അത് ചെയ്യരുതെന്ന് പലരും പറഞ്ഞു, ചെയ്തില്ലായിരുന്നെങ്കില്‍ നഷ്ടമായിപ്പോയേനെ എന്ന് നസ്റിയ
ബാലതാരമായി സിനിമാ ലോകത്തെത്തിയ നസ്റിയ നസീം ചുരുങ്ങിയ കാലത്തിനുള്ളിലാണ് മലയാളം - തമിഴ് സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴിലും മലയാളത്തിലുമായി വെറും ഒന്‍പത് സിനിമകളാണ് നസ്റിയ ചെയ്തത്. എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രാജാറാണി എന്ന ചിത്രമാണ് നസ്റിയയെ തമിഴിന് പ്രിയപ്പെട്ടവളാക്കിയത്. എന്നാല്‍ ആ ചിത്രം ചെയ്യരുത് എന്ന് പലരും തന്നോട് പറഞ്ഞിരുന്നു എന്ന് നസ്റിയ വെളിപ്പെടുത്തി.
ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ ശിഷ്യനായ അറ്റ്ലി കുമാറിന്റെ ആദ്യം സംവിധാന സംരംഭമായിരുന്നു രാജാറാണി എന്ന ചിത്രം. നസ്റിയ നസീം, ആര്യ, നയന്‍താര, ജയ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വ്യത്യസ്തമായ പ്രണകഥകളെ കുറിച്ച് പറഞ്ഞ ചിത്രം മികച്ച വിജയമായി. എന്നാല്‍ ആ സിനിമ ചെയ്യരുത് എന്ന് പലരും തന്നോട് പറഞ്ഞിരുന്നു എന്ന് നസ്റിയ പറയുന്നു. രണ്ട് നായികമാരുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രാധാന്യം ലഭിയ്ക്കില്ല, തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്.
എല്ലാവരുടെയും അഭിപ്രായമൊക്കെ കേട്ടു കഴിഞ്ഞപ്പോഴാണ് ഞാന്‍ കഥ കേട്ടത്. കീര്‍ത്തന എന്ന കഥാപാത്രത്തെ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ഒരിക്കലും ഒരു നായികയും നായകനും മാത്രമല്ല സിനിമയുടെ വിജയം. എന്നെ സംബന്ധിച്ച് കഥയില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രമാണ് കീര്‍ത്തന. രാജറാണി എന്ന ചിത്രം കണ്ട് കഴിഞ്ഞാലും പ്രേക്ഷകര്‍ കീര്‍ത്തന എന്ന കഥാപാത്രത്തെ മറക്കില്ല. അതാണ് ആ കഥാപാത്രത്തിന്റെ വിജയവും. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ആ സിനിമ വേണ്ടെന്നു വച്ചിരുന്നെങ്കില്‍ വലിയ നഷ്ടമായിപ്പോയേനെ എന്ന് നസ്റിയ പറഞ്ഞു.
നേരം എന്ന ദ്വിഭാഷ ചിത്രം മാറ്റി നിര്‍ത്തിയാന്‍ നസ്റിയയുടെ ആദ്യ തമിഴ് ചിത്രമാണ് രാജാ റാണി. ചിത്രത്തിലെ കീര്‍ത്തന എന്ന കഥാപാത്രമാണ് നടിയെ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത്. അഭിനയത്തിന് നടിയ്ക്ക് തമിഴകത്തിന്റെ പ്രശംസയും ലഭിച്ചു.
രാജാറാണിയ്ക്ക് ശേഷം ധനുഷിനൊപ്പം നയ്യാണ്ടി എന്ന ചിത്രം ചെയ്തുവെങ്കിലും സിനിമ പരാജയപ്പെട്ടു. തുടര്‍ന്ന് വായ്മൂടി പേസുവോം എന്ന ദ്വിഭാഷ ചിത്രം ചെയ്തു. ജയ്ക്കൊപ്പം അഭിനയിച്ച തിരുമണം എന്നും നിക്കാഹാണ് നസ്റിയ വിവാഹത്തിന് മുന്‍പ് അഭിനയിച്ച ഒടുവിലത്തെ ചിത്രം.
https://www.facebook.com/Malayalivartha