രാത്രിയിലെ ഉറക്കം ശരിയാവുന്നില്ലേ?
ഉറക്കത്തിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. ഗാഡ്ഡമായ ഉറക്കത്തിൽ ശരീരം ഏതാണ്ട് മരിച്ചതിനു തുല്യമാണ്. ബോധമണ്ഡലം താത്കാലികമായി പ്രവർത്തിക്കുന്നില്ല. കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശനം തുടങ്ങിയവ അനുഭവപ്പെടുന്നില്ല
നിത്യമായ ഉറക്കത്തിലേക്കുള്ള പരിശീലനമാണ് ഉറക്കം എന്നാണ് പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുള്ളത്. ഉറക്കവും മരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഖുർ ആനിലും പരാമർശമുണ്ട്.
മനുഷ്യൻ മാത്രമല്ല എല്ലാ ജീവജാലങ്ങളും ഉറങ്ങുന്നുണ്ട്. ഉറങ്ങുമ്പോൾ ശരീര പേശികള്‍ അയയുകയും അതേസമയം തലച്ചോർ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു. രാത്രി സുഖമായി ഉറങ്ങുന്നത് ആരോഗ്യവും ഉണർവും നൽകും . എന്നാൽ പകലുറക്കം അത്ര അഭികാമ്യമല്ല.
പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോൾ ഉച്ചയൂണിനുശേഷം ഒരു ചെറു മയക്കം നല്ലതാണ്,എന്നാൽ അത് 30 മിനിറ്റിൽ കൂടരുത്. പ്രായപൂർത്തിയായ ഒരാൾ ഒരുദിവസം ഏഴു മണിക്കൂർ ഉറങ്ങിയാൽ മതി.അതിൽ കൂടുതൽ ഉറങ്ങുന്നതും കുറച്ചു ഉറങ്ങുന്നതും ആരോഗ്യത്തിനു ഹാനികരമാണ്.
രാത്രി ഉറക്കമില്ലായ്മ പൊതുവെ കാണപ്പെടുന്ന ഒരു പ്രശ്നമാണ്. ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി ചിലപ്പോൾ ഉറക്കം നഷ്ട്പ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ഡോക്ടറോട് ചോദിച്ചു പരിഹരിക്കാവുന്നതേ ഉള്ളു.
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിഞ്ഞ ഉടൻ ഉറങ്ങുന്നത് ദഹനത്തെ ബാധിക്കും.
പകൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും രാത്രി ഉറക്കം കെടുത്തിയേക്കാം. ഉറങ്ങുന്നതിനു മുൻപ് പാട്ടുകേൾക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യുന്നത് മനസ്സിന് സന്തോഷം നൽകും. ടിവി കണ്ടു കൊണ്ടിരിയ്ക്കുന്നതും കംപ്യൂട്ടർ നോക്കിയിരിക്കുന്നതും ഉറക്കത്തെ അകറ്റും.
കിടക്കുന്നതിന് മുന്‍പ് മദ്യപിക്കുന്നത് ഉറക്കത്തിന് നല്ലതാണെന്ന ധാരണ തെറ്റാണ്. ബോധം കെട്ടുറങ്ങുന്നത് ശരീരത്തിനെ തളർത്തുകയും രാവിലെ ഉണർന്നെണീക്കുമ്പോൾ ക്ഷീണം തോന്നാനും കാരണമാകും. കിടക്കുന്നതിന് മുന്‍പ് പുകവലിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് നന്നല്ല.
https://www.facebook.com/Malayalivartha