വരണ്ട കണ്ണുകള്‍ ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ ഗുരുതരമായേക്കാം
അമിതമായി ബാഷ്പീകരണം നടക്കുന്നതു മൂലമോ കണ്ണീരിന്റെ അളവ് കുറയുന്നതു മൂലമോ കണ്ണിനെ മൂടുന്ന കണ്ണീരിന്റെ നേര്‍ത്ത പാളിയില്‍ ഉണ്ടാകുന്ന തകരാറാണ് വരണ്ട കണ്ണുകള്‍ക്ക് കാരണമാകുന്നത്. ഇതു മൂലം കണ്ണിന്റെ ഉപരിതലം കേടുവരുന്നതിനും അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും കാരണമായേക്കാം. വരണ്ട കണ്ണുകള്‍ ചികിത്സിച്ച് ഭേദമാക്കിയില്ല എങ്കില്‍ കണ്ണുകളില്‍ വ്രണം ഉണ്ടാകാനും കോര്‍ണിയയില്‍ മുറിവുണ്ടാകാനും അണുബാധ ഉണ്ടാകാനും സാധ്യത ഏറെയാണ്.
കണ്ണുകളില്‍ എരിച്ചില്‍, പെട്ടെന്ന് അസ്വസ്ഥമാകല്‍, ചുവപ്പു നിറം, കരുകരുപ്പ്, രാത്രികാലങ്ങളില്‍ വാഹനമോടിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ക്ക് തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍.
കണ്ണുകളുടെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും അതിന്റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും നമുക്ക് സ്വയം ചെയ്യാന്‍ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്;
അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക: പുക, ചൂട്, പൊടി, കാറ്റ് തുടങ്ങിയ അസ്വസ്ഥതയുളവാക്കുന്ന പാരിസ്ഥിതികമായ ഘടകങ്ങള്‍ ഒഴിവാക്കുക. പുകവലിക്കുന്ന ആളാണെങ്കില്‍, പുകവലി ഒഴിവാക്കാന്‍ ശ്രമിക്കുക. കണ്ണുകള്‍ മൂടുന്ന തരത്തിലുള്ള കണ്ണടകള്‍ ശരിയായ സംരക്ഷണം നല്‍കും. ഫാനുകള്‍ ഉപയോഗിക്കുന്ന അവസരത്തില്‍, കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാതിരിക്കുന്നതിന് അവയുടെ വേഗത നിയന്ത്രിക്കുക. വീട്ടില്‍ ധാരാളം പൊടിയുണ്ട് എങ്കില്‍ ഒരു എയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ഹ്യുമിഡിഫൈയര്‍: വായുവില്‍ ഈര്‍പ്പം ഉണ്ടാക്കുന്നതിന് ഹ്യുമിഡിഫൈയര്‍ ഉപയോഗിക്കുന്നത് സഹായിക്കും. നിങ്ങള്‍ക്കു ചുറ്റുമുള്ള വായുവില്‍ ഈര്‍പ്പം ഉണ്ടെങ്കില്‍ കണ്ണുനീര്‍ ബാഷ്പീകരിക്കുന്നത് സാവധാനത്തിലാകും. ഇത് കണ്ണിന് സുഖം പകരും.
കമ്ബ്യൂട്ടര്‍ വര്‍ക്ക്സ്റ്റേഷന്‍ ക്രമീകരിക്കുക: നിങ്ങള്‍ വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍, കണ്ണിന്റെ പിരിമുറുക്കം കുറയ്ക്കുന്നതിനായി കമ്പ്യൂട്ടറിന്റെ സ്ക്രീന്‍ ക്രമീകരിക്കേണ്ടതാണ്. കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ കണ്ണിന്റെ നേരെ അല്ലെങ്കില്‍ അല്‍പ്പം താഴെയായി ക്രമീകരിക്കുക. കമ്പ്യൂട്ടർ സ്ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കാതെ ഇടയ്ക്കിടെ കണ്ണിന് വിശ്രമം നല്‍കുക. ഇതിനായി, 20-20-20 നിയമം പിന്തുടരുക; എല്ലാ 20 മിനിറ്റിലും 20 സെക്കന്‍ഡ് വിശ്രമം എടുക്കുകയും 20 അടിയെങ്കിലും ദൂരെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
സൗന്ദര്യവര്‍ധക വസ്തുക്കള്‍: ഐലൈനറുകള്‍, കാജള്‍, മസ്ക്കാര തുടങ്ങിയവ കണ്‍പോളകളിലെ ഗ്രന്ഥികളില്‍ തടസ്സം സൃഷ്ടിച്ചേക്കാം. അതിനാല്‍, കഴിയുമെങ്കില്‍ മേക്കപ്പ് ഒഴിവാക്കുക.
പ്രത്യേക കോണ്ടാക്‌ട് ലെന്‍സുകള്‍: നിങ്ങളുടെ കോണ്ടാക്‌ട് ലെന്‍സുകളാണ് കണ്ണുകള്‍ വരളാന്‍ കാരണമെങ്കില്‍, വരണ്ട കണ്ണുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള പ്രത്യേക കോണ്ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിക്കുക. ഇതേക്കുറിച്ച് ഒരു ഒഫ്താല്‍മോളജിസ്റ്റുമായി സംസാരിച്ച് തീരുമാനമെടുക്കുക. 'മോയിസ്ചര്‍ ചേമ്ബര്‍' എന്ന പേരിലുള്ള, കണ്ണുകളെ പൊതിയുന്ന തരത്തിലുള്ള, കണ്ണടകള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് അസ്വസ്ഥത പകരുന്ന വസ്തുക്കളില്‍ നിന്ന് സംരക്ഷണം നല്‍കും.
കണ്ണുകള്‍ വൃത്തിയായി സൂക്ഷിക്കുക: വാം കമ്ബ്രസ് (പഞ്ഞി അല്ലെങ്കില്‍ ഐ പാഡ് ഇളം ചൂടുവെള്ളത്തില്‍ മുക്കി കണ്ണിനു മുകളില്‍ 10 മിനിറ്റ് നേരം പതുക്കെ അമര്‍ത്തുന്നത് ) കണ്ണിനു ചുറ്റുമുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ ഒഴുക്ക് അനായാസമാക്കാന്‍ സഹായിക്കും. കണ്‍പോളകളില്‍ സാവധാനം മസാജു ചെയ്യുന്നത് ഗ്രന്ഥികളില്‍ നിന്ന് എണ്ണ പുറത്തുവരാന്‍ സഹായിക്കും. അധികമായുള്ള എണ്ണ, പൊടി, മാലിന്യങ്ങള്‍ എന്നിവ കണ്‍പോളകളുടെ അരികില്‍ നിന്ന് തുടച്ചു മാറ്റുക. കണ്‍പീലികള്‍ വൃത്തിയാക്കുന്നതും ശ്രദ്ധിക്കണം (ഇതിനായി ക്ളീനറുകള്‍ ലഭ്യമാണ്).
ഭക്ഷണക്രമം: ഒമേഗ - 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കണ്ണുകളുടെ വരള്‍ച്ചയെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അയല, മത്തി, ചാള, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വാള്‍നട്ട്, സോയ, ചണവിത്ത് തുടങ്ങിയ സസ്യാഹാരങ്ങളും ഒമേഗ - 3 ഫാറ്റി ആസിഡ് സമ്പുഷ്ടമാണ്.
കൃത്രിമ കണ്ണീര്‍: ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ (കൃത്രിമ കണ്ണീര്‍) മരുന്നു കടകളില്‍ നിന്ന് വാങ്ങാന്‍ ലഭിക്കും. കമ്പ്യൂട്ടര്‍ ഉപയോഗം, ചൂടും കാറ്റും അധികമായ കാലാവസ്ഥ എന്നിവ മൂലം കണ്ണുകള്‍ വരളുന്നതും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ഇത്തരം ഡ്രോപ്പുകള്‍ ആശ്വാസം പകരും.
https://www.facebook.com/Malayalivartha