ഈയൊരു പ്രസ്താവനയുടെ പേരിൽ മന്ത്രിയെ വിമർശിക്കുന്നവരെല്ലാം ക്ഷമയില്ലാത്തവരാണ്; ഒരാൾക്ക് തോന്നിയത് പെട്ടെന്ന് അങ്ങ് പറഞ്ഞു; എല്ലാവരും മനുഷ്യരല്ലേ നമ്മൾ ആ അർത്ഥത്തിൽ വേണം അതെടുക്കാൻ; അമിതാഭ് ബച്ചനോടൊപ്പം തന്നെ ചേർത്ത് പറയുമ്പോൾ അത് എനിക്ക് അഭിമാനമാണ്; മന്ത്രി വി. എൻ.വാസവന്റെ പ്രസ്താവനയിൽ മലയാളി വാർത്തയോട് പ്രതികരിച്ച് നടൻ ഇന്ദ്രൻസ്
കഴിഞ്ഞ ദിവസം സാംസ്കാരിക മന്ത്രി വി. എൻ.വാസവന്റെ ഒരു പ്രസ്താവന വളരെ വിവാദമായിരുന്നു 'സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അധികാരം കൈമാറി നൽകിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നിൽക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇത് നടൻ ഇന്ദ്രൻസിനെതിരെയുള്ള മോശം പരാമർശമാണെന്നും അത് പിൻവലിക്കാൻ മന്ത്രി തയ്യാറാവണമെന്നും പ്രതിപക്ഷനേതാവ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ ഈ പ്രസ്താവനയെ കുറിച്ച് തനിക്ക് പറയാനുള്ളത് മലയാളി വാർത്തയോട് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ;
ആ പ്രസ്താവനയിൽ തനിക്ക് വിഷമം ഒന്നുമില്ല . അമിതാഭ് ബച്ചനോടൊപ്പം തന്നെ ചേർത്ത് പറയുമ്പോൾ അത് എനിക്ക് അഭിമാനമാണ് . അദ്ദേഹം പൊക്കം ഉള്ള ആളാണ്. ആ പ്രസ്താവന ബോഡിഷെയിമിങ് ആണെന്ന് വ്യാഖ്യാനിക്കുന്നത് ക്ഷമയില്ലാത്ത തലമുറകളാണ്. ഇപ്പോഴത്തെ തലമുറകൾ ഒന്നും പറഞ്ഞു രണ്ടാമത്തേതിന് വെട്ടിക്കൊല്ലുകയാണ്. അത് അവരുടെ രീതിയാണ്. നമ്മളൊക്കെ കുറച്ചു മുതിർന്ന ആൾക്കാരാണ്.നമ്മളൊക്കെ ആൾക്കാരെ അടയാളപ്പെടുത്തുന്നത് കുട വയറുള്ള ആളാണെങ്കിൽ കുടവയറനെന്നും മുടന്തുള്ള ആളാണെങ്കിൽ മുടന്തൻ എന്നും പറയാറുണ്ട് . അത് ഇപ്പോഴത്തെ തലമുറയ്ക്ക് സഹിക്കാൻ പറ്റാത്തതുകൊണ്ടാണ്. ഞാൻ പഴയ ആളായത് കൊണ്ടാണ് എനിക്കൊന്നും തോന്നാത്തത്. നമ്മൾ ഭയങ്കര സ്വാതന്ത്ര്യം ഉള്ളവർ എന്നാണ് അവകാശപ്പെടുന്നത്.
അതിൽ പെട്ടതാണ് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം. അഭിപ്രായം പറഞ്ഞാൽ മാത്രം പോരാ അത് കേൾക്കാനുള്ള ക്ഷമ കൂടെ വേണം. അങ്ങനെ അതിനെ നിയന്ത്രിക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ സ്വാതന്ത്ര്യം നേടിയവരാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇടയ്ക്ക് ഞങ്ങളുടെ കാര്യം ഓർക്കുന്നത് സന്തോഷകരമായ കാര്യമാണ്. നമ്മളെ ആർക്കും പറയാം. നമുക്ക് നാവു പിഴ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആ നമ്മൾ പറയുന്നതിൽ നിന്നാണ് വ്യക്തികളെ നാം തിരിച്ചറിയുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വമാണ്. അത് കേൾക്കുന്നവന് അത് ക്ഷമിക്കാനും അതേ അർത്ഥത്തിൽ മറുപടി കൊടുക്കാനും കഴിയണം. അതിൽ ക്ഷോഭിക്കുകയോ അത് പറയുന്ന ആൾക്കാരെ കൊണ്ട് ക്ഷമ പറയിപ്പിക്കുകയോ അല്ല വേണ്ടത്
അതിൽ തെറ്റുണ്ടെങ്കിൽ ആ തെറ്റ് തിരുത്തി നമ്മൾ മുന്നോട്ടു പോവുക എന്നതാണ് കാര്യം. അതാണ് ഒരു വ്യക്തിയെ സംബന്ധിച്ചുള്ള തിരിച്ചറിവ്. മന്ത്രിയുടെ സ്വാതന്ത്ര്യമാണ് അദ്ദേഹം പറഞ്ഞത് എന്നെയും അമിതാഭ് ബച്ചനെയും ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല. കണ്ണ് കാണാത്തവർ പോലും അത്തരത്തിൽ ഒരു താരതമ്യം നടത്തില്ല. ആ വ്യത്യാസം അങ്ങനെ ഒരു വ്യത്യാസമായി തന്നെ പറയാൻ പാടുള്ളൂ. അത് അങ്ങനെ പറഞ്ഞതിൽ ഞാൻ എന്ത് ചെയ്യാനാണ് . അതിനെ നാക്ക് പിഴ എന്ന് പറയാൻ പറ്റില്ല.
പുതിയ ജനറേഷന്റെ ഒരു പാഷനാണ് ഈ ബോഡി ഷേമിങ് എന്നൊക്കെ പറയുന്നത്. ആ വാക്ക് പോലും ഞാനൊക്കെ ഇപ്പോൾ കേൾക്കുന്നതേയുള്ളൂ. ഒരു വ്യക്തി അയാൾ കറുത്തതാണ് അയാൾ വെളുത്തതാണ് എന്ന് പറയുന്നതുപോലും കുഴപ്പമാണെന്നാണ് ഇപ്പോൾ പറയുന്നത്. അതൊക്കെ ബോഡി ഷേമിങ് എന്നല്ലേ പറയുന്നത് അതിനെയൊക്കെ അപ്പോൾ എന്തോ പറയും. പുതിയ തലമുറയ്ക്ക് ഇടയിൽ നമ്മൾ മുതിർന്ന ആൾക്കാർ കുറച്ചു ബുദ്ധിമുട്ടുന്നു എന്ന് മാത്രം. ഈയൊരു പ്രസ്താവനയുടെ പേരിൽ മന്ത്രിയെ വിമർശിക്കുന്നവരെല്ലാം ക്ഷമയില്ലാത്തവരാണ്.
ഒരാൾക്ക് തോന്നിയത് പെട്ടെന്ന് അങ്ങ് പറഞ്ഞു എല്ലാവരും മനുഷ്യരല്ലേ നമ്മൾ ആ അർത്ഥത്തിൽ വേണം അതെടുക്കാൻ. നമ്മുടെ കൂട്ടുകാര് സംസാരിക്കുമ്പോഴും നമ്മുടെ കൂടെ പഠിച്ച ആ കുള്ളൻ അല്ലേടാ. അങ്ങനെയല്ലേ നമ്മൾ പറയാറുള്ളത്. സ്വാതന്ത്ര്യം കൊണ്ട് നമ്മൾ പറഞ്ഞു പോകുന്നതാണ് പക്ഷേ കാലം മാറിപ്പോയി അതൊക്കെ വലിയ അപകടം ആയിട്ടാണ് കാണുന്നത്. ഇത്തരത്തിൽ ഒരു പരാമർശം കേൾക്കുമ്പോൾ വിഷമം തോന്നുന്നത് സ്വയം തിരിച്ചറിവില്ലാത്തവർക്കാണ്. ഞാൻ ചെറിയ മനുഷ്യനാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ് അംഗീകരിച്ചില്ലെങ്കിൽ ഞാൻ മാർത്താണ്ഡവർമ്മയുടെ അത്ര വലിപ്പമുണ്ടെന്ന് പറഞ്ഞു കോടതിയിൽ പോകാൻ പറ്റോ സ്വയം. തിരിച്ചറിവ് വരാതാകുമ്പോഴാണ് കോടതിയിലേക്ക് മറ്റും പോകുന്നത്.
https://www.facebook.com/Malayalivartha