കറുകയുടെ ഔഷധ ഗുണങ്ങൾ
ഏവർക്കും പരിചിതമായ ഒന്നാണല്ലോ കറുക. നമ്മുടെ പാടത്തും വഴിവക്കത്തുമൊക്കെ കാണുന്ന ഈ ചെടി ചില്ലറക്കാരനല്ല. മാത്രവുമല്ല ദശപുഷ്പങ്ങളിൽ സൂര്യൻ ദേവതയായുള്ള പുൽക്കൊടിയാണ് കറുക എന്നതും ഇതിന്റെ ഗരിമ വർധിപ്പിക്കുന്നു. ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കണ്ടുവരാറുള്ള ഒന്നാണ് ഈ ഔഷധം. പൂജകൾക്കായും ഇത് ഉപയോഗിക്കുന്നു.
തണ്ടിന്റെ നിറത്തെ അടിസ്ഥാനമാക്കി വെൺകറുകയെന്നും നീലക്കറുകയെന്നും രണ്ടായി തിരിക്കാം. എന്നാൽ രണ്ടിനും ഔഷധഗുണം ഒരുപോലെ തന്നെയാണ്. രക്ത ശുദ്ധീകരണത്തിനും ചൊറി, ചിരങ്ങ് എന്നിവ ശമിപ്പിക്കുന്നതിനും കറുകയുടെ നീര് ഫലപ്രദമാണ്. 25 മില്ലിവീതം കറുകനീര് ദിവസം രണ്ടുനേരം വച്ചു കുടിച്ചാൽ സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കും. കൂടാതെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന മലബന്ധത്തിന് കറുകനീരിൽ അല്പം കൽക്കണ്ടപ്പൊടിചേർത്തു കൊടുത്താൽ മതിയാകും.
കഥപിത്തരോഗങ്ങൾക്കും ഒറ്റമൂലിയാണ് കറുക. മോണരോഗങ്ങൾ, പല്ലിന്റെ ഉള്ളിൽ നിന്ന് രക്തംവരിക, വായ്നാറ്റം, പല്ലിന്റെ നിറവ്യത്യാസം എന്നിവയ്ക്ക് കറുക ഉണക്കി കത്തിച്ച് ചാമ്പലാക്കി അതിൽ അല്പം ഇന്തുപ്പ് ചേർത്തു മിനുസമായിപൊടിച്ച് പല്ലിലും മോണയിലും തേച്ച് ഉഴിഞ്ഞാൽ ശമനം കിട്ടും. പ്രമേഹരോഗികൾക്കുണ്ടാവുന്ന ക്ഷീണം, മലബന്ധം, വിളർച്ച, രക്തക്കുറവ് എന്നിവ ശമിപ്പിക്കാനും ഇതിനു കഴിവുണ്ട്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ കറുകനീര് അതിരാവിലെ അരഗ്ലാസ് വീതം കുടിച്ചാൽ മതിയാകും. കൂടാതെ കറുകനീര് ഉപയോഗിക്കുന്നത് കൊണ്ട് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതും ഇതിന്റെ മൂല്യം വർധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha