ഒടുവില്‍ കട്ടപ്പ മുട്ടുമടക്കി, ആ പരാമര്‍ശത്തിന് ഒടുവില്‍ മാപ്പ്
എല്ലാം എന്റെ തെറ്റ്. 'ബാഹുബലി 2'വിന്റെ കര്‍ണാടക റിലീസ് പ്രതിസന്ധിയിലാഴ്ത്തിയ വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ സത്യരാജ്. കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകത്തിനെതിരേ നടത്തിയ പരാമര്‍ശത്തിലാണ് സത്യരാജ് ഖേദം പ്രകടപ്പിച്ചത്. ബാഹുബലിയില്‍ കട്ടപ്പയായി വേഷമിട്ട സത്യരാജ് കര്‍ണാടകയിലെ ജനങ്ങളെ ആക്ഷേപിച്ചുവെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലിയുടെ രണ്ടാം ഭാഗം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് നടന്‍ രംഗത്തെത്തിയത്.
കാവേരി വിഷയത്തില്‍ ഞാന്‍ നടത്തിയ പ്രസ്താവന ചിലരെ വേദനിപ്പിച്ചുവെന്നറിയാന്‍ കഴിഞ്ഞു. ഞാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കെതിരല്ല. ബാഹുബലിയിലെ നിരവധി താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒന്‍പത് വര്‍ഷം മുന്‍പുള്ള എന്റെ പരാമര്‍ശം മൊത്തത്തില്‍ ആ സിനിമയെ ബാധിക്കുന്നത് വേദനാ ജനകമാണ്. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ മുപ്പതോളം ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അതില്‍ ഒരുപാട് ചിത്രങ്ങള്‍ ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്. കന്നട സിനിമകളിലും എന്നെ അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ തിരക്ക് മൂലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഞാന്‍ ഒരാള്‍ കാരണം ബാഹുബലി പ്രതിസന്ധിയിലാകരുത്. എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു സത്യരാജ് പറഞ്ഞു.
ബാഹുബലിയുടെ കര്‍ണാടക റിലീസ് പ്രതിസന്ധി ശക്തമായത്തോടെ അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ എസ്.എസ്.രാജമൗലി കഴിഞ്ഞ ദിവസം രംഗത്തേത്തിയിരുന്നു. സത്യരാജ് നടത്തിയ പ്രസ്താവനയില്‍ തങ്ങള്‍ക്കോ ചിത്രത്തിനോ യാതൊരു രീതിയിലുള്ള ബന്ധവുമില്ലെന്നും ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍സിനിമയെ ആക്രമിക്കുന്നത് അന്യായമാണെന്ന് രാജമൗലി പറഞ്ഞിരുന്നു.
കാവേരി നദീജല വിഷയത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍ നടന്നൊരു പ്രതിഷേധസമരത്തില്‍ സത്യരാജ് കര്‍ണാടകത്തിനെതിരെയും സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വടല്‍ നടരാജിനെതിരെയും സംസാരിച്ചുവെന്നാണ് ബാഹുബലിക്കെതിരെയുള്ള പ്രതിഷേധത്തില്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ വിഷയം. ബാഹുബലിയുടെ ഒന്നാം ഭാഗം നാല്‍പതു കോടി രൂപയാണ് ബെംഗളുരുവില്‍ നിന്നു നേടിയത്. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ദിവസമായ 28ന് കന്നഡ സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സത്യരാജ് മാപ്പ് പറയണമെന്നും അതിന് തയ്യാറാവാത്തപക്ഷം ബാഹുബലി2 കര്‍ണാടകയില്‍ റിലീസിന് അനുവദിക്കില്ലെന്നുമാണ് വടല്‍ നാഗരാജ് ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി.
https://www.facebook.com/Malayalivartha