ഗര്‍ഭകാലത്ത് വര്‍ദ്ധിച്ച ശരീരഭാരം കുറച്ച് സുന്ദരിയാകാം
മാതൃത്വം എല്ലാ സ്ത്രീകളുടെയും സുന്ദര സ്വപ്നമാണ്. എന്നാൽ അതിനൊപ്പം പേടിസ്വപ്നമായി വരുന്നതാണ് ഗര്‍ഭകാലത്ത് വര്‍ദ്ധിച്ച ഭാരം എങ്ങനെ കുറയ്ക്കാമെന്നത്.
ഗര്‍ഭകാലത്തും പ്രസവശേഷവും തടി കൂടുന്നതു സ്വാഭാവികം. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് തൂക്കം വർദ്ധിക്കേണ്ടത് അത്യാവശ്യവുമാണ്. എന്നാല്‍ പ്രസവം കഴിഞ്ഞും ഈ തടി പോകാതിരിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇതിനായി ചില പൊടികൈകളുണ്ട്.
എഴുന്നേല്‍ക്കുക, നടക്കു
പ്രസവശേഷം ആറ് ആഴ്ച പൂര്‍ത്തിയായാൽ വ്യായാമം തുടങ്ങാം.നടക്കുന്നത് വളരെ നല്ല എക്സർസൈസ് ആണ്. തുടക്കത്തില്‍, വളരെ കുറച്ചു ദൂരം നടക്കാം. അലസത വെടിഞ്ഞു ഉന്മേഷത്തോടെ ഇരിക്കുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കുന്നതിനും ശരീരഭാരം ഏതാനും കിലോ ഗ്രാം കുറയുന്നതിനും സഹായകമാവും. ദിവസവും ഹ്രസ്വദൂരം നടക്കുന്നത് സുഖപ്രദമായി അനുഭവപ്പെട്ടു തുടങ്ങിയ ശേഷം പതുക്കെ വേഗതയും സമയവും വര്‍ദ്ധിപ്പിക്കാം.
ഭാരം ഉയര്‍ത്തി ശക്തിയാര്‍ജിക്കാം
നിങ്ങള്‍ക്ക് വീട്ടുജോലികള്‍ക്കു പുറമെ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ കാര്യം കൂടി നോക്കേണ്ടതുണ്ട്. അതിലുപരി, നിങ്ങള്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയാണെങ്കില്‍ ജോലിഭാരം വീണ്ടും വര്‍ധിക്കും. ഇതിനെല്ലാം നിങ്ങള്‍ കൂടുതല്‍ ശക്തയാവേണ്ടിയിരിക്കുന്നു. ആഴ്ചയില്‍ മൂന്നോ നാലോ തവണ മിതമായ രീതിയില്‍ ഭാരം എടുക്കുന്നത് (വെയ്റ്റ് ലിഫ്റ്റ്) വയറിലെ മാംസ മടക്കുകള്‍ ഇല്ലാതാക്കുന്നതിനും പേശികള്‍ ശക്തിപ്പെടുത്തുന്നതിനും വണ്ണം കുറയ്ക്കുന്നതിനും സഹായകമാവും. ഇത് നിങ്ങളുടെ കായികക്ഷമതയും ശക്തിയും വര്‍ധിപ്പിക്കുന്നതിനു സഹായിക്കും.
വിവേകത്തോടെ വേണം ഭക്ഷണം
മുലയൂട്ടുന്നുണ്ട് എന്നു കരുതി കിട്ടുന്നതെന്തും വെട്ടിവിഴുങ്ങാനുള്ള പ്രവണത നല്ലതല്ല. പിസ, ബര്‍ഗര്‍, വറുത്ത ആഹാരസാധനങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ ശരീരഭാരം കൂട്ടുമെന്നതിനാല്‍ അവയുടെ ഉപഭോഗം നിയന്ത്രിക്കുക. ആരോഗ്യദായകങ്ങളായ പാല്‍ ഉത്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ ,ബട്ടര്‍ ഫ്രൂട്ട്, ഒലീവ് ഓയില്‍, സാല്‍മണ്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും മിതമായി ഭക്ഷണം കഴിക്കുക. ഭക്ഷണക്രമത്തില്‍ ആവശ്യത്തിനുള്ള പാനീയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
കൊഴുപ്പു കുറഞ്ഞ പാല്‍ ആഹാരശീലങ്ങളിലുള്‍പ്പെടുത്തുക. പ്രത്യേകിച്ചും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇതിലെ കാല്‍സ്യം, അയേണ്‍ തുടങ്ങിയവ ഗുണം ചെയ്യും.
ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങ എന്നിവ കലര്‍ത്തി കുടിക്കുന്നത് ഗുണം ചെയ്യും. ഇത് ശരീരത്തിലെ വിഷാംശവും കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കും.
ആവശ്യത്തിന് വിശ്രമിക്കുക
തളര്‍ന്നവരും പരവശരുമായ അമ്മമാര്‍ക്ക് ഭാരം കുറയ്ക്കുന്നതിനായി പ്രത്യേക പരിശ്രമമൊന്നും നടത്താന്‍ കഴിഞ്ഞെന്നുവരില്ല. നിങ്ങള്‍ ശരീരത്തിന് ആവശ്യമുള്ള വിശ്രമം നല്‍കിയാല്‍ മാത്രമേ വേഗം പഴയനിലയില്‍ എത്തുന്നതിനും ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമം വേഗത്തിലാക്കുന്നതിനും കഴിയുകയുള്ളൂ. കുഞ്ഞിനെ പരിപാലിക്കുന്നതിന് ആരുടെയെങ്കിലും സഹായം തേടിയശേഷം നന്നായി ഉറങ്ങുക. കുറച്ചു സമയം മാത്രം നീണ്ടുനില്‍ക്കുന്ന പകലുറക്കങ്ങള്‍ പോലും നിങ്ങളുടെ മനോനിലയില്‍ കാര്യമായ വ്യത്യാസത്തിനു കാരണമാവും. ഉറക്കം അനാവശ്യമായ വിശപ്പിനെ ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഓര്‍ക്കുക.
വ്യായാമങ്ങള്‍ വ്യത്യസ്ത രീതികളില്‍
എല്ലാ സ്ത്രീകള്‍ക്കും ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ല എന്നുവരാം. എന്നാല്‍, ഇവിടെ നിരാശരാവേണ്ട കാര്യമില്ല. യോഗ, നീന്തല്‍, ലഘുവായ സൈക്ളിംഗ് തുടങ്ങിയ ഫലപ്രദങ്ങളായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഇവ സന്ധികള്‍ക്ക് അയവു നല്‍കാനും സഹായകമാവും. ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക, ഓട്ടം, എയ്റോബിക്സ് തുടങ്ങിയ കടുപ്പമുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെങ്കിലും അതിനു മുൻപ് ഡോക്ടറുടെ അനുവാദം വാങ്ങിയിരിക്കണം.
ക്രമമായും ചിട്ടയോടും കൂടി മുകളില്‍ പറഞ്ഞിരിക്കുന്ന ചുവടുകള്‍ പിന്തുടരുകയാണെങ്കില്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് വര്‍ദ്ധിച്ച ഭാരം കുറയ്ക്കാനാവും.
നിങ്ങള്‍ക്ക് ഒന്‍പത് മാസം കൊണ്ടാണ് ഇത്രയും ഭാരം വര്‍ദ്ധിച്ചത് എന്ന കാര്യം മറക്കരുത്. അതിനാല്‍, അത് കുറയ്ക്കുന്നതിനും സമയമെടുക്കും എന്ന കാര്യം അവഗണിക്കരുത്. ആരോഗ്യത്തോടെയിരിക്കുക, അതിലുപരി മാനസിക സംഘര്‍ഷം ഒഴിവാക്കി കുഞ്ഞിനൊപ്പമുള്ള പുതിയ ജീവിതം ആസ്വദിക്കുക.
https://www.facebook.com/Malayalivartha