യു എസ് ടി ജീവനക്കാര്‍ക്ക് കളരിപ്പയറ്റു പരിശീലനം... ജീവനക്കാരില്‍ ആരോഗ്യം, സാംസ്‌കാരിക ബോധം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി ഉള്ള പരിശീലന പരിപാടി
പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തങ്ങളുടെ തിരുവനന്തപുരം കാമ്പസിലെ ജീവനക്കാര്‍ക്ക് കളരിപ്പയറ്റ് പരിശീലനം . കളരിപ്പയറ്റു പരിശീലനത്തിനായി ചേര്‍ന്ന 120-ലധികം ജീവനക്കാരില്‍ 50 പേര്‍ ഇതിനകം പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
127 വര്‍ഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയില്‍ നിന്നുള്ള ഡോ എസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. ഈ പുരാതന ആയോധന കലയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും യു എസ് ടി യിലെ ജീവനക്കാരെ അഭ്യസിപ്പിക്കുക വഴി, ശാരീരിക ക്ഷമത, മാനസിക ആരോഗ്യം, വൈകാരിക സന്തുലനം തുടങ്ങിയവ പരിപോഷിപ്പിക്കാന്‍ സഹായകമാകും.
മാനസിക സമ്മര്‍ദമില്ലാതാക്കുക, സ്വയം പ്രതിരോധത്തിനായുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നിവയിലൂടെ ജീവനക്കാര്‍ക്ക് തങ്ങളുടെ വ്യക്തിഗത സുരക്ഷയും ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. അഗസ്ത്യം കളരി വിഭാവനം ചെയ്തിട്ടുള്ള 'നല്ലുടല്‍ ആരോഗ്യ പരിപാടി' എല്ലാ പ്രായത്തിലുള്ളവരിലും ആരോഗ്യവും ഫിറ്റ്‌നസ്സും ഉറപ്പു വരുത്തുന്ന രീതിയില്‍ വാര്‍ത്തെടുത്തതാണ്.
'ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള പരിപാടികളിലൂടെ മികച്ച പാരമ്പര്യം കെട്ടിപ്പടുക്കുന്ന തരത്തിലുള്ള പരിപാടികള്‍ക്ക് യു എസ് ടി യില്‍ ഞങ്ങള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. അത്തരം സംരംഭങ്ങളിലൂടെ ജീവനക്കാര്‍ക്ക് ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ഉറപ്പു വരുത്തുന്നു. ഇപ്പോള്‍ ഡോ. എസ്. മഹേഷ് ഗുരുക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കളരിപ്പയറ്റ് പരിശീലനം ഇതിന് ഉദാഹരണമാണ്. ജീവനക്കാരുടെ വിവിധ ബാച്ചുകള്‍ക്ക് കളരിപ്പയറ്റു പരിശീലനം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആരോഗ്യമുള്ള, സംസ്‌കാര സമ്പന്നമായ, ശാക്തീകരിക്കപ്പെട്ട ജീവനക്കാരെ വാര്‍ത്തെടുക്കുക എന്ന കര്‍ത്തവ്യമാണ് യു എസ് ടി സാധ്യമാക്കുന്നത്,' എന്ന് യു എസ് ടി ഹ്യൂമന്‍ റിസോഴ്‌സസ് സീനിയര്‍ ഡയറക്ടര്‍ ഷെഫി അന്‍വര്‍ പറഞ്ഞു.
ടീം വര്‍ക്ക്, സൗഹാര്‍ദം, ഒത്തൊരുമ എന്നീ ഗുണങ്ങള്‍ യു എസ് ടി യിലെ ജീവനക്കാരില്‍ കെട്ടിപ്പടുക്കാന്‍ കളരിപ്പയറ്റ് പരിശീലനത്തിലൂടെ സാധ്യമാകുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് കളരിപ്പയറ്റ് സിദ്ധ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം സെന്റ്റര്‍ നല്‍കുന്ന സെര്‍ട്ടിഫിക്കേഷനും ലഭ്യമാക്കിയിട്ടുണ്ട്. അഗസ്ത്യം കളരിയും ട്രിനിറ്റി കോളേജ് ഒഫ് എഞ്ചിനീറിംഗും ഒരുമിച്ചാണ് ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം സെന്റ്റര്‍ നടത്തുന്നത്.
'സാങ്കേതിക മേഖലയില്‍ സ്വയം അവബോധം സുപ്രധാനമാണ്. ഒരു കായികാഭ്യാസം എന്നതിലുപരി, വിവിധ വെല്ലുവിളികളെ നേരിടാന്‍ പോന്ന തരത്തില്‍ മനസ്സിനെ പാകപ്പെടുത്തുന്ന കലയാണ് കളരിപ്പയറ്റ്. ഏറെ സമ്മര്‍ദ്ദമുള്ള ജോലി തിരക്കുകള്‍ക്കിടയില്‍ ശരിയായ ശ്വസനക്രിയ പോലും വിസ്മരിക്കപ്പെട്ടേക്കാം. ആന്തരിക ആരോഗ്യം ശക്തിപ്പെടുത്തി ശാരീരികവും മാനസികവുമായ വെല്ലുവിളികളെ തരണം ചെയ്യാന്‍ 'നല്ലുടല്‍' പരിപാടിയിലൂടെ സാധ്യമാകും. പരിശീലനം സിദ്ധിക്കുന്ന യു എസ് ടി യിലെ ജീവനക്കാരുടെ പ്രതികരണങ്ങള്‍ വളരെ ഊര്‍ജ്ജം നല്‍കുന്നവയാണ്. കളരിപ്പയറ്റ് പോലുള്ള കേരളീയ പാരമ്പര്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കാന്‍ യു എസ് ടി കാട്ടുന്ന ഔല്‍സുക്യം ഏറെ സന്തോഷം നല്‍കുന്നു,' എന്ന് ഡോ എസ് മഹേഷ് ഗുരുക്കള്‍ അഭിപ്രായപ്പെട്ടു.
"
https://www.facebook.com/Malayalivartha