ബോഡിബില്‍ഡറുടെ വയര്‍ തലതിരിഞ്ഞു, പൂര്‍വസ്ഥിതിയിലാകാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു!
സൗന്ദര്യവും ആകാരവടിവുമൊക്കെ ശരിയാകാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുവാന്‍ ചിലര്‍ മടിക്കാറില്ല. അപ്രകാരം അതികഠിനമായ ഡയറ്റ് ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയായ സിയന്‍ റ്റിയെര്‍നി എന്നയാള്‍ക്ക് വിപരീതഫലം ചെയ്തു.
ബോഡി ബില്‍ഡിങ്ങിനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ഈ ചെറുപ്പക്കാരനെ ഓപ്പറേഷന്‍ തിയേറ്റര്‍ വരെ എത്തിച്ചു. ദിവസം 11 മണിക്കൂര്‍ വരെ ഇയാള്‍ ജിമ്മില്‍ ചെലവഴിച്ചിരുന്നു. തന്നെക്കാളും കരുത്തരായ ആളുകളെ കണ്ടപ്പോള്‍ അവരെപ്പോലെ ആകാനുള്ള ശ്രമങ്ങള്‍ നടത്തിയതായും ഇയാള്‍ പറയുന്നു. ഇതിനായി കണ്ടെത്തിയത് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ബോഡി ബില്‍ഡിങ്ങ് പരിശീലകനെ ആണ്.
ആദ്യമൊക്കെ ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ നാലാം സ്ഥാനമായിരുന്നു ഇയാള്‍ക്ക് ലഭിച്ചിരുന്നത്. ഇത് ഒന്നാം സ്ഥാനത്ത് എത്തിക്കാനായി പിന്നീടുള്ള ശ്രമം. അങ്ങനെ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ജിമ്മില്‍ പോയിരുന്നത് എല്ലാ ദിവസവുമാക്കി. മിസ്റ്റര്‍ യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പരിശീലനത്തിലായിരുന്നു പിന്നെ ജിം ട്രെയിനിങ്ങ്. പരിശീലകന്റെ നിര്‍ദേശം അനുസരിച്ച് ക്ഷീണം തോന്നാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങി.
ഡയറ്റ് തുടരുന്നതിനിടെ ഒരുദിവസം സിയാന് വയറുവേദന ആരംഭിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാനാണ് പറഞ്ഞത്. ക്രമേണ വയറുവേദന കുറഞ്ഞുതുടങ്ങിയപ്പോള്‍ ഡോക്ടറുടെ ഉപദേശപ്രകാരമുള്ള ഭക്ഷണശീലം മാറ്റിത്തുടങ്ങി. എന്നാല്‍ ജിം പരിശീലനവും ഡയറ്റിങ്ങും മുടക്കിയില്ല.
വീണ്ടും വയറുവേദന വന്നു. ഇത്തവണ മുന്‍പത്തേതു പോലെ ആയിരുന്നില്ല. വേദന കൊണ്ട് പുളഞ്ഞ സിയാനെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. അപ്പന്‍ഡിക്‌സ് ആകും എന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് സിയാന്റെ വയര്‍ തലതിരിഞ്ഞുപോയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവിലാണ് വയര്‍ പൂര്‍വസ്ഥിതിയിലായത്.
കഠിനമായ ഡയറ്റ് ആണ് തന്റെ ഈ അവസ്ഥക്ക് കാരണമെന്നും മരിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും സിയാന്‍ പറയുന്നു. ചികിത്സക്കും വിശ്രമത്തിനും ശേഷം സിയാന്‍ വീണ്ടും മത്സരവേദിയിലെത്തി. എന്നാല്‍ ഭക്ഷണക്രമീകരണത്തിന്റേയും പരിശീലനത്തിന്റേയും കാര്യത്തില്‍ മുന്‍പു സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഇയാള്‍ പറയുന്നു.
75 കിലോഗ്രാം തൂക്കമുള്ള ഒരു വ്യക്തി ഒരു ദിവസം കഴിയ്ക്കേണ്ടത് 56 ഗ്രാം പ്രോട്ടീനാണ് . എന്നാല്‍ കായിക താരങ്ങളും ബോഡി ബില്‍ഡര്‍മാരും വര്‍ക് ഔട്ടിനു ശേഷം പേശീ വര്‍ദ്ധനവ് ഉണ്ടാകേണ്ടതിനായി ഈ അളവിലും അധികം പ്രോട്ടീന്‍ കഴിയ്ക്കാറുണ്ട് . നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം ഉള്ള പഴവര്‍ഗങ്ങള്‍ , പച്ചക്കറികള്‍ , ധാന്യങ്ങള്‍ എന്നിവ ഒഴിവാക്കിക്കൊണ്ട് പ്രോട്ടീന്‍ മാത്രം അധികമായി കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . തുടര്‍ച്ചയായി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതും വയറ്റില്‍ നിന്നും പോകുവാന്‍ വളരെ സമയം എടുക്കുന്നതുമായ ക്രോണിക് കോണ്‍സ്റ്റിപേഷന്‍ എന്ന തരത്തില്‍ മലബന്ധം ഉണ്ടാകുന്നത് 'കുടല്‍ തിരിയല്‍ ' എന്ന സിഗ്‌മോയ്ഡ് വോള്‍വുലസ് എന്ന സ്ഥിതിയിലേയ്ക്ക് നയിയ്ക്കും .
കുടലിനുള്ളില്‍ തടസ്സം രൂപം കൊള്ളുകയും അതിന് വേണ്ട ചികിത്സ ചെയ്യാതിരിയ്ക്കുകയും ചെയ്യുമ്പോള്‍ അവിടേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ദഹനേന്ദ്രിയ വ്യവസ്ഥയിലെ ഒരു ഭാഗം പ്രവര്‍ത്തനരഹിതമായി തീരുകയും ചെയ്യുകയുമാണ് ഉണ്ടാകുന്നത്. ഇത് രോഗിയില്‍ അതികഠിനമായ അണുബാധയ്ക്ക് ഇടയാക്കുകയോ മരണത്തിലേയ്ക്ക് നയിയ്ക്കുകയോ ചെയ്യാം.
https://www.facebook.com/Malayalivartha