ധനുഷ് കോടതിയിലെത്തി മറുകുകള്‍ കാട്ടി തെളിവു നല്‍കി; ധനുഷില്‍നിന്ന് മാസം തോറും 65000 രൂപ ചെലവിനു കിട്ടണമെന്ന് മധുര സ്വദേശികളായ ദമ്പതികള്‍
തമിഴ് നടന്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുമ്പാകെ ഹാജരായി ശരീരത്തിലെ മറുകുകള്‍ കോടതിയെ ബോധ്യപ്പെടുത്തി. ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ വൃദ്ധദമ്പതികളുടെ ഹര്‍ജിയിലാണ് തെളിവു നല്‍കാന്‍ ധനുഷ് കോടതിയില്‍ എത്തിയത്. ഹര്‍ജിയില്‍ ധനുഷ് സമര്‍പ്പിച്ച സ്‌കൂള്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ മറുകുകളുടെ കാര്യം പൂരിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
മാതാവ് വിജയ ലക്ഷ്മിക്കൊപ്പമാണ് ധനുഷ് കോടതിയിലെത്തിയത്. മധുര സ്വദേശികളായ ആര്‍ കതിരേശന്‍, കെ മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയത്. മധുര രാജാജി ആശുപത്രിയിലായിരുന്നു ധനുഷിന്റെ ജനനമെന്ന് അവകാശപ്പെടുന്ന ഇവര്‍ അന്ന് ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയ മറുകുകളുടെ വിശദാംശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ആശുപത്രി രേഖകളും ധനുഷിന്റെ അടയാള പരിശോധനയും പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഡോക്ടറുടെ സ്ഥിരീകരണത്തിനായി വിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വിചാരണ തുടരും. മേലൂരിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടക്കുന്നത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ഒരു ഘട്ടത്തില്‍ ധനുഷ് പഠിച്ചിരുന്ന സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റെന്ന് അവകാശപ്പെട്ടുള്ള രേഖ കതിരേശനും മീനാക്ഷിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തന്റെ സ്‌കൂള്‍ രേഖകളില്‍ മറുകുകള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നു കാട്ടി ധനുഷ് കൗണ്ടര്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടനെ വിളിച്ചുവരുത്തി പരിശോധന നടത്തിയത്.
കാളികേശവന്‍ എന്നാണ് ധനുഷിന്റെ പേരെന്നാണ് കതിരേശന്റെയും മീനാക്ഷിയുടെ അവകാശവാദം. പട്ടികജാതിക്കാരനാണ് ധനുഷെന്നും ഇവര്‍ സമര്‍പ്പിച്ചിരിക്കുന്ന സ്‌കൂള്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍നിന്ന് ഒളിച്ചോടി ധനുഷ് ചെന്നൈയില്‍ പോവുകയായിരുന്നെന്നാണ് ഇവരുടെ അവകാശവാദം. സംവിധായകനും നിര്‍മാതാവുമായ കസ്തൂരിരാജയും വിജയ ലക്ഷ്മിയുമാണ് ധനുഷിന്റെ മാതാപിതാക്കള്‍ എന്ന വാദമാണ് കതിരേശനും മീനാക്ഷിയും തള്ളുന്നത്. ധനുഷിന്റെ ജൈവശാസ്ത്രപരമായ മാതാപിതാക്കളെന്ന നിലയില്‍ പ്രതിമാസം 65000 രൂപ ചെലവിനു കിട്ടാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് കതിരേശന്റെയും മീനാക്ഷിയുടെ ഭാഗം
https://www.facebook.com/Malayalivartha