ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച പരാതി കൂടുതല്‍ സങ്കീര്‍ണമാകുന്നു
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ താന്‍ സന്നദ്ധനല്ലെന്ന് കോടതിയില്‍ ധനുഷ് വ്യക്തമാക്കി. ഒന്നും ഒളിക്കാനല്ലെന്നും പക്ഷേ തന്റെ ആത്മാര്‍ത്ഥതയെയും സ്വകാര്യതയെയും ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ധനുഷ് പറഞ്ഞു.
ഇതുപോലൊരു ബാലിശമായ കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും ധനുഷ് ജസ്റ്റിസ് പി എന്‍ പ്രകാശിന്റെ മുന്നില്‍ വ്യക്തമാക്കി. എന്നാല്‍ 65,000 രൂപപ്രതിമാസം ചെലവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് ധനുഷ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകളില്‍ പറഞ്ഞിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.
തന്റെ അധികാര പരിധിക്കു പുറത്തു വരുന്നതിനാല്‍ ഡിഎന്‍എ ടെസ്റ്റിന്റെ കാര്യത്തില്‍ വിധി പറയില്ലന്നും. ഡിഎന്‍എ ടെസ്റ്റിനു തയാറാകാത്തതില്‍ നിന്നു എന്തെങ്കിലും അവിഹിതമായത് ഊഹിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ താരത്തെ ഏതെങ്കിലും കീഴ്‌കോടതിയില്‍വെച്ച് സാക്ഷിവിസ്താരം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിക്ക് ഉത്തരം നല്‍കാന്‍ ബാദ്ധ്യസ്ഥനാണു താന്‍ എന്നും ജഡ്ജി പി എന്‍ പ്രകാശ് പറഞ്ഞു.
മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നാണ് വാദം. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും കോടതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്. നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയല ക്ഷ്മിയുടെയും മകനാണ് ധനുഷ്.
2002 ല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല.
ലേസര്‍ ടെക്‌നിക്ക് വഴി മറുകു മായിച്ചു കളയാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. അവിടെയും ധനുഷിന് അനുകൂലമായിരുന്നു വിധി.
ധനുഷിന്റെ ഇടത് തോളില്‍ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. ടോര്‍ച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകല്‍വെളിച്ചത്തിലും ശരീരം പരിശോധിച്ചു. എന്നിട്ടും അടയാളങ്ങള്‍ കണ്ടെത്താനായില്ല.
കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു.ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും മധുരയിലാണ് ധനുഷ് ജനിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവര്‍ പറയുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി സിനിമയില്‍ സജീവമായതോടെ ഉപേക്ഷിച്ചെന്നും പറയുന്നു.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. കൂടാതെ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അധ്യാപകരും തെളിവുമായി തങ്ങളെ സഹായിക്കാന്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു.
എന്നാല്‍ ബഌക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha