വേദനസംഹാരികളുടെ അമിതഉപയോഗം കേള്‍വിശക്തിയെ ബാധിക്കും
വേദനയെ ചെറുക്കാന്‍ പണ്ടുകാലങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചില നാട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും വേദന സഹിക്കാന്‍ വയ്യ. ചെറിയൊരു വേദനവന്നാല്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടുന്നവരാണ് പലരും. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ വേദന സംഹാരികള്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് തിരിച്ചടിയാകും.
അമിതയളവില്‍ വേദന സംഹാരികള്‍ കഴിക്കുന്നത് കേള്‍വി ശക്തിയെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് ഗവേഷക സംഘം പറയുന്നത്.
വേദന സംഹാരികള്‍ ഇടയ്ക്ക് കഴിക്കുന്നത് കൊണ്ട് തകരാറില്ല. എന്നാല്‍ തുടര്‍ച്ചയായ ആറ് വര്‍ഷം വേദന സംഹാരികള്‍ കഴിച്ചാല്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഡോ: ഗാരി കര്‍ഹാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48നും 73നും ഇടയില്‍ പ്രായമുള്ള 55,000 സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഗവേഷക സംഘം നിഗമനത്തിലെത്തിയത്.
https://www.facebook.com/Malayalivartha