പൊളളലേറ്റാല്‍ ചെയ്യേണ്ടത് എന്ത്?
പൊളളലേറ്റാല്‍ ചെയ്യേണ്ടത് എന്താണെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. അതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. പൊളളലിന്റെ കാഠിന്യത്തിനനുരസിച്ച് ചികിത്സചെയ്തില്ലെങ്കില്‍ മരണത്തിന് തന്നെ കാരണമാകും. ചൂട് ഏറ്റും തിളക്കുന്ന വെള്ളത്തില്‍ നിന്നും രാസവസ്തുക്കളില്‍ നിന്നും വൈദ്യുതിയില്‍ നിന്നും സൂര്യാഘാതം, തീപ്പെട്ടി, മെഴുകുതിരി എന്നിവയില്‍ നിന്നും പൊള്ളലേല്‍ക്കാം. രാസവസ്തുക്കളില്‍ നിന്നും വൈദ്യുതിയില്‍ നിന്നുമേല്‍ക്കുന്ന പൊള്ളലുകളില്‍ അടിയന്തര വൈദ്യ സഹായം തേടണം. കാരണം ഇവക്ക് തൊലിപ്പുറത്ത് ചിലപ്പോള്‍ ചെറിയ ക്ഷതങ്ങള്‍ മാത്രമേ ഉണ്ടാകൂവെങ്കിലും ആന്തരികമായി ഗുരുതര പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
പൊള്ളലുകള്‍ പല തരത്തിലുണ്ട്. തൊലിപ്പുറത്തെ ക്ഷതങ്ങള്‍ക്കനുസരിച്ച് സാധാരണയായി ഇവയെ മൂന്നായി തിരിക്കാം. ഫസ്റ്റ് ഡിഗ്രി, സെക്കന്റ് ഡിഗ്രി, തേര്‍ഡ് ഡിഗ്രി. ആദ്യഘട്ടത്തിലുള്ള പൊള്ളല്‍ വളരെ ചെറുതും ഭയക്കേണ്ടതില്ലാത്തതുമാണ്. എന്നാല്‍ തേര്‍ഡ് ഡിഗ്രി പൊള്ളല്‍ വളരെഗുരുതരമാണ്. ഫോര്‍ത്ത്ഡിഗ്രി പൊള്ളലും ഉണ്ട്. ഇവക്ക് തേര്‍ഡ് ഡിഗ്രിയുടെ സ്വഭാവ സവിശേഷതകള്‍ തന്നെയാണ് ഉള്ളത്. ഇത്തരം പൊള്ളലുകള്‍ തൊലിക്കകത്തേക്ക് കടന്ന് നാഡീ ഞരമ്പുകളെയും എല്ലുകളെയും വരെ ബാധിക്കുന്നു.
തൊലിപ്പുറത്ത് ചെറിയ തരത്തിലുളള ക്ഷതം മാത്രമാണ് ഫസ്റ്റ് ഡിഗ്രി പൊള്ളല്‍ കൊണ്ടുണ്ടാകുന്നത്. തൊലിയുടെ ഉപരിതലത്തില്‍ മാത്രം ഏല്‍ക്കുന്ന പൊള്ളലുകളാണിവ. തൊലിപ്പുറത്ത് മാത്രം ഏല്‍ക്കുന്ന പൊളളലായതിനാല്‍ ആ ഭാഗത്തെ തൊലി പോകുന്നതോടുകൂടി ആടയാളങ്ങള്‍ ഇല്ലാതാകും. ഇങ്ങനെയുണ്ടാകുന്ന പൊളളലില്‍ തൊലിപ്പുറത്ത് ചുവന്ന നിറം, കുമിള എന്നിവ ഉണ്ടാകാറില്ല. ചെറിയ നീറ്റല്‍, വീക്കം, വേദന എന്നിവ ഉണ്ടാകാറുണ്ട്. ഫസ്റ്റ് ഡിഗ്രി പൊള്ളലുകള്‍ വീടുകളില്‍ തന്നെ ചികിത്‌സിക്കാം. എത്ര വേഗം ചികിത്‌സ സ്വീകരിക്കുന്നുവോ അത്രയും വേഗം ഭേദമാകും. എന്നാല്‍ മുഖത്തോ കാല്‍മുട്ട്, കണങ്കാല്‍, പാദം, നട്ടെല്ല്, തോള്‍, കൈമുട്ട്, കൈത്തണ്ട തുടങ്ങി പ്രധാന സന്ധികളിലോ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിച്ച് പൊള്ളലേറ്റാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം.
പൊളളലേറ്റഭാഗം തണുത്ത വെള്ളത്തില്‍ അഞ്ചുമിനുട്ടില്‍ കൂടുതല്‍ സമയം മുക്കി വെക്കുക. നേര്‍ത്തതുണി കൊണ്ട് പൊതിഞ്ഞുവെക്കുക. ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍ ആ ഭാഗത്ത് ഉപയോഗിക്കാം. ഐസ് ഉപയോഗിക്കാതിരിക്കുക, ഐസ് വേദനക്ക് താത്കാലികാശ്വാസം നല്‍കുമെങ്കിലും ക്ഷതമേറ്റ കോശങ്ങളെ തണുപ്പിക്കുന്നതു മൂലം അവ സുഖപ്പെടാതെ ക്ഷതം കൂടുതല്‍ മോശാവസ്ഥയിലാകും. പൊള്ളലേറ്റ മുറിവുകളില്‍ പരുത്തി ഉപയോഗിക്കാതിരിക്കുക. പരുത്തിയുടെ ചെറിയ അംശം മുറിവുകളില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. വെണ്ണ, ടൂത്ത്‌പേസ്റ്റ് എന്നിവ പുരട്ടരുത്.
മുകള്‍ഭാഗത്തെ തൊലിക്കടിയിലേക്ക് കൂടി ഏല്‍ക്കുന്ന പൊള്ളലുകളാണ് സെക്കന്റ് ഡിഗ്രി പൊള്ളലുകള്‍. കുമിളകള്‍ ഉണ്ടാകുകയും ചിലപ്പോള്‍ അവയില്‍നിന്ന് നീരൊലിക്കുന്നതിനും സാധ്യതയുണ്ട്. മുറിവില്‍ ഒരുനേര്‍ത്ത പാളി രൂപപ്പെടുന്നു. മുറിവേറ്റ ഭാഗം വൃത്തിയായി സൂക്ഷിക്കണം. ബാന്‍ഡേജിടുന്നത് അണുബാധ തടയാന്‍ സഹായിക്കും. ചില മുറിവുകള്‍ ഉണങ്ങാന്‍ രണ്ട്,മൂന്ന് ആഴ്ച എടുക്കും. ഉണങ്ങിയാലും തൊലിയില്‍ ചെറിയ നിറ വ്യത്യാസം കാണും. ഇത്തരം പൊള്ളലേറ്റാല്‍ 15 മിനുട്ടിലേറെ ശുദ്ധജലം മുറിവിലേക്ക് ഒഴുക്കുക. വേദന സംഹാരികള്‍ കഴിച്ച് വേദന കുറക്കാം. കുമിളകളില്‍ ആന്റിബയോട്ടിക് ക്രീമുകള്‍ ഉപയോഗിച്ചാല്‍ അണുബാധ തടയാം. മുഖം, കൈകള്‍, പൃഷ്ഠം, നാഭി, പാദം എന്നിവിടങ്ങളില്‍ ഏല്‍ക്കുന്ന പൊള്ളലുകള്‍ക്ക് അടിയന്തര വൈദ്യ ചികിത്‌സ തേടേണ്ടതാണ്.
ഗുരുതരമായ പൊള്ളലാണ് തേര്‍ഡ് ഡിഗ്രി പൊള്ളല്‍. തൊലിയുടെ എല്ലാ പാളികള്‍ക്കും ക്ഷതമേല്‍ക്കുന്നു. ഏറ്റവും കൂടുതല്‍ വേദന തേര്‍ഡ് ഡിഗ്രി പൊള്ളലിനാണെന്നത് തെറ്റിദ്ധാരണയാണ്. പൊള്ളലേല്‍ക്കുന്നത് ഗുരുതരമാണെങ്കിലും നാഡീ ഞരമ്പുകള്‍ നശിക്കുന്നതിനാല്‍ വേദനയുണ്ടായിരിക്കുകയില്ല. തേര്‍ഡ് ഡിഗ്രി പൊള്ളല്‍ സുഖപ്പെടുന്നതിന് സമയ പരിധി നിശ്ചയിക്കാന്‍ കഴിയില്ല. ഇവ സുഖപ്പെടുമ്പോള്‍ കലകള്‍ അവശേഷിക്കും.സ്വയം ചികിത്‌സിക്കരുത്. പൊള്ളലേറ്റാല്‍ വസ്ത്രങ്ങള്‍ ഊരാന്‍ശ്രമിക്കരുത്. എന്നാല്‍ മുറിവുകളില്‍ വസ്ത്രം ഒട്ടിപ്പിടിച്ചിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. അണുബാധക്കും രക്തനഷ്ടത്തിനും ഇടയാക്കുന്നതാണ് ഇത്തരം ഗുരുതര പൊള്ളലുകള്‍. പൊള്ളലേല്‍ക്കുമ്പോഴുളള ഷോക്ക് മൂലം മരണം വരെ ഉണ്ടാകാം. ടെറ്റനസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ടെറ്റനസ് നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖമാണ്. ഭാവിയില്‍ മസിലുകള്‍ ചുരുങ്ങുന്ന അവസ്ഥയുണ്ടാകാം.
https://www.facebook.com/Malayalivartha