ഓൺലൈനിലൂടെ വീട്ടിലിരുന്നാണോ പഠനവും ജോലിയും ? ഇക്കാര്യങ്ങൾ ദയവായി പാലിക്കുക
സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവരാണ് എല്ലാവരും. കൊറോണ സാഹചര്യത്തിന് അനുസൃതമായി ഇപ്പോൾ പഠനവും ജോലിയും എല്ലാം വീട്ടിലാണ്. കുറേ മണിക്കൂറുകൾ ലാപ്ടോപ്പിനും മുന്നേ കുത്തിയിരിക്കേണ്ടുന്ന അവസ്ഥയാണ് പലർക്കും. വീട്ടിലിരുന്നു ഓൺലൈനായി പഠിക്കുന്നവരായാലും ജോലിചെയ്യുന്നവരായാലും പാലിക്കേണ്ടുന്ന കുറെ കാര്യങ്ങൾ ആണ് ഇനി നമ്മൾ അറിയുവാൻ പോകുന്നത്.
ഭയവും ആശങ്കകളും ഇല്ലാതെ വളരെ കൂളായിട്ട് ഇരുന്ന് ജോലികൾ ചെയ്യുക. മനസ്സിന് പരമാവധി ശാന്തത നൽകാൻ ശ്രമിക്കുക. ഓൺലൈനായാലും ഓഫ്ലൈനായാലും ജോലിസമയം പരിമിതപ്പെടുത്തുക . വീട്ടിൽ ജോലി ചെയ്യുന്നവർക്ക് ആരോഗ്യകരമായ ഒരു ദിനചര്യ ഉണ്ടായിരിക്കണം.
വളരെ വൈകി എഴുന്നേൽക്കുന്നതും വളരെ വൈകി കിടക്കുന്നതുമായ ശീലം അപ്പാടെ ഉപേക്ഷിക്കുക.ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപുതന്നെ മൊബൈൽഫോൺ, ടി.വി., കംപ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം മതിയാക്കുക.
വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുക. ആരോഗ്യസ്ഥിതിയ്ക്കും ശീലത്തിനും അനുസരിച്ച് തലയിൽ എണ്ണ തേച്ച് കുളിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഓൺലൈൻ ക്ലാസിനുവേണ്ടി തന്നെ മൊബൈൽ-ടാബ് ഉപയോഗം ഉള്ളതിനാൽ മറ്റു സമയങ്ങളിൽ അവയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
കുട്ടികൾ ഉൾപ്പെടെ വീട്ടിലെ അംഗങ്ങൾ എല്ലാവരും പാചകത്തിലും വീടുവൃത്തിയാക്കുന്നതിലും മറ്റും പങ്കാളികളാകാൻ ശ്രമിക്കുക. ഒഴിവുസമയങ്ങളിൽ വീട്ടിൽ കുട്ടികളും മുതിർന്നവരും വയോധികരുമെല്ലാം ചേർന്ന് കൃഷി ചെയ്യാം. സ്കൂളിൽ പോകുന്ന കാലത്തെ പോലെ തന്നെ രാവിലെ എഴുന്നേറ്റ്, കുളിച്ച്, ഭക്ഷണം കഴിച്ച് ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ കുട്ടികൾ ശ്രദ്ധിക്കുക.
എല്ലാവരും ലളിതമായ, ലഘുവായ ആഹാരരീതി പിൻതുടരുക. വിശക്കുന്ന നേരത്ത് തന്നെ ഭക്ഷണം കഴിക്കുക. ഇഷ്ടമുള്ളതെന്തും കൊടുത്ത് വ്യായാമമില്ലാതെ കുട്ടികൾ അമിതവണ്ണമുള്ളവരാക്കാതിരിക്കുക. ആഹാരത്തിന്റെ അളവ്, ആരോഗ്യപ്രദമാക്കാൻ നോക്കുക.
ഓൺലൈൻ ഗെയിമുകൾക്ക് പകരം പുറത്തിറങ്ങി ഓടിക്കളിക്കാനും വ്യായാമം ചെയ്യാനും കുട്ടികളെ പ്രേരിപ്പിക്കുക. ദഹിക്കാനെളുപ്പമുള്ളതും സുഗമമായ മലശോധനയ്ക്ക് സഹായിക്കുന്നതുമായ ഭക്ഷണരീതി വേണം അവലംബിക്കാൻ.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാരം കഴിക്കുന്ന സമയത്ത് മൊബൈൽഫോണും ടി.വിയും മാറ്റിവച്ച് വീട്ടിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുക.
https://www.facebook.com/Malayalivartha