വിറ്റാമിൻ ഡിയും സിയും ആവശ്യത്തിന് ഉണ്ടെങ്കിൽ പിന്നെ കോവിഡിനെയും തടഞ്ഞുനിർത്താം ! രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വിറ്റാമിൻ ഡിയും സിയും
കൊറോണയ്ക്ക് ഫലപ്രദമായ ചികിത്സ ഇനി കണ്ടുപിടിക്കാന് ഇരിക്കുന്നതേയുള്ളൂ. രോഗ പ്രതിരോധ ശേഷിയുള്ള ഒരാള്ക്ക് രോഗങ്ങള് ഒഴിവാക്കുന്നതിനും രോഗ തീവ്രത കുറയ്ക്കുന്നതിനും സാധിക്കും. ആയതിനാല് രോഗ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് മാത്രമാണ് രോഗം വരാതെ സൂക്ഷിക്കാനുള്ള ഒരുമാർഗ്ഗം
അതുകൊണ്ടു തന്നെ കൊവിഡ് കാലത്ത് പ്രതിരോധശേഷി എങ്ങനെ കൂട്ടാമെന്ന ചർച്ചകളാണ് എല്ലായിടത്തും ഉയർന്നിരുന്നത് . ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തുക വഴി ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാൻ സാധിക്കും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്.... ഭക്ഷണത്തിൽ വൈറ്റാമിൻ സിയും വൈറ്റാമിൻ ഡിയും കൂടുതൽ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ലളിതമായി സ്വീകരിക്കേണ്ട മാർഗ്ഗം ..വിറ്റാമിന്റെ കൂട്ടത്തിൽ വിറ്റമിൻ ഡി ഒരത്ഭുതമാണെന്നുതന്നെ പറയാം... .
കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നതാണ് വൈറ്റമിൻ ഡി. അതായത് നമ്മൾ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടും കാര്യമില്ല, വൈറ്റമിൻ ഡി ഇല്ലെങ്കിൽ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. അതുതന്നെയാണ് പ്രാധാന്യവും. മറ്റുവൈറ്റമിനുകൾ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്രോതസ്. സൂര്യപ്രകാശത്തിൽ നിന്നും കിട്ടും. സൂര്യരശ്മികൾ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളിൽ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രണ്ടു അവയവങ്ങളാണ് കരളും വൃക്കകളും.
പണ്ടൊക്കെ 40 വയസ് കഴിഞ്ഞവരെയാണ് വൈറ്റമിൻ ഡിയുടെ കുറവ് കാര്യമായി ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികൾ മുതൽക്കേ ഇതിന്റെ കുറവുമൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുകയാണ്. ഇന്ത്യക്കാരിൽ 70- 90 ശതമാനം ആളുകളും വിറ്റമിൻ ഡിയുടെ അഭാവം നേരിടുന്നുണ്ട് .ദിവസവും ഏതാനും മിനിറ്റുകൾ സൂര്യപ്രകാശമേൽക്കുകയാണെങ്കിൽ ആവശ്യമുളള വിറ്റമിൻ ഡി ചർമം ഉത്പാദിപ്പിച്ചു കൊള്ളും
ഭക്ഷണക്രമത്തിലെ മോശം രീതികളും മാറിയ ജീവിത ശൈലിയും വൈറ്റമിൻ ഡിയുടെ അളവിനെ കുറയ്ക്കുന്നു.
ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്.
സൂര്യപ്രകാശമേൽക്കലാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുള്ള ശരിയായ മാർഗം. 90 ശതമാനത്തോളം വിറ്റാമിൻ ഡി നിർമ്മിക്കപ്പെടുന്നത് ചർമ്മത്തിൽ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. രാവിലെ പത്തിനും മൂന്നു മണിയ്ക്കുമിടയ്ക്കുളള വെയിൽ കൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏൽക്കാവുന്ന രീതിയിൽ ജീവിതചര്യകൾക്ക് മാറ്റം വരുത്തണം.
ചില ആളുകളിൽ വിറ്റാമിൻ ഡിയുടെ ആഗിരണം മന്ദഗതിയിലായിരിക്കും. അങ്ങനെയുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ സപ്ലിമെന്റുകൾ ഉപയോഗിക്കാം. സൺസ്ക്രീൻ ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വിറ്റാമിൻ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങൾ ഉണ്ട്. വൃക്കകൾ തകരാറുള്ളവർക്ക് വിറ്റാമിൻ ഡി പ്രവർത്തനക്ഷമമായ രീതിയിലേക്ക് മാറ്റാൻ കഴിയില്ല. ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം നടക്കാതിരിക്കാം.അമിതവണ്ണവും മറ്റൊരു കാരണമാണ്
മുട്ടയുടെ മഞ്ഞക്കരു, മത്തി, അയല പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ, മീൻമുട്ട , മീനെണ്ണ , പാൽ,പാലുത്പന്നങ്ങൾ , ഓറഞ്ച്, ധാന്യങ്ങൾ , സോയാബീൻ ,കൂൺ എന്നിവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും
വിറ്റാമിൻ 'ഡി" കുറഞ്ഞാൽ ശരീരവേദന, മുടികൊഴിച്ചിൽ, ഹൃദയാഘാതം, വിട്ടുമാറാത്ത ക്ഷീണം, നടുവേദന,സന്ധിവേദന,വിഷാദം, തുടങ്ങി പല അസുഖങ്ങൾക്കും, കാരണമാകാം . കുട്ടികളിൽ കണ്ടുവരുന്ന റിക്കറ്റ്സീനും
മുതിർന്നവരിൽ ഓർമക്കുറവിനും കാരണം വിറ്റാമിൻ ഡി യുടെ അഭാവമാണ്
ടൈപ്പ് 1, ടൈപ്പ് 2, പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഗ്ലൂക്കോസ് ഇൻടോളറൻസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് മുതലായ നിരവധി രോഗങ്ങളെ തടയാനും രോഗ ചികിത്സയ്ക്കും വിറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വിറ്റാമിൻ ഡി പോലെത്തന്നെ പ്രതിരോധശേഷി കൂട്ടുന്ന ഒരു പോഷകമാണ് വിറ്റാമിൻ സി അഥവാ അസ്കോർബിക് ആസിഡ്. ശരീരത്തിലെ പ്രാധാന്യമേറിയ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ സി അത്യാവശ്യമാണ്. പല രോഗാവസ്ഥയിലും ശരീരത്തെ സംരക്ഷിക്കാൻ ഇതിന് കഴിവുണ്ട്. ശരീരത്തിൽ നിർമ്മിക്കപ്പെടുന്നില്ല എന്നതുകൊണ്ടും ശരീരത്തിൽ ആവശ്യത്തിലധികമെത്തുന്നത് സംഭരിക്കപ്പെടുന്നില്ല എന്നതുകൊണ്ടും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ദിവസേനെയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി പച്ചയ്ക്ക് (സാലഡ്) അല്ലെങ്കിൽ മിതമായി പാചകം ചെയ്ത് ഉപയോഗിക്കുന്നത് വിറ്റാമിൻ സി നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. സപ്ലിമെന്റുകളേക്കാൾ നല്ലത് ഭക്ഷണത്തിലൂടെ തന്നെ വിറ്റാമിൻ സി ശരീരത്തിലെത്തുന്നതാണ്. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, തക്കാളി, കിവി, പച്ചമാങ്ങ, ചീര, ബ്രോക്കോളി, മുളപ്പിച്ച പയറുവർഗങ്ങൾ എന്നിവയും ലിവർ പോലുള്ള മൃഗസ്രോതസുകളും വിറ്റാമിൻ സിയുടെ മികച്ച സ്രോതസുകളാണ്.
വേവിച്ചെടുക്കുമ്പോൾ വിറ്റാമിൻ സി വെള്ളത്തിൽ ലയിച്ചുചേരാൻ സാദ്ധ്യതയുണ്ട്. അധികമായിട്ടുള്ള വെള്ളം അരിച്ചുകളയാതെ ഉപയോഗപ്പെടുത്തി ഈ കുറവ് നികത്താം. പാചകരീതിയായ ബോയ്ലിംഗ്, റോസ്റ്റിംഗ്, എണ്ണയിൽ വറുത്തുകോരുക എന്നിവയും വിറ്റാമിൻ സിയുടെ നഷ്ടം കൂട്ടാനിടയുണ്ട്
പ്രിസർവ് ചെയ്തു സൂക്ഷിക്കുന്ന ഭക്ഷണത്തിലും വിറ്റാമിൻ സി കുറയാനിടയുണ്ട്.. ഉണക്കി സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ , ഉയർന്ന ചൂടിലെ പാചകം, അതുപോലെ കോപ്പർ / ഇരുമ്പ് എന്നിവയുടെ സാന്നിദ്ധ്യത്തിലുള്ള എൻസൈമുകളുടെ പ്രവർത്തനം മൂലവും വിറ്റാമിൻ സി നഷ്ടപ്പെടാം.
വിറ്റാമിൻ സി എന്ന ആന്റി ഓക്സിഡന്റിന് ഹൃദയത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ സിയുടെ ഉയർന്ന അളവ് ചീത്ത കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുകയും അതുവഴി ഹൃദയധമനിയിൽ കൊഴുപ്പടിഞ്ഞ് തടസങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
അമിതവണ്ണമുള്ളവരിൽ രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകുന്ന എന്റോതെലിൻ എന്ന പ്രോട്ടീന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ അളവ് 30 ശതമാനത്തോളം വർധിക്കാൻ സാദ്ധ്യതയുണ്ട്. ഇത് പ്രതിരോധവ്യവസ്ഥയ്ക്ക് ഗുണകരമാണ്.
നല്ലൊരു ആന്റി ഓക്സിഡന്റ് ആയതിനാൽ അർബുദജന്യ പദാർഥങ്ങളെ ശരീരത്തിൽ നിന്ന് ഒഴിവാക്കാനും
ഫ്രീ റാഡിക്കൽ കാരണമുള്ള ദോഷങ്ങളിൽ നിന്ന് ഒരുപരിധി വരെ ശരീരത്തെ സംരക്ഷിക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും വിറ്റാമിൻ സി സഹായിക്കും
യൂറിക് ആസിഡിന്റെ അളവ് കുറച്ച് ഗൗട്ട് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.
അതേസമയം 2000 മില്ലി ഗ്രാമിലധികം വിറ്റാമിൻ സി ഒന്നിച്ചുകഴിക്കുന്നത് വയറിളക്കം, ഛർദി എന്നിവയ്ക്ക് കാരണമായേക്കാം. ഇരുമ്പ് അമിതമായി അടിഞ്ഞുകൂടുന്ന രോഗാവസ്ഥയുള്ളവർ വിറ്റാമിൻ സി അമിതമായി സപ്ലിമെന്റ് രൂപത്തിൽ കഴിക്കുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കും. വൃക്കയിൽ ഓക്സലൈറ്റ് കല്ലുകൾ രൂപപ്പെടാനും വിറ്റാമിൻ സിയുടെ അധിക അളവ് കാരണമായേക്കാം.
https://www.facebook.com/Malayalivartha