്‍ എന്ന സ്ഥലത്ത് ആയിരത്തില്‍ ഒരുവന്റെ ബാക്കി ഭാഗം പൂര്‍ത്തിയാക്കി. ഒരു ചെറിയ ദ്വീപായിരുന്നു കാര്‍മാര്‍. അവിടേക്കെത്താന്‍ ബോട്ട് വേണം.
ഒരു ദിവസം കരയിലെ ആര്‍ട്ടിസ്റ്റിനെ കയറ്റാന്‍ ബോട്ട് വന്നില്ല. യൂണിറ്റ് ഷോട്ട് റെഡിയായി കാത്തിരിപ്പാണ്. അപ്പോഴുണ്ട് സെറ്റിലുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരാള്‍ കട്ടമരത്തില്‍ തുഴഞ്ഞ് ദ്വീപിലേക്കു വരുന്നു. അതു ജയലളിതയായിരുന്നു!
ആയിരത്തില്‍ ഒരുവന്‍ ഒരു ഗമണ്ടന്‍ വിജയമായി. അതിന്റെ റിലീസോടെ തമിഴ് സിനിമയില്‍ ഒരു താരജോടി ഉദയം ചെയ്തു. എംജിആറും ജയലളിതയും തമ്മിലുള്ള ബന്ധം തിരശ്ശീലയ്ക്കു പുറത്തേക്കു വളര്‍ന്നു. പലര്‍ക്കും അതു രസിച്ചില്ല. ഫിലിം പ്രൊഡ്യൂസറും രാഷ്ട്രീയ നേതാവുമായിരുന്നു ആര്‍.എം. വീരപ്പന്‍ അത് എതിര്‍ത്തു. ആ എതിര്‍പ്പ് ആരും പിന്നീടു കാര്യമാക്കിയില്ല.
ഇത്ര ശക്തിയും ചൈതന്യവുമുള്ള മറ്റൊരു ഗ്രഹനില കണ്ടിട്ടില്ലെന്നാണു ജയലളിതയുടെ ജാതകം പരിശോധിച്ച പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ പറയുന്നത്. അടിയുറച്ച ശ്രീകൃഷ്ണ ഭക്തയായിരുന്നു അവര്‍. ഗുരുവായൂര്‍ അമ്പലത്തില്‍ അവര്‍ നടയ്ക്കു വച്ച കൃഷ്ണ എന്ന ആന ഇന്ന് അമ്പലത്തിലെ ആനകള്‍ക്കിടയിലൊരു താരമാണ്.
https://www.facebook.com/Malayalivartha