ശിവകാമി ദേവിയായി തെന്നിന്ത്യൻ സിനിമാലോകത്തെ അമ്പരപ്പിച്ച രമ്യ കൃഷ്‌ണൻ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത് ജയലളിതയായി
നായകനെക്കാൾ വലിയ വില്ലത്തിയായി തെന്നിന്ത്യൻ പ്രേക്ഷകരെ അമ്പരപ്പിച്ച നടിയാണ് രമ്യ കൃഷ്ണൻ. ബാഹുബലിയിൽ നായകനും വില്ലനുമൊപ്പം രമ്യയുടെ ശിവകാമി ദേവിയും തിളങ്ങി. അതിനു പിന്നാലെ തമിഴരുടെ ഇദയക്കനിയായി മാറാൻ ഒരുങ്ങുകയാണ് രമ്യ. അന്തരിച്ച നടിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജയലളിതയാകാനുള്ള നിയോഗമാണ് രമ്യ കൃഷ്ണനെ തേടി എത്തിയിരിക്കുന്നത്. ജയലളിത മരിച്ച നാൾ മുതൽ കേൾക്കുന്നതാണ് ആ ജീവിതം വെള്ളിത്തിരയിലെത്തുന്നുവെന്നത്. ഒടുവിൽ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ജിഗർതണ്ട, ഇരൈവി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് പ്രാഥമിക വിവരം.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും 2018 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നിർമ്മാതാക്കളിൽ ഒരാളായ ആദിത്യ ഭരത്വാജ് പറഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം ഒരുങ്ങുക. സിനിമാതാരത്തിൽ നിന്നും രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയക്കാരുടെ പട്ടികയിൽ എത്തിയ ജയലളിതയുടെ ജീവിതയാത്രയാണ് ചിത്രം പറയുക. തനിക്ക് ജയലളിതയായി തിരശീലയിൽ എത്താൻ ആഗ്രഹുമുണ്ടെന്ന് മുൻപൊരു അഭിമുഖത്തിൽ രമ്യ കൃഷ്ണൻ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.
https://www.facebook.com/Malayalivartha