കർക്കിടകം വന്നെത്തി; ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കുമായി ഔഷധക്കഞ്ഞി തയ്യാറാക്കാം
കർക്കടകമാസം മനുഷ്യശരീരത്തിന്റെ ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കും കാര്യമായ കുറവുണ്ടാകുമെന്നാണ് ആയുർവേദമതം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം നമ്മുടെ ദഹനശേഷി വളരെ കുറവായിരിക്കും. ആയുർവേദത്തിൽ മന്ദാഗ്നി, വിഷമാഗ്നി എന്നിങ്ങനെ വിവരിച്ചിട്ടുള്ള ഈ അവസ്ഥയിൽ മനുഷ്യശരീരം പല രോഗങ്ങൾക്കും കീഴടങ്ങാനുള്ള സാധ്യത കൂടുതലാണ്. പ്രായം കൂടുംതോറും ഈ വിഷമതകളുടെ ശല്യം സഹിക്കവയ്യാതാകും. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാനുള്ള പരിഹാരമാർഗ്ഗമായാണ് ആയുർവേദാചാര്യന്മാർ കർക്കടകക്കഞ്ഞി നിർദ്ദേശിച്ചിട്ടുള്ളത്.
ഉണ്ടാക്കുന്ന വിധം....(ഒരാള്‍ക്ക് ഒരു നേരം കഴിക്കാനുള്ളത്)
ഞവര അരി -100 ഗ്രാം
ആഗാളി - 10 ഗ്രാം
ദശമൂലകങ്ങളുടെ ചൂര്‍ണം + ത്രികടുചൂര്‍ണം - 10 ഗ്രാം
ദശപുഷ്‌പങ്ങളുടെ ചൂര്‍ണം - 10 ഗ്രാം/ 25 മില്ലി
തേങ്ങാപ്പാല്‍, ശര്‍ക്കര- ആവശ്യത്തിന്
ദശമൂലചൂര്‍ണം പത്തു ഗ്രാം ചേര്‍ത്ത് വെള്ളം തിളപ്പിച്ച് അതില്‍ 100 ഗ്രാം ഞവര അരി ചേര്‍ത്ത് വേവിക്കുക. അരി വെന്ത് കഴിഞ്ഞാല്‍ ദശപുഷ്‌പ ചൂര്‍ണമോ സ്വരസമോ ചേര്‍ത്ത് ആവശ്യമായ തേങ്ങാപ്പാലും ചക്കരയും ചേര്‍ത്ത് വാങ്ങുക. ചൂടോടെ ഉപയോഗിക്കുക.
നവരയരി, ഉണക്കലരി, ഉലുവ എന്നിവ ഒന്നിച്ചോ ഒന്നു മാത്രമോ ആയി കഞ്ഞി വച്ചു, പച്ചമരുന്നുകള്‍ ഇടിച്ചു പിഴിഞ്ഞു നീരൊഴിച്ചു വീണ്ടും വേവിച്ചു തേങ്ങാപ്പാല്‍ ചേര്‍ത്തും കര്‍ക്കടക്കഞ്ഞി തയാറാക്കാം. ഈ കഞ്ഞിയില്‍ അല്‍പം ജീരകം പൊടിച്ചത്, ഉപ്പ്, നെയ്യ് തുടങ്ങിയവ ചേര്‍ത്തു കൂടുതല്‍ സ്വാദുള്ളതും ആസ്വാദ്യകരവുമാക്കാം.
താളുകറി
കര്‍ക്കട മാസത്തില്‍ ഇലക്കറികള്‍ വളരെ പ്രധാനമാണ്. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തിലെ താളുകറി പ്രശസ്‌തമാണ്. ഔഷധ സമ്പുഷ്‌ടമായ താളുകറി കര്‍ക്കടക കാലത്തു കഴിക്കാവുന്ന വിശിഷ്‌ട വിഭവമാണ്.
വെള്ളിത്താള് - 250 ഗ്രാം
ചെറിയ ഉള്ളി - 150 ഗ്രാം
പച്ചമുളക് നടുവെ മുറിച്ചത് - അഞ്ച്
മല്ലിപ്പൊടി- രണ്ടു ചെറിയ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി - കാല്‍ ചെറിയ സ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കുടംപുളി - ഒരല്ലി
തേങ്ങ ചിരകിയത് - അര മുറി
താള് നന്നായി കഴുകി നീളത്തില്‍ അരിഞ്ഞ് വെള്ളം ഒഴിച്ചു വേവിച്ചു തിളയ്‌ക്കുമ്പോള്‍ ഊറ്റി ഉള്ളിയും മുളകും ചെറുതായി വഴറ്റി അരച്ച് തേങ്ങയും മറ്റു ചേരുവകളും ചേര്‍ത്തു തിളപ്പിച്ച് വാങ്ങി ആവശ്യമെങ്കില്‍ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു വിളമ്പാം. ദഹനം മെച്ചപ്പെടുത്തുന്നതിനും ശോധനയെ ക്രമപ്പെടുത്തുന്നതിനും ഈ ആഹാര ഔഷധം സഹായിക്കും.
https://www.facebook.com/Malayalivartha