ബോളീവുഡ് കഥകളെവെല്ലും സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ ജീവിതകഥ...
ഭൂമികുലുക്കി ഇലകള്‍ പറത്തി രജനിയുടെ കാലുകള്‍ സ്‌ക്രീനില്‍ പറന്ന് എത്തുമ്പോള്‍ തന്നെ തിയറ്റര്‍ ഒന്നടങ്കം പ്രാര്‍ഥനയിലാകും. സിനിമ തുടങ്ങി പഞ്ച്ഡയലോഗുകളും ഇടിവെട്ട് ഇടികളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അതിനനുസരിച്ച് ആര്‍പ്പുവിളികള്‍ മുഴങ്ങും, തലൈവര്‍ കരയുമ്പോള്‍ പ്രേക്ഷകരും ഒപ്പം കരയും. ഈ കരച്ചിലും കൈയ്യടികളും രജനികാന്ത് നേടിയെടുത്തത് അനായാസമായിട്ടല്ല.
ബോളീവുഡ് സിനിമകളെവെല്ലും രജനികാന്തിന്റെ യഥാര്‍ഥ ജീവിതം. കൊടുംപട്ടിണിയുടെ ബാല്യം, ജീവിക്കാന്‍ കൂലിയായി മാറിയ യൗവനം, ബാംഗ്ലൂരിലെ മറാത്ത കുടുംബത്തില്‍ ജനിച്ച ശിവാജിറാവുവിന്റെ സിനിമയ്ക്ക് മുമ്പുള്ള ജീവിതം വര്‍ണ്ണശബളമേ അല്ല. ജീവതത്തിന്റെ ഞെരിപ്പോടില്‍ കലയെ സ്ഫുടം ചെയ്‌തെടുത്ത് നാടകത്തിലൂടെ തുടക്കം. ഏവര്‍ക്കും അറിവുള്ളതുപോലെ കണ്ടക്ടറായിട്ടാണ് രജനി ജീവിതം തുടങ്ങുന്നത്,
രാവിലെ ജോലിയും രാത്രിയില്‍ നാടകവും അതായിരുന്നു രീതി. തൊപ്പി മുനിയപ്പയാണ് നാടകത്തിലഭിനയിക്കാന്‍ അവസരം നല്‍കുന്നത്. മിക്കതും പുരാണകഥകള്‍, അതില്‍ രജനിക്ക് കിട്ടിയതാകട്ടെ വില്ലന്‍വേഷങ്ങളും. മഹാഭാരതമാണ് കഥയെങ്കില്‍ ദുര്യോധനന്‍ രജനിയായിരിക്കും. പക്ഷെ ദുര്യോധനനെ അവതരിപ്പിക്കുമ്പോഴും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു. ദ്രൗപദീ വസ്ത്രാക്ഷേപം നടത്തുന്ന രജനിയുടെ സ്‌റ്റൈല്‍ കണ്ട് കാണികള്‍ കൈയ്യടിച്ചിട്ടുണ്ട്. വസ്ത്രാക്ഷേപത്തിന് കൈയ്യടിനേടുന്ന ആദ്യത്തെ ദുര്യോധനനും ശിവാജിറാവു എന്ന രജനികാന്താണ്.
ഈ സമയത്തു തന്നെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാര്‍ട്ട്‌ടൈമായി പഠിക്കാനും ചേര്‍ന്നു. അവിടെ വെച്ചാണ് കെ.ബാലചന്ദറിനെ കാണുന്നതും അദ്ദേഹം സിനിമയിലേക്ക് ശിവാജിറാവുവിനെ ക്ഷണിക്കുന്നതും. ബാലചന്ദറിന്റെ നിര്‍ദേശപ്രകാരമാണ് തമിഴ് അറിയാത്ത ശിവാജിറാവു തമിഴ് പഠിക്കുന്നത്. അപൂര്‍വരാഗങ്ങളിലെ 15 മിനുട്ട് ദൈര്‍ഘ്യമുള്ള വില്ലന്‍വേഷം. മൂന്ന് ദേശീയപുരസ്‌ക്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ശിവാജി റാവു ബസ്‌കണ്ടക്ടറില്‍ നിന്നും രജനികാന്ത് എന്ന നടനിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കം അതായിരുന്നു.
ബാലചന്ദര്‍ തന്നയാണ് ശിവാജിറാവു എന്ന പേര് മാറ്റി രജനികാന്ത് എന്ന പേരും സമ്മാനിച്ചത്. തമിഴില്‍ ശിവാജി ഗണേശന്‍ ഉള്ള സ്ഥിതിക്ക് മറ്റൊരു ശിവാജി വേണ്ട എന്നുള്ളതുകൊണ്ടായിരുന്നു പേരുമാറ്റം. രാത്രിയുടെ നിറമുള്ളവന്‍ എന്നാണ് രജനികാന്ത് എന്ന പേരിന്റെ അര്‍ഥം. അപൂര്‍വരാഗങ്ങള്‍ക്ക് ശേഷം കന്നടയിലും വില്ലന്‍വേഷങ്ങള്‍. കഥാസംഗമയില്‍ അന്ധയായ പെണ്‍കുട്ടിയെ മാനഭംഗം ചെയ്യുന്ന വില്ലന്റെ വേഷം രജനിക്ക് സൂപ്പര്‍ വില്ലന്‍ പരിവേഷം നല്‍കി,
അതിനുശേഷം കമല്‍ഹാസനൊപ്പം മുത്താണിമുടിച്ച്. നായകന് കമല്‍, നായിക ശ്രീദേവി, വില്ലന്‍ രജനി എന്ന കൂട്ടുകെട്ട് തമിഴ്‌സിനിമയിലെ തന്നെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. സംവിധായകന്‍ മുത്തുരാമന്റെ ആറിലിരുന്ത് അറുപത് വരെയിലാണ് രജനികാന്ത് ആദ്യമായി നായകനാകുന്നത്. സഹോദരങ്ങള്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്ന സഹോദരനെ തമിഴ്‌നാട്ടുകാര്‍ നെഞ്ചിലേറ്റി.
പിന്നീട് രജനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 80കളിലെ ഹിറ്റുകളിലൂടെ തമിഴ്‌സിനിമയിലെ മന്നന്റെ ചെങ്കോലും കിരീടവും രജനി സ്വന്തമാക്കി. 1983ല്‍ അമിതാഭ് ബച്ചനും ഹേമമാലിനിക്കുമൊപ്പം അന്ധാകാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ അരങ്ങേറ്റം കുറിച്ചു. എങ്കിലും തമിഴ്മണ്ണിനോടു തന്നെയായിരുന്നു രജനിക്ക് പ്രിയം. അതിമാനുഷികതയ്‌ക്കൊപ്പം മണ്ണിന്റെ മണമുള്ള കഥകളാണ് കൂടുതലും രജനി ചെയ്തത്. ദളപതി, മന്നന്‍, വീര, ബാഷ, മുത്തു, അരുണാചലം, പടയപ്പ തുടങ്ങി ഹിറ്റുചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു രജനിക്ക് തൊണ്ണൂറുകള്‍.
രജനിയുടെ മുത്തുവാണ് ജപ്പാനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന് ആദ്യ തമിഴ്ചിത്രം. മുത്തു: ദ ഡാന്‍സിങ്ങ് മഹാരാജ എന്ന ചിത്രം ജപ്പാനിലും പ്രശസ്തിയാര്‍ജിച്ചു. വിജയങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു ബാബയുടെ കനത്തപരാജയം. ബാബ പരാജയപ്പെട്ടതോടെ ചെറിയൊരു ഇടവേളയെടുത്ത രജനി പിന്നീട് തിരിച്ചുവന്നത് മണിചിത്രത്താഴിന്റെ തമിഴ് ചന്ദ്രമുഖിയിലൂടെയായിരുന്നു. 2005ല്‍ പുറത്തിറങ്ങിയ സിനിമ എല്ലാ ബോക്‌സ്ഓഫീസ് റെക്കോഡുകളും തകര്‍ത്തു, അതിനുശേഷം 2007ല്‍ ഇറങ്ങിയ ശിവാജിയും വന്‍വിജയമായിരുന്നു. സൗത്ത് ആഫ്രിക്കയിലും യുണൈറ്റഡ് കിങ്ങ്ഡംസിലും ബോക്‌സ്ഓഫീസ് റെക്കോഡ് ഭേദിച്ച 10 മികച്ച സിനിമകളുടെ കൂട്ടത്തിലായിരുന്നു ശിവാജിയുടെ സ്ഥാനം.
2010ല്‍ പുറത്തിറങ്ങിയ യെന്തിരനും വിജയമന്ത്രം തെറ്റിച്ചില്ല. പക്ഷെ അതിനുശേഷമെത്തിയ കൊച്ചടിയാനും ലിംഗയും ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു. വിജയങ്ങള്‍ വാരിക്കൂട്ടിയ സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല രജനീകാന്ത്, നല്ല ഒരു മനുഷ്യന് കൂടിയാണ്. സിനിമ പരാജയമായാല്‍ വിതരണകാര്‍ക്ക് സ്വന്തം കീശയിലെ കാശ് നല്‍കി നഷ്ടം നികത്തുന്ന, പ്രതിഫലതുക തിരികെ നല്‍കാന്‍ മടിക്കാത്ത മനുഷ്യസ്‌നേഹികൂടിയാണ്. വന്ന വഴി ഒരിക്കല്‍പ്പോലും രജനി മറന്നിട്ടില്ല. ഇന്നും സമയം കിട്ടിയാല്‍ പഴയസുഹൃത്തുകളെ രജനി കാണും സൗഹൃദം കാത്തുസൂക്ഷിക്കും. സുഹൃത്തുകളില്‍ ഒരാള്‍ തമാശയായി പറഞ്ഞിട്ടുണ്ട് രജനിചെയ്യുന്ന സേവനങ്ങളുടെ കണക്കെഴുതാന്‍ ഗിന്നസ് ബുക്ക് പോര എന്ന്. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും രജനിയിലെ മനുഷ്യസ്‌നേഹിയെ കണ്ടതാണ്.
തമിഴ്‌നാട്ടുകാരന് അല്ലാതിരുന്നിട്ട് പോലും തമിഴ്മക്കള്‍ ഹൃദയത്തിലുള്ള സ്‌നേഹം മുഴുവന്‍ രജനിക്ക് നല്‍കി. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി രജനി ആശുപത്രിയിലായിരുന്ന സമയത്ത് പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളുമെല്ലാം തമിഴ്‌നാട്ടുകാര്‍ ചെയ്തത് ഈ സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. ഒരു ജനതമുഴുവന്‍ ദൈവതുല്ല്യനായി ആരാധിക്കുന്ന രജനികാന്തിന് പത്മവിഭൂഷണ്‍ നല്‍കാന്‍ വൈകിയത് എന്താണെന്ന ചിന്ത മാത്രമാണ് തമിഴ്‌നാട്ടുകാര്‍ക്കുള്ളത്. ട്രോളുകള്‍ പറയുമ്പോലെ രജനിക്ക് അല്ല പത്മവിഭൂഷണ്‍ ബഹുമതി ലഭിച്ചത്, പത്മവിഭൂഷണിന് ലഭിച്ച ബഹുമതിയാണ് രജനി.
https://www.facebook.com/Malayalivartha