ഗര്‍ഭകാലത്ത് ഇത് ഉപയോഗിച്ചാൽ പങ്കാളി അടുത്തില്ലെങ്കിലും മാനസികമായ ആശ്വാസം നൽകും; പങ്കാളിക്കോ സന്തോഷമുണ്ടാകില്ല... വേദന കുറക്കാനും അത്രത്തോളം സുഖകരമായതിനാല്‍ നിങ്ങള്‍ എപ്പോഴും ഇതിനോടൊപ്പമായിരിക്കും!!
ഗർഭകാലത്ത് ഏറ്റവും സുഖകരമായി ഉറങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നന്നായി വിശ്രമിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പ്രെഗ്നന്സി പില്ലോ. സാധാരണ തലയിണകളില്‍ നിന്ന് വ്യത്യസ്തമായി നീളവും മൃദുത്വവും വളരെ കൂടുതലാണെന്നതാണ് പ്രെഗ്നന്സി പില്ലോകളുടെ ഏറ്റവും വലിയ പ്രത്യേകത.
എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുള്ളൂ. ഒരുപക്ഷെ ഗർഭ കാലയളവിൽ മുഴുവന്‍ ഈ പില്ലോ ഉപയോഗിക്കുന്നത് നിങ്ങളുടെ പങ്കാളിയ്ക്ക് സന്തോഷമുണ്ടാക്കിയെന്നു വരില്ല, കാരണം മറ്റൊന്നുമല്ല, ഈ പില്ലോ ബെഡ് ന്‍റെ നല്ലൊരു ഭാഗം കൊണ്ട് പോകും, മാത്രമല്ല, അത്രത്തോളം സുഖകരമായതിനാല്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഈ പ്രെഗ്നന്സി പില്ലോയോട് ചേര്‍ന്ന് കിടക്കുകയും ചെയ്യും.
എന്നാല്‍ വേദന കുറയ്ക്കാനും നന്നായി ഉറങ്ങാനും പ്രെഗ്നന്സി പില്ലോകള്‍ വളരെയധികം സഹായിക്കും. അതുകൊണ്ട് ഈ സമയം ഏറ്റവും മനോഹരമാക്കാനായി ഒരു പ്രെഗ്നന്സി പില്ലോ വാങ്ങിക്കാന്‍ മടി വേണ്ട. അതിനു മുന്‍പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
സാധാരണ പില്ലോയിൽ നിന്ന് വ്യത്യാസം
നിങ്ങളുടെ ശരീരത്തിന്‍റെ നീളത്തിനോപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ നീളത്തിലാണ് പ്രെഗ്നന്സി പില്ലോകള്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഇവ സാധാരണ തലയിണകളില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗര്ഭാകാലഘട്ടത്തില്‍ സ്വസ്ഥമായി വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യാന്‍ വളരെ പ്രയാസമാണ്. പ്രത്യേകിച്ച് പ്രസവത്തോട് അടുത്തുവരുന്ന മാസങ്ങളില്‍. ഈ സമയങ്ങളില്‍ ഒരു സാധാരണ പില്ലോ ഉപയോഗിച്ച് ആശ്വാസം കണ്ടെത്താന്‍ കഴിയില്ല. പലപ്പോഴും കാല്‍മുട്ടുകള്‍ക്കിടയില്‍ ഒരു പില്ലോ വെയ്ക്കുന്നത് ശരീരത്തിന് ആയാസം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭകാലത്ത് സാധാരണ തലയിണ ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നത് പ്രതീക്ഷിച്ച ഫലം നല്‍കില്ല. പകരം, പ്രെഗ്നന്സി പില്ലോ ഉപയോഗിക്കുകയാണെങ്കില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ സുഖകരമായി വെച്ചുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ശരീര ഭാരം മുഴുവന്‍ ആ പില്ലോയ്ക്ക് മുകളിലേക്ക് മാറ്റാന്‍ കഴിയും. ദീര്‍ഘനേരം അസ്വസ്ഥതകള്‍ ഒന്നും തന്നെയില്ലാതെ വിശ്രമിക്കാന്‍ ഇത് സഹായിക്കും.
ഗര്‍ഭാവസ്ഥയുടെ ആരംഭം മുതല്‍ തന്നെ പ്രെഗ്നന്സി തലയിണകള്‍ ഉപയോഗിക്കണമെന്നില്ല. ഭ്രൂണത്തിന് ഏകദേശം 20 ആഴ്ച പ്രായമാകുമ്പോള്‍ മുതല്‍ ഇത് ഉപയോഗിച്ച് തുടങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍ പറയുന്നു. ഈ സമയത്ത് ശരീരഭാരം വര്‍ധിച്ചു തുടങ്ങുകയും ക്ഷീണം വര്‍ധിച്ചു തുടങ്ങുകയും ചെയ്യുന്ന സമയമാണ്. ലിഗമെന്റുകളില്‍ അധിക സമ്മര്‍ദ്ടം അനുഭവപ്പെടുകയും ചെയ്യും. ചെരിഞ്ഞു കിടക്കുന്ന സമയങ്ങളില്‍ വളര്‍ന്നു വരുന്ന വയറിന് സപ്പോര്‍ട്ട് നല്‍കാനും ഈ പില്ലോ സഹായിക്കും. പങ്കാളി അടുത്തില്ലെങ്കില്‍ മാനസികമായ ആശ്വാസം നല്‍കാനും ഇത് സഹായിക്കും.
ഗർഭിണികളായ മിക്ക സ്ത്രീകളിലും നടുവേദന, കാലിൽ വേദനയും നീരും, മലബന്ധം, വയറിന്‍റെ അമിതഭാരം കാരണം പെൽവിക് ഭാഗത്ത് ഭാരം അനുഭവപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങളെല്ലാം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടുന്നു. ഇതുമൂലം നെഞ്ചെരിച്ചിൽ, ഉയർന്ന രക്തസമ്മർദ്ദം, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരും. എന്നാല്‍ ഗർഭാവസ്ഥയില്‍ തലയിണ ഉപയോഗിക്കുന്നത് ഉറക്കക്കുറവ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം ലഘൂകരിക്കുന്നു. ഇത് ഉപയോഗിക്കുന്നത്കൊണ്ട് നിരവധി പ്രയോജനങ്ങളാണുള്ളത്. അവയിൽ ചിലത് താഴെ കൊടുക്കാം:
1.ഒൻപത് മാസത്തിനിടയിൽ നിങ്ങളുടെ ശരീരം മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ, ഗർഭധാരണത്തിന് മുമ്പുള്ള അതേ രീതിയില്‍ ഉറങ്ങാന്‍ കഴിയില്ല. എന്നാല്‍ പ്രെഗ്നന്സി പില്ലോ ഉപയോഗിച്ച് ഉറങ്ങുന്നത് സുഖപ്രദമായ സ്ഥാനം കണ്ടെത്താനും നട്ടെല്ല് ശരിയായി നില്‍ക്കുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു.
2.ഏറ്റവും സുഖകരമായി വശം ചെരിഞ്ഞുറങ്ങാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു ,ഇത് മികച്ച രക്തചംക്രമണം സാധ്യമാക്കുന്നു. ഗര്‍ഭിണികള്‍ മലര്‍ന്നു കിടന്നുകൊണ്ട് ഉറങ്ങുന്നത് നല്ലതല്ല എന്നാണ് വിദഗ്ദരുടെ പക്ഷം.
വേഗത്തില്‍ ഉറക്കത്തിലേയ്ക്ക് നീങ്ങാനും ദീര്‍ഘനേരം ആഴത്തില്‍ ഉറങ്ങാനും പ്രെഗ്നന്സി പില്ലോയുടെ ഉപയോഗം സഹായിക്കും.
പ്രസവശേഷം മുലയൂട്ടുന്ന സമയത്ത് കുഞ്ഞിനെ സുഖപ്രദമായ രീതിയില്‍ എത്തിക്കാനും മുലയൂട്ടുന്നത് ആയസകരമാക്കാനും ഈ പ്രെഗ്നന്സി പില്ലോ ഉപയോഗപ്രദമാണ്. സങ്കീര്‍ണമായ പ്രസവമാണെങ്കില്‍ അതിനോടനുബന്ധിച്ചുള്ള പ്രയാസങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും.
ഗര്‍ഭിണികളായ എല്ലാവരിലും ശാരീരിക അസ്വസ്ഥതകളും പ്രയാസങ്ങളും ഒരുപോലെയാകണം എന്നില്ല. അതുകൊണ്ട് തന്നെ ഒരേ തരത്തിലുള്ള പ്രെഗ്നന്സി പില്ലോകള്‍ എല്ലാവര്ക്കും യോജിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഒരു പ്രെഗ്നന്സി പില്ലോ വാങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ആവശ്യം എന്താണെന്ന് മനസിലാക്കുകയും അതിനു അനുസൃതമായ പില്ലോ തിരഞ്ഞെടുക്കുകയും വേണം. മൂന്നു തരം പ്രെഗ്നന്സി പില്ലോകളാണ് നിലവിലുള്ളത്.
മെട്ടെണിറ്റി വെഡ്ജ്: നിങ്ങളുടെ വയറിനടിയിലോ പുറകിലോ അധിക സപ്പോര്‍ട്ട് ആവശ്യമുള്ള സ്ത്രീകൾക്ക് മികച്ചതാണ് ഇത്. കാല്‍മുട്ടുകള്‍ക്കിടയില്‍ ചേര്‍ത്ത് വെയ്ക്കാവുന്ന രീതിയില്‍ കോണ്ടൂര്‍ ചെയ്തിട്ടുള്ളതും ഇക്കൂട്ടത്തില്‍ ലഭിക്കും.
C – ഷേപ്പ് പില്ലോ: പുറകിലോ വയറിലോ കൂടുതൽ സപ്പോര്‍ട്ട് ആവശ്യമുള്ള സ്ത്രീകൾക്ക് ഇത് വളരെ നല്ലതാണ്. കാൽമുട്ടുകൾക്കിടയിൽ വച്ചുകൊണ്ട്, അരക്കെട്ട് നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും പെല്‍വിക് ഭാഗത്തെ ആയാസം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
U – ഷേപ്പ് പില്ലോ: ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും പിന്തുണ തേടുന്ന സ്ത്രീകൾക്ക് U ആകൃതിയിലുള്ള തലയിണ ഉപയോഗിക്കുന്നതാണ് അനുയോജ്യം. ഇടുപ്പ് സുസ്ഥിരമായി നിലനിർത്തുന്നതിനൊപ്പം, ഇത് നട്ടെല്ലിനെയും സപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല മലര്‍ന്നു കിടന്നുകൊണ്ട് ഉറങ്ങാന്‍ ശീലിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥ കാരണം അങ്ങനെ ചെയ്യാന്‍ കഴിയാതിരിക്കുന്നതിനാല്‍ ഈ ആകൃതിയിലുള്ള തലയിണ വളരെ ഉപയോഗപ്രദമാകും.
https://www.facebook.com/Malayalivartha