'ധനുഷ് ഞങ്ങളുടെ മകന്‍' കേസ് അവസാന വിധിയിലേയ്ക്ക്...
നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള പരാതിയിലുള്ള കീഴ്‌ക്കോടതി നടപടികള്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് വീണ്ടും ഈ മാസം ഒന്‍പതിനു പരിഗണിക്കും. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നാണ് പുതിയ വാദം. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും കോടതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
തിരിച്ചറിയല്‍ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുമ്പില്‍ ഹാജരായിരുന്നു. മധുര മെഡിക്കല്‍ കോളജ് ആശുപത്രി ഡീന്‍ ഉള്‍പ്പെടെ രണ്ടു ഡോക്ടര്‍മാരാണു അടയാള പരിശോധന നടത്തിയത്. അതിനിടെയാണ്, കീഴ്‌ക്കോടതി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അനുവദിച്ച കോടതി, ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ കേസിലെ നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് സ്‌റ്റേ അനുവദിക്കുകയായിരുന്നു.
2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബഌക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവര്‍ പറയുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി സിനിമയില്‍ സജീവമായതോടെ ഉപേക്ഷിച്ചെന്നും പറയുന്നു. ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. കൂടാതെ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അധ്യാപകരും തെളിവുമായി തങ്ങളെ സഹായിക്കാന്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.
https://www.facebook.com/Malayalivartha