പണി വെറുതേ ഇരന്നു വാങ്ങേണ്ട, മുഖത്ത് സോപ്പ് തേച്ചാൽ സംഭവിക്കുന്നത്, പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ദിവസവും സോപ്പുതേച്ച് കുളിക്കുക എന്ന ശീലമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേർക്കും. മുഖം ക്ലിനാക്കാൻ പലതരം ഫെയ്സ് വാഷുകൾ ഇന്ന് ലഭ്യമാണെങ്കിലും സോപ്പ് ഉപയോഗിച്ച് മുഖം കഴുകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. എന്നാൽ സോപ്പുപയോഗിക്കുന്ന പലരും ചെയ്യുന്ന ഒരു തെറ്റായ പ്രവൃത്തിയുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് പോലെ മുഖത്തും സോപ്പ് ഉപയോഗിക്കും. മുഖത്ത് സോപ്പ് ഉപയോഗിച്ചാലുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് നിർമ്മിച്ചിരിക്കുന്നവയാണ് സോപ്പുകൾ. അതുകൊണ്ട് തന്നെ മിക്ക സോപ്പുകളിലും പിഎച്ച് മൂല്യം വളരെ ഉയർന്നതാണ്. അതിനാൽ ഇവ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. സോപ്പ് ബാർ നേരിട്ട് മുഖത്ത് തേയ്‌ക്കുന്നത് മൂലം മുഖത്തെ ചർമ്മം പരുക്കമുള്ളതായി മാറുന്നു. ചർമ്മത്തിൽ പ്രകൃതിദത്തമായി ഉള്ള മോയ്‌സ്ച്ചുറൈസറിനെ സോപ്പ് ഇല്ലാതാക്കുന്നു.
സോപ്പുകളിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ അവ മുഖത്തെ ചർമ്മത്തിലെ എല്ലാ ഈർപ്പവും നീക്കം ചെയ്യുന്നു. ഇതോടെ ചർമ്മം വരണ്ടതാകുന്നു.സുഗന്ധങ്ങളും കൃത്രിമ ചായങ്ങളും ഉപയോഗിച്ചാണ് സോപ്പ് ബാറുകൾ തയ്യാറാക്കുന്നത്. അതിനാൽ നിങ്ങളുടെ മുഖത്തിന്റെ സെൻസിറ്റീവ് ചർമ്മത്തിന് അത് കേടുപാടുകൾ വരുത്തുന്നു.
കൂടുതൽ കാലം മുഖത്ത് സോപ്പ് ഉപയോഗിച്ചാൽ മുഖക്കുരു, ചുളിവുകൾ എന്നിവ വർധിക്കുന്നതിന് കാരണമാകും. മുഖം വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കുന്നതിന് പകരം കടലമാവ്, പയറുപൊടി തുടങ്ങിയ, രാസവസ്തുക്കൾ ഇല്ലാത്ത പൊടികൾ ഉപയോഗിക്കുന്ന് നല്ലതാണ്. അതുമല്ലെങ്കിൽ ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. ഇത് സോപ്പുപയോഗിക്കുന്നതിനേക്കാൾ ഭേദപ്പെട്ട മാർഗമാണെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.
മുഖത്തെ ചർമ്മം മറ്റ് ശരീരഭാഗങ്ങളേക്കാൾ സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കരുതെന്ന് ചിലർക്കെങ്കിലുമറിയാം. ഈ അവസരം പ്രയോജനപ്പെടുത്തി മുഖത്തെ ചർമ്മത്തിന് ഹാനീകരമാകാത്ത വിധമുള്ള സോപ്പുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുഖത്ത് സോപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവരാണെങ്കിൽ ഹൈപ്പോ അലർജെനിക്ക് ആയ, മണമില്ലാത്ത, ചർമ്മത്തിന് ഈർപ്പം നൽകുന്ന തരത്തിലുള്ള സോപ്പുകളാണ് തിരഞ്ഞെടുക്കേണ്ടത്.
കൂടാതെ ഗ്ലിസറിൻ, ഹൈലൂറോണിക് ആസിഡ് എന്നീ ഘടകങ്ങളും സോപ്പിൽ ഉണ്ടായിരിക്കണം. സാധാരണ ലഭ്യമായിട്ടുള്ള സോപ്പുകൾ മുഖം വൃത്തിയാക്കാൻ ഉപയോഗിക്കുകയാണെങ്കിൽ അവ നമ്മുടെ ചർമ്മത്തിൽ കാര്യമായ കേടുപാടുകൾക്ക് കാരണമാകും. സാധാരണയായി വിപണിയിൽ ലഭ്യമാകുന്ന മിക്ക സോപ്പുകളിലും കൃത്രിമ ചായങ്ങൾ, സുഗന്ധം, ലാനോലിൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ അടങ്ങിയിരിക്കും. ഇതെല്ലാം ചർമ്മത്തിന് ഹാനീകരമാണ്. അതിനാൽ മുഖം വൃത്തിയാക്കാൻ ഇത്തരം സോപ്പുകൾ ഉപയോഗിക്കാതിരിക്കുക.
https://www.facebook.com/Malayalivartha