ഒടുവിൽ അഞ്ച് വർഷങ്ങൾക്ക് ശേഷം നയൻസ് ആ തീരുമാനം മാറ്റി
തെന്നിന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ നായികയെന്നാണ് നയന്‍സിനെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. സമയകൃത്യതയും കഥാപാത്രങ്ങളോടുള്ള സമര്‍പ്പണഭാവവും ഈ നടിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥയാക്കുന്നതായി സംവിധായകരും പറയാറുണ്ട്. പ്രൊജക്ട് ഇഷ്ടപ്പെട്ട് നായികയാകാന്‍ സമ്മതിച്ച നയന്‍താര മുന്നോട്ട് വയ്ക്കുന്ന ഒരു നിബന്ധനയാണ് നിര്‍മ്മാതാവിനെയും സംവിധായകനെയും വിഷമ വൃത്തത്തിലാക്കുന്നത്.
തനിക്ക് വേണ്ടി ജയ് വിളിക്കാനും ആദ്യ ഷോ മുതല്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനും ആരാധക സംഘടന വേണ്ടെന്ന് വച്ച സൂപ്പര്‍താരമാണ് അജിത്ത്. ഇതിന് പുറമേ വര്‍ഷങ്ങളായി അജിത് വ്യതിചലിക്കാത്ത മറ്റൊരു തീരുമാനവുമുണ്ട്. സിനിമയ്ക്ക് വേണ്ടി പ്രമോഷന്‍ ചടങ്ങുകളിലോ, അവാര്‍ഡ് നിശകളിലോ പങ്കെടുക്കില്ല എന്നത്. ഇതേ തീരുമാനം പിന്തുടര്‍ന്നതിന് വിവാദത്തില്‍ അകപ്പെട്ട താരമാണ് നയന്‍താര. സ്വന്തം സിനിമകളുടെ പ്രമോഷന് വേണ്ടി ചാനല്‍ ഷോകളിലും പൊതുപരിപാടികളിലും പങ്കെടുക്കില്ലെന്നായിരുന്നു കരാര്‍ ഒപ്പിടുമ്പോള്‍ നയന്‍താര മുന്നോട്ട് വയ്ക്കുന്ന കണ്ടീഷന്‍.
വ്യക്തിജീവിതത്തിലെ തിരിച്ചടികളും വിവാദങ്ങളും വലിച്ചിഴച്ച് ചാനല്‍ അഭിമുഖങ്ങളും ഷോകളും ചടങ്ങുകളും ലക്ഷ്യത്തില്‍ നിന്ന് വഴിമാറുമെന്നതിനാലാണ് നയന്‍സ് അഞ്ച് വര്‍ഷമായി ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് ചാനല്‍ അഭിമുഖങ്ങളും സിനിമാ പ്രചരണ ചടങ്ങുകളും ഒഴിവാക്കാനുള്ള താരത്തിന്റെ തീരുമാനം. എന്നാല്‍ അവാര്‍ഡ് നിശകളില്‍ നിന്ന് നയന്‍സ് വിട്ടുനില്‍ക്കാറില്ല. ആറ്റ്ലി സംവിധാനം ചെയ്ത രാജാ റാണി എന്ന ചിത്രത്തിനായാണ് നയന്‍താര ഒടുവില്‍ ചാനല്‍ പ്രമോഷനിലെത്തിയത്. ഇപ്പോഴിതാ ആ തീരുമാനം മാറ്റിയിരിക്കുകയാണ് നയന്‍താര.
അറം എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നയന്‍താര പ്രമോഷനില്‍ പങ്കെടുക്കില്ലെന്ന തീരുമാനം മാറ്റിയത്. നയന്‍താര ജില്ലാ കലക്ടറുടെ റോളിലെത്തുന്ന സിനിമ ഗോപി നൈനാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാക്കമുട്ടൈ ഫെയിം വിഗ്നേഷും രമേശും ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ഓം പ്രകാശാണ് ക്യാമറ. തമിഴ്നാട്ടിലെ കര്‍ഷക പ്രക്ഷോഭവും വരള്‍ച്ചയും പ്രമേയമാകുന്ന സിനിമയില്‍ കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന കഥാപാത്രമായാണ് നയന്‍സ് എത്തുന്നത്. ഇത്തരമൊരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയ്ക്കാണ് സ്വാതന്ത്ര്യ ദിനത്തില്‍ സണ്‍ ടിവിയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി നയന്‍താര പങ്കെടുത്തത്. വിജയ്യെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രവും തമിഴ്നാട്ടിലെ കാര്‍ഷിക പ്രശ്നത്തിലൂന്നിയായിരുന്നു. സംസ്ഥാനത്ത് കര്‍ഷകര്‍ വലിയ പ്രക്ഷോഭം നയിക്കുന്ന സമയത്ത് എത്തുന്ന ചിത്രം ചര്‍ച്ചയാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ.
ഈ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായികാ താരമായ നയന്‍താര കോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ കൂടിയാണ്. നാനും റൗഡി താന്‍, മായാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയ്ക്ക് മികച്ചൊരു വിജയ ചിത്രം ഉണ്ടായിരുന്നില്ല. ഗ്ലാമര്‍ റോളുകളില്‍ നിന്ന് നായികാ കേന്ദ്രീകൃത റോളുകളിലേക്ക് തിരിഞ്ഞ നയന്‍സിന്റെ ബോക്സ് ഓഫീസിലേക്കുള്ള തിരികെ വരവായിരിക്കും അറം എന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha