മേക്കപ്പ് മാറ്റിയില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍!
ഏറ്റവും നന്നായി മേക്കപ്പ് ചെയ്ത് സുന്ദരിയാകുക എന്നത് സ്ത്രീകളുടെ ആഗ്രഹമാണ്. ഓഫീസ് ജോലിക്കു പോകുമ്പോള്‍ പോലും എല്ലാ ദിവസവും മേക്കപ്പ് ഉപയോഗിക്കുന്നരുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി കഴിഞ്ഞാല്‍ മേക്കപ്പ് മുഴുവനായി നീക്കം ചെയ്യാന്‍ പലരും ശ്രദ്ധ നല്‍കാറില്ല. ഇത് കാരണം സംഭവിക്കാവുന്ന ദൂഷ്യഫലങ്ങള്‍ താഴെപ്പറയുന്നവയാണ്...
മേക്കപ്പണിഞ്ഞ് ഉറങ്ങിയാല്‍...
മേക്കപ്പ് മാറ്റാതെ ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം കിടന്നുറങ്ങുന്നത് ചര്‍മത്തിന് അധികം ദോഷം ചെയ്യില്ല. എന്നാല്‍ ഇതു സ്ഥിരമാക്കിയാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ഫൗണ്ടേഷന്‍ ക്രീമുകള്‍ രാത്രി മുഴുവന്‍ മുഖത്ത് അണിയുകയാണെങ്കില്‍ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമകൂപങ്ങളും അടഞ്ഞ് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതോടൊപ്പം ബാക്ടീരിയല്‍ അണുബാധ ഉണ്ടാവുകയാണെങ്കില്‍ പഴുപ്പു നിറഞ്ഞ കുരുക്കളും ഉണ്ടാകാം. എണ്ണമയം കൂടുതലുള്ള ചര്‍മമുള്ളവര്‍ക്ക് ഇങ്ങനെ കുരുക്കളുണ്ടാകാനുള്ള സാധ്യത ഏറും.
വരണ്ട ചര്‍മമുള്ളവര്‍ ശ്രദ്ധിക്കാന്‍...
വരണ്ട ചര്‍മമുള്ളവര്‍ ഏറെനേരം മേക്കപ്പ് അണിഞ്ഞാല്‍ ചര്‍മം കൂടുതല്‍ വരണ്ട് വിണ്ടു കീറുകയും ചുവപ്പു നിറമുള്ളതാകുകയും ചെയ്യാം. സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങിയാല്‍ അത് ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളുടെ സ്വാഭാവികമായുള്ള പുറംതള്ളലിനെ ബാധിക്കുകയും ചര്‍മകോശങ്ങളുടെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യും. ചിലരില്‍ കറുപ്പുനിറം വ്യാപിക്കുന്നതായും കാണാറുണ്ട്. സെന്‍സിറ്റീവ് ചര്‍മമുള്ളവരില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകാം.
കണ്‍കുരു ഉണ്ടാകാന്‍ സാധ്യത...
മസ്‌കാര,ഐലൈനര്‍ തുടങ്ങിയവ ഏറെ നേരം ഉപയോഗിച്ചാല്‍ കണ്‍കുരു ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ കണ്ണിനുള്ളിലേക്ക് ഇറങ്ങിയാല്‍ കണ്ണില്‍ ചുവപ്പുനിറം, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം. ചുണ്ടുകളിലെ മേക്കപ്പ് കാരണം അവ വരണ്ടു വിണ്ടുകീറുകയും കറുപ്പ് നിറം ബാധിക്കുകയും ചെയ്യാം.
ചുളിവുകള്‍ വീഴാം...
സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങുന്നവരുടെ ചര്‍മത്തില്‍ ചെറുപ്പത്തിലെതന്നെ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു. ദീര്‍ഘനേരം മേക്കപ്പ് അണിഞ്ഞാല്‍ ചില രാസവസ്തുക്കള്‍ വര്‍ധിച്ച അളവില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ അര്‍ബുദകാരിയായി തീരാം. അതിനാല്‍ ഉറങ്ങുംമുമ്പ് മേക്കപ്പ് പൂര്‍ണമായും കഴുകി മാറ്റാനായി ശ്രദ്ധിക്കണം. ചര്‍മത്തിന്റെ സ്വഭാവമനുസരിച്ച് വെളിച്ചെണ്ണ, കോള്‍ഡ് ക്രീം, വൈപ്‌സ് ഇവ ഉപയോഗിക്കാം. ശേഷം വളരെ വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴുകുകയും വേണം.
https://www.facebook.com/Malayalivartha