മോദിജി ഞാനുമുണ്ട്... മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്, സ്വച്ഛ്ത ഹി സേവ പദ്ധതിയ്ക്ക് രജനികാന്തിന്റെ പിന്തുണ
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്. ഒക്ടോബര്‍ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചാണ് മോദിക്ക് രജനികാന്ത് പിന്തുണ അറിയിച്ചത്.
'പ്രധാനമന്ത്രിയുടെ സ്വച്ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പദ്ധതിക്ക് എന്റെ എല്ലാവിധ സഹകരണവുമുണ്ടാകും. വൃത്തി ദൈവമാണ്' രജനി ട്വിറ്ററില്‍ കുറിച്ചു. ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വിശിഷ്ട വ്യക്തികള്‍ക്ക് പ്രധാനമന്ത്രി കത്തയച്ചിരുന്നു. സെപ്തംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്നതാണ് സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടി. 'ശുചിത്വം സേവനമാണ്' എന്ന വാക്കുകള്‍ മനസിലോര്‍ത്തായിരിക്കണം വരും നാളുകളിലെ പ്രവര്‍ത്തനങ്ങളെന്നും മോദി കത്തില്‍ ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ലെങ്കിലും അടുത്തിടെയുണ്ടായ പല സംഭവങ്ങളും അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നല്‍കിയത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണു രജനി പറഞ്ഞത്. രജനികാന്ത് ഈ വര്‍ഷം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പ്രചാരണം. രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
https://www.facebook.com/Malayalivartha