പ്രസവാനന്തരം ശരീരത്തിൽ നിരവധി മാറ്റങ്ങൾ! പ്രതിവിധി ഇല്ലാതിരിക്കുകയാണോ... എങ്കിലിതാ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ
സ്ത്രീകൾക്ക് ഗർഭകാലത്ത് ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇതിൽ ചിലർ ആശങ്കപ്പെടാറുമുണ്ട്.എന്നാലിത് ഹോര്‍മോണ്‍ വ്യതിയാനങ്ങളും പ്രതിരോധ ശക്തിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ്.
ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കാണുന്ന മാറ്റങ്ങളിലൊന്നാണ് ഹൈപര്‍ പിഗ്മെന്റേഷന്‍ (hyperpigmentation). കഴുത്ത്, കക്ഷം, കൈമടക്കുകള്‍, തുടയിടുക്ക്, ഗുഹ്യഭാഗം, പൊക്കിള്‍, മുലക്കണ്ണിന് ചുറ്റുമുള്ള ഭാഗം എന്നിവിടങ്ങളിലെ ചര്‍മം കൂടുതല്‍ കറുത്തുപോകുന്നു. പൊക്കിളിനടുത്തുനിന്ന് തുടങ്ങി നീളത്തില്‍ കറുത്തവര പ്രത്യക്ഷപ്പെടുന്നതിന് ലീനിയ നൈഗ്ര (Linea Nigra) എന്ന് പറയുന്നു. കവിളത്തും നെറ്റിയിലും കൂടുതല്‍ സൂര്യരശ്മി പതിക്കുന്നിടത്ത് കറുത്തതോ തവിട്ടുനിറത്തിലോ ഉള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിന് കരിമംഗല്യം (Mask of Pregnancy) എന്ന് പറയുന്നു. പകല്‍ സമയം പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ലേപനം പുരട്ടാവുന്നതാണ്.
ഗര്‍ഭാവസ്ഥയുടെ രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും അസ്വാഭാവികമായ നിറംമാറ്റങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. ലേപനങ്ങളുപയോഗിച്ച് ഇത് കുറയ്ക്കാന്‍ കഴിയും. കെമിക്കല്‍ പീലിങ്, മീസോ തെറാപ്പി എന്നീ ചികിത്സാ രീതികള്‍ പ്രയോജനം ചെയ്യും.
വയറ് വലുതാകുമ്പോള്‍ ത്വക്ക് വലിയുന്നതുമൂലം ഇലാസ്റ്റിക് ഫൈബറുകളും കൊളാജന്‍ ഫൈബറുകളും കേടാകുന്നതുകൊണ്ടാണ് ഇത്തരം അടയാളങ്ങള്‍ (Stretch Marks) ഉണ്ടാകുന്നത്. സ്തനങ്ങളിലും തുടകളിലുമൊക്കെ വരകള്‍ പ്രത്യക്ഷപ്പെടാം. പ്രസവശേഷം വ്യായാമം ചെയ്യാറാകുമ്പോള്‍ വയറിലെ മസിലുകളുടെ ടോണ്‍ മെച്ചമാക്കാനുള്ള വ്യായാമമുറകള്‍ പരിശീലിക്കുക. സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതെയാക്കാന്‍ മൈക്രോ നീഡിലിങ്, റേഡിയോ ഫ്രീക്വന്‍സി, ലേസര്‍ ചികിത്സകളും ഫലപ്രദമാണ്. പുറമേ പുരട്ടുന്ന ലേപനങ്ങള്‍ ഇക്കാര്യത്തില്‍ ഗുണം ചെയ്യാറില്ല.
കഴുത്തിലും കക്ഷത്തിലുമൊക്കെ അരിമ്പാറകള്‍പോലെ ചെറിയ വളര്‍ച്ചകള്‍ കണ്ടേക്കാം. പ്രസവാനന്തരം ഇവയെല്ലാം (electrocauterization) കരിച്ചുകളയാവുന്നതാണ്. ധമനികളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍മൂലം ചുവന്ന നിറത്തിലുള്ള ചെറിയ മറുകുകളും ഉണ്ടാകാം. ഞരമ്പുകള്‍ പിണയുന്നതും സാധാരണമാണ്. ഇതേ തുടര്‍ന്ന് കാലുകഴപ്പും എക്സിമയുമൊക്കെയുണ്ടാകാം. കിടക്കുമ്പോള്‍ കാലുകള്‍ അല്പം പൊക്കി വെക്കുകയും ഒരുപാട് സമയം നില്‍ക്കാതിരിക്കുകയും വേണം.
മുഖക്കുരുവിന്റെയും താരന്റെയും ശല്യം പ്രസവശേഷം വര്‍ധിച്ചേക്കാം. പൊതുവേ എണ്ണമയമുള്ള ത്വക്കുള്ളവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുക. അങ്ങനെയുള്ളവര്‍ കൂടുതല്‍ എണ്ണയും കുഴമ്പുമൊക്കെ ശരീരത്ത് പുരട്ടാതിരിക്കുന്നതാണ് ഉത്തമം. സോപ്പുപയോഗിച്ച് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുകയും വേണം. വരണ്ട ചര്‍മമുള്ളവരാണെങ്കില്‍ സോപ്പിന്റെ അമിതോപയോഗം കുറയ്ക്കണം. സോപ്പ്ഫ്രീ ക്ലെന്‍സറുകളും ബാറുകളും ലഭ്യമാണ്. കുളി കഴിഞ്ഞ് ക്രീം പുരട്ടുന്നതും പതിവാക്കണം. താരനുള്ളവര്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും താരന്‍ ഇല്ലാതാക്കാനുള്ള ഷാംപൂ ഉപയോഗിക്കണം.
രോമകൂപങ്ങളില്‍ പഴുപ്പുണ്ടാകുന്നതും സാധാരണമാണ്. സോപ്പുപയോഗിച്ച് കഴുകുകയും ആന്റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടുകയും ചെയ്താല്‍ മതി. എന്നാല്‍ കൂടുതല്‍ പഴുത്ത കുരുക്കളുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.
മുടിയുടെ വളര്‍ച്ചയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. വളര്‍ച്ചയുടെ ഘട്ടമായ അനാജന്‍ ഫേസ്, പരിവര്‍ത്തനഘട്ടമായ കാറ്റജന്‍ ഫേസ്, വിശ്രമഘട്ടമായ ടീലോജന്‍ ഫേസ് എന്നിവ. വിശ്രമഘട്ടം നാലഞ്ചുമാസം നീണ്ടുനിന്നതിനുശേഷം മുടികള്‍ കൊഴിഞ്ഞുപോകുന്നു. പ്രസവാനന്തരം മുടിയുടെ വളര്‍ച്ചയുടെ വേഗം നിലയ്ക്കുകയും വിശ്രമദശയിലേക്ക് കടക്കുകയും ചെയ്യുന്നു. പ്രസവാനന്തരം ഏതാണ്ട് മൂന്നുമാസം കഴിഞ്ഞാണ് മുടികൊഴിച്ചിലാരംഭിക്കുക. ഈയവസരത്തില്‍ 120-400 മുടികള്‍വരെ കൊഴിയാം. ഏകദേശം ആറുമാസം ഈ പ്രക്രിയ നീണ്ടുപോകും. അതിനുശേഷം പുതിയ മുടി കിളിര്‍ക്കുകയും ചെയ്യും. മുടികൊഴിച്ചിലിനെ ഭയക്കേണ്ട ആവശ്യമില്ല.
പോഷകമൂല്യമുള്ള ആഹാരങ്ങള്‍ കഴിക്കുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും മുടി ഷാംപൂചെയ്ത് വൃത്തിയാക്കുക. പേനും താരനുമൊക്കെയുള്ളവര്‍ അതിനുവേണ്ട ചികിത്സയെടുക്കുക. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വിറ്റാമിന്‍ ഗുളികകളും ലേപനങ്ങളും ഉപയോഗിക്കുക.
https://www.facebook.com/Malayalivartha