പ്രേക്ഷകരുടെ ആകാംഷയെ മുതലെടുക്കാന്‍ തീയേറ്ററുടമകള്‍;ബാഹുബലി ടിക്കറ്റിന് എങ്ങുമില്ലാത്ത കൊള്ളവില!
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഇറങ്ങുന്ന ബാഹുബലി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദ്യ രണ്ട് ദിനങ്ങളിലെ ടിക്കറ്റ് ഇപ്പോള്‍ തന്നെ വിറ്റ് തീര്‍ന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ തിരക്കിനെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് നഗരങ്ങളിലെ മള്‍ട്ടി പ്ലക്‌സുകള്‍. ഭീമമായ തുക ടിക്കറ്റ് ഇനത്തില്‍ പ്രേക്ഷകരില്‍ നിന്നും ഈടാക്കാനാണ് നീക്കം. ദില്ലിയിലും ബാംഗ്ലൂരിലും സാധാരണയില്‍ നിന്നും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി പി.വി.ആര്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ടിക്കറ്റുകള്‍ വില്‍പന നടത്തുന്നത് ടിക്കറ്റ് ഒന്നിന് രണ്ടായിരം രൂപ വിലയിട്ടാണ്. സാധാരണ ടിക്കറ്റിന് 1800 രൂപയും പ്ലാറ്റിനം ക്ലാസ് ടിക്കറ്റിന് 2000 രൂപയുമാണ് നിരക്ക്.ബാഹുബലി പ്രദര്‍ശനം ആശങ്കയിലായിരുന്ന കര്‍ണാകത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനം ആയെങ്കിലും പ്രേക്ഷകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവൊന്നും ഇല്ല. 200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ചില സ്ഥലങ്ങളില്‍ 600 രൂപ വരെ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചെന്നൈ, ഹൈദ്രാബാദ് തുടങ്ങിയ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെ ഈടാക്കിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കാന്‍ കാരണം സിനിമയുടെ ജനപ്രീതിയാണ്. സിനിമ കാണുന്നതിനുള്ള പ്രേക്ഷകരുടെ ആഗ്രഹത്തെ മുതലെടുക്കുന്നതിനുള്ള ശ്രമമാണ് തിയറ്റര്‍ ഉടമകളില്‍ നിന്നും ഉണ്ടാകുന്നത്.
പോപ് കോണ്‍, സ്‌നാക്‌സ്, കൂള്‍ ഡ്രിംഗ്‌സ് എന്നിവയ്ക്കും കൂടുതല്‍ തുക ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ മള്‍ട്ടി പ്ലക്‌സുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞു. 70 രൂപ മുതല്‍ 100 രൂപ വരെയാണ് പോപ് കോണിന് ഈടാക്കുക. ബംഗളൂരുവിലെ കണക്കാണിത്. ടിക്കറ്റ് ചാര്‍ജിന് ആനുപാതികമായി മറ്റ് നഗരങ്ങളിലും ഇവ ഉയരുമെന്നാണ് കണക്കാക്കുന്നത്.
ബാഹുബലി പ്രേക്ഷകരില്‍ സൃഷ്ടിച്ച് ആകാംഷയെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് തിയറ്റര്‍ അധികൃതരില്‍ നിന്നും ഉണ്ടാകുന്നത്. അത്രമാത്രം പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നു. ആദ്യ മൂന്ന് ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ റിലീസ് മുന്നേ വിറ്റ് തീര്‍ന്നിരിക്കുന്നു.ബാഹുബലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ ഉയരുന്ന ആദ്യ ചോദ്യം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ്. ബാഹുബലിയുടെ മരണം മാത്രമല്ല. മറ്റ് പല ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് ഒന്നാം ഭാഗം അവസാനിച്ചത്. ഒന്നാം ഭാഗം വന്‍ ഹിറ്റായിരുന്നു.
ലോകത്താകമാനം 9000 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് റെക്കോര്‍ഡാണ്. അതുകൊണ്ടുതന്നെ മികച്ച ആദ്യ ദിന കളക്ഷന്‍ നേടാന്‍ ചിത്രത്തിനാകും. കേരളത്തില്‍ പോലും രാവിലെ 5.30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
https://www.facebook.com/Malayalivartha