ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് പറഞ്ഞു; രമ്യ കൃഷ്ണന്‍
അഞ്ചുഭാഷകള്‍, മുപ്പത് വര്‍ഷങ്ങള്‍, ഇരുന്നൂറു സിനിമ. കരിയറിലെ നേട്ടങ്ങളിലേക്കു രമ്യ കാര്യമായി നോക്കാറില്ല. മനസ്സ് പറയുന്ന വഴിയേയാണ് എന്നും രമ്യ കൃഷ്ണന്റെ യാത്രകള്‍. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ റോളിന്റെ വലുപ്പമൊന്നും ചിന്തിക്കില്ല. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. പിന്നീട് ബാഹുബലിയിലൂടെ ശിവഗാമി എന്ന മറ്റൊരു മികച്ച കഥാപാത്രത്തെക്കൂടി സമ്മാനിച്ചിരിക്കുന്നു.
കരിയറില്‍ വഴിത്തിരവായ കഥാപാത്രമാണ് നീലാംബരി. എന്നാല്‍ ഈ കഥാപാത്രത്തെ പേടിച്ചാണ് അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ കൃഷ്ണന്‍ പറയുന്നു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതായിരുന്നു രമ്യയുടെ ടെന്‍ഷന്‍.
നീലാംബരിയുടെ വേഷം അഭിനയിച്ചുകഴിഞ്ഞപ്പോള്‍ സന്തോഷമല്ല ഭയമായിരുന്നു മനസ്സിലെന്ന് രമ്യ പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും അവര്‍ പറയുമായിരുന്നു. കാരണം ചിത്രത്തില്‍ അവര്‍ ആരാധിക്കുന്ന വലിയ താരത്തെയാണ് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്.
ആ നാളുകളില്‍ എന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടിരുന്നെന്ന് രമ്യ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷം രമ്യയുടെ സഹോദരി സിനിമ കാണാന്‍ തിയേറ്ററില്‍ പോയിരുന്നു. രമ്യ കൃഷ്ണന്റെ മുഖം വരുന്ന സമയം ആളുകള്‍ തിയേറ്ററുകളില്‍ ചെരുപ്പൂരി എറിയുന്നതാണ് കാണാന്‍ കഴിഞ്ഞത്.പടയപ്പ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് രമ്യ കൃഷ്ണന്‍ പറഞ്ഞു. ആളുകള്‍ തന്നെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയെന്നും അപ്പോഴാണ് പകുതി ആശ്വാസമായതെന്നും രമ്യ പറയുന്നു.
തന്റെ സിനിമാ കരിയറില്‍ ഏറ്റവുംമികച്ച അഞ്ചുവേഷങ്ങളില്‍ ഒന്നാം സ്ഥാനം കൊടുക്കുക ശിവഗാമിക്കാണെന്ന് രമ്യ പറഞ്ഞു. നീലാംബരിയും ശിവഗാമിയും ഒപ്പത്തിനൊപ്പം നില്‍ക്കുമെങ്കിലും കൂടുതല്‍ ഇഷ്ടം ശിവഗാമിയോടാണെന്ന് രമ്യ പറയുന്നു.
'ബാഹുബലിയിലേക്ക് വിളിക്കുമ്പോള്‍ ഇത് ഇത്ര വലിയൊരു കാന്‍വാസിലൊരുങ്ങുന്ന സിനിമയായിരുന്നെന്ന് അറിയില്ലായിരുന്നു. മാത്രമല്ല ആദ്യ ഭാഗം പുറത്തിയപ്പോള്‍ വലിയൊരു വിജയമാകുമെന്ന് രാജമൗലി പോലും സ്വപ്നം കണ്ടിരുന്നില്ല. കൂട്ടായ്മയുടെ വിജയമാണ് സിനിമയുടേത്. ഞാനും ഇതുപോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്വപ്നം കണ്ടിരുന്നില്ല.'രമ്യ കൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha