മഞ്ഞുകാലത്തും സുന്ദരിയാകാം
മഞ്ഞു കാലത്ത് സൗന്ദര്യസംരക്ഷണം വലിയ പ്രശ്നമാണ്. ഡിസംബർ പകുതി ആകുമ്പോഴേക്കും തണുപ്പിനോടൊപ്പം ചർമ പ്രശ്നങ്ങളും എത്തും. പാദം വിണ്ടു കീറുക, തൊലിപ്പുറം വരണ്ടിരിക്കുക, മുഖം മൊരിയുക തുടങ്ങി നൂറായിരം പ്രശ്നങ്ങൾ ഉണ്ടാകും.
ത്വക്കിന് എണ്ണമയം ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ പ്രവർത്തനം മഞ്ഞു കാലത്തു കുറയുന്നതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഈർപ്പം നിലനിർത്താൻ ശ്രമിക്കണം. അതിനായി ധാരാളം വെള്ളം ഉപയോഗിച്ച് കുളിക്കണം. കുളികഴിഞ്ഞാൽ വെള്ളം പൂർണമായും തുടച്ചു കളയുന്ന രീതിമാറ്റി കുറച്ചു വെള്ളം ദേഹത്ത് നിർത്തി കോൾഡ് ക്രീമോ മോയ്സചറൈസറോ പുരട്ടുന്നത് ദേഹത്ത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
ആൽക്കലൈൻ അടങ്ങിയ സോപ്പുകളാണ് മഞ്ഞു കാലത്ത് നല്ലത്.ക്ഷാരഗുണമുള്ളവ ശരീരം വരണ്ടതാക്കും.സോഫ്റ്റ് സ്‌കിന്‍ ഉള്ളവരിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. അത്തരക്കാർ ജോലികഴിഞ്ഞാലും വെള്ളം ഉപയോഗിച്ചതിനുശേഷവും കൈകൾ തുടച്ച് എന്തെങ്കിലും മോയിസ്ചറൈസർ അല്ലെങ്കിൽ വെണ്ണയോ മറ്റോ കൈകളിൽ പുരട്ടിയാൽ കൈ മൃദുവായിരിക്കും.
മഞ്ഞുകാലത്ത് ചുണ്ടുകള്‍ വളെരെപ്പെട്ടെന്ന് പൊട്ടുകയും വരളുകയും ചെയ്യും. ഇത് തടയുന്നതിന് ലിപ് ബാമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഗുണമേന്മയുള്ള ലിപ്ബാമുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെണ്ണയോ പാൽപ്പാടയോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒലീവ് എണ്ണയും നല്ലതാണ്.
വെളിച്ചെണ്ണ തേച്ചു കുളിക്കുന്നത് ശരീരത്തിലെ എണ്ണ മയം നിലനിർത്തും .മുടിയുടെ സംരക്ഷണത്തിനും വെളിച്ചെണ്ണ ഗുണം ചെയ്യും. ആഴ്ചയിലൊരു ദിവസമെങ്കിലും വെളിച്ചെണ്ണ ചൂടാക്കി ശരീരത്തിലും തലമുടിയിലും പുരട്ടാൻ ശ്രദ്ധിക്കുക. ഹെന്ന ചെയ്യുന്നവരാണെങ്കിൽ ഓയിൽ മസാജ് ചെയ്തതിനുശേഷം മാത്രം ഹെന്ന ചെയ്യുക. അല്ലെങ്കിൽ മുടി വരണ്ടു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
ദേഹത്തും മുഖത്തും പുരട്ടുന്ന ക്രീമുകൾ ഗുണമേന്മയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിൻ ഇ ചേർന്ന ലേപനങ്ങൾ നല്ലതാണ്.ബദാം ഓയിൽ,ഒലിവ് ഓയിൽ, അലോവേര അടങ്ങിയ ക്രീമുകൾ എന്നിവ ഗുണമേന്മയുള്ളവയാണ് .
കഴിവതും വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കി നാടൻ ഭക്ഷണം ശീലമാക്കുക. പഴങ്ങൾ ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിന് ഉത്തമമാണ്. അതിനാൽ ആഹാരത്തിൽ പഴങ്ങൾ പ്രത്യേകിച്ച് ഓറഞ്ചു കൂടുതലായി ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്.
https://www.facebook.com/Malayalivartha