മൊബൈല്‍ ഫോണ്‍ ടോയിലറ്റിന്റെ വാതില്‍ പിടികളെക്കാള്‍ വൃത്തിഹീനം; ആശുപത്രിയുടെ പടി കടത്തരുതെന്നും മുന്നറിയിപ്പ്
ആശുപത്രിയിലുള്ളവരെ കാണാന്‍ പോവുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൂടെ കൊണ്ടുപോകരുതെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മൊബൈല്‍ കൈവശം വയ്ക്കുമ്പോള്‍ നിരവധി വൈറസുകളും ബാക്ടീരിയയും പുറത്തേക്കു വരുമെന്നും അത് ചികില്‍സയിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
മൊബൈലില്‍ നിന്നുള്ള രോഗാണുക്കള്‍ രോഗിക്ക് ഡോക്ടര്‍ നല്‍കുന്ന മരുന്നിന്റെ വീര്യം കുറയ്ക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. രോഗികളെ കാണാനെത്തുന്നവര്‍ മാത്രമല്ല ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു സ്റ്റാഫുകളും മൊബൈല്‍ കൊണ്ടു വരരുതെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മുഴുവന്‍ ആശുപത്രികളും മൊബൈല്‍ വിമുക്തമാക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രധാന നിര്‍ദ്ദേശം.
മൊബൈലില്‍ നിന്നുണ്ടാവുന്ന രോഗാണുക്കള്‍ ആന്റി ബയോട്ടിക്കുകളെ എങ്ങനെ ബാധിക്കുന്നുവെന്നുള്ളതിന്റെ പഠന റിപോര്‍ട്ട് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് അവതരിപ്പിക്കപ്പെട്ടത്. തിരുപ്പതി എസ് വി യൂനിവേഴ്സിറ്റിയിലെ മൈക്രോ ബയോളജി വിഭാഗം മേധാവിയായ എം കുമാരി ചിത്തൂരിയാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. മൊബൈല്‍ ബാക്ടീരിയയെക്കുറിച്ച് മൂന്നു പഠന റിപോര്‍ട്ടുകള്‍ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ നിന്നു മാത്രമല്ല രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും ഹാനികരമായ ബാക്ടീരിയകള്‍ പുറത്തുവിടുന്നുണ്ടെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.
100ല്‍ അധികം സാംപിളുകളാണ് പഠനത്തിന്റെ ഭാഗമായി പരീക്ഷണവിധേയമാക്കിയത്. ടച്ച് സ്‌ക്രീന്‍ മൊബൈലുകളില്‍ നിന്നു ഇ-കോളിയെന്ന അപകടകരമായ ബാക്ടീരിയ പുറത്തു വരുന്നതായി കണ്ടെത്തി.
മൊബൈല്‍ ഉപയോഗിക്കുന്നവരുടെ കൈകള്‍ വൃത്തിയില്ലാത്തതാണ് ദോഷകരമായ ബാക്ടീരിയകള്‍ വളര്‍ന്നുവരാനുള്ള മുഖ്യ കാരണം. കൂടാതെ മനുഷ്യന്റെ വായില്‍ നിന്നുള്ള ഉമിനീര്‍ കൈകളിലൂടെ മൊബൈലിലെത്തുമ്പോള്‍ അതും ബാക്ടീരിയകളെ വ്യാപിപ്പിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha