ആര്യ വേപ്പിന്റെ ഔഷധഗുണം
26 JULY 2018 01:26 PM IST
മലയാളി വാര്‍ത്ത
ഔഷധഗുണമുള്ള ഒരു മരമാണ് ആര്യവേപ്പ്. വേപ്പിന്റെ ചെറിയ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധ നിർമ്മാണത്തിനായി വേപ്പിന്‍റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. വേപ്പിന്‍റെ മരപ്പട്ട, ഇല, എണ്ണ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.. ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്.
ആര്യവേപ്പില പലതരം അസുഖങ്ങള്‍ക്കും ആശ്വാസമാണ്. ദിവസം വെറുംവയറ്റില്‍ രണ്ട് ആര്യവേപ്പില കടിച്ചു ചവച്ചു തിന്നുന്ന ശീലമുള്ളവരുണ്ട്. ആര്യവേപ്പില ആരോഗ്യത്തിന് ഗുണമല്ലാതെ ദോഷം ചെയ്യില്ല.
ശരീരത്തിന്‍റെ പ്രതിരോധ ശക്തിക്ക് വളരെ ഫലപ്രദമാണ് ആര്യവേപ്പില. അള്‍സറിന്‍റെ ബുദ്ധിമുട്ടുള്ളവര്‍ക്ക് രാവിലെ വെറുംവയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഗുണം ചെയ്യും.
ചുമ, കഫക്കെട്ട്, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് ആര്യവേപ്പില രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ആശ്വാസം നല്‍കും.ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും.
വേപ്പിലനീര് 10 മില്ലി ലിറ്റര്‍ മൂന്നു നേരം കുടിച്ചാല്‍ വിശ്വാചി എന്ന വാതരോഗം ശമിക്കും.
കുരുമുളക്, ഞാവല്‍പട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്‍റെ നീരും ചേര്‍ത്ത് ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും.
വിഷ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്. മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില.
യുവാക്കളെയും മധ്യവയ്സകരെയും വൃദ്ധരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരസുഖമാണ് പ്രമേഹം. ആര്യവേപ്പിന്‍റെ രണ്ട് ഇല ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.
ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ ദിവസവും ആര്യവേപ്പില കഴിക്കുന്നത് നല്ലതാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസവുമാണ് ആര്യവേപ്പില.
രാവിലെ വെറും വയറ്റില്‍ ആര്യവേപ്പില ചവച്ചരച്ചു കഴിച്ചാല്‍ വയറ്റിലെ വിരകള്‍ക്ക് പരിഹാരമാകും. വയറിളക്കത്തിനും ഉത്തമ പ്രതിവിധിയാണ് ആര്യവേപ്പില.
ത്വക്ക് രോഗങ്ങള്‍ക്കും ശരീരത്തില്‍ വിയര്‍പ്പ് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ആര്യ വേപ്പില ഗുണം ചെയ്യും. ചിക്കന്‍ പോക്സ് വന്ന പാടുകള്‍ മാറാന്‍ ആര്യവേപ്പില അരച്ചിടുന്നതും നല്ലതാണ്.