കാലുകളുടെ സൗന്ദര്യ സംരക്ഷണം
മുഖം വൃത്തിയായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അതിനായി ഫേഷ്യ ലിനും മറ്റു സൗന്ദര്യ വർദ്ധക സാധനങ്ങൾക്കുമായി പണവും സമയവും ചെലവഴിക്കുന്നതിൽ ആരും പിശുക്കു കാണിക്കാറുമില്ല. കാലുകളുടെ സംരക്ഷണവും അതുപോലെ പ്രധാനമാണ്. ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും ലക്ഷണമാണ് ശുചിത്വമുള്ള പാദങ്ങള്‍. സൗന്ദര്യത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് മനോഹരമായ പാദങ്ങള്‍. ശരീരവും വസ്ത്രങ്ങളും വ്യത്തിയായി ഇരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ കാലുകളുടെയും സൗന്ദര്യം
കാലിന്റെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം കടയില്‍ പോയി വാങ്ങണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാം കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യപടികള്‍.
വാക്സിംഗ്
ഭംഗിയുള്ള കാലുകള്‍ക്ക് വാക്സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിങ്ങളുടെ സ്കിന്നിന് ചേരുന്ന ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച് കാലിലെ രോമങ്ങള്‍ നീക്കം ചെയ്യുക. വാക്സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ലെമണ്‍ ജ്യൂസ്
ആദ്യം കാല്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അത് ക്രീമുമായി ചേര്‍ത്ത് കാലില്‍ മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക. കാലുകള്‍ വളരെ മൃദുത്വമുള്ളതായി അനുഭവപ്പെടും.
ചെറുചൂടുവെള്ളം ഒരു വലിയ പാത്രത്തില്‍ എടുത്ത് അതിലേക്ക് അല്പം ഉപ്പും അല്‍പം ചെറുനാരങ്ങാനീരും ഒരു തുള്ളി ഷാംപൂവും ഒഴിച്ചു നല്ലപോലെ കലക്കുക. ഇതില്‍ പാദങ്ങള്‍ അല്‍പനേരം ഇറക്കി വക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് നഖങ്ങളും വിരലുകളും വിടവുകളും ഉപ്പൂറ്റിയും വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് കാലിലെ അഴുക്ക് നീക്കുകയും അണുബാധകള്‍ തടയുകയും ചെയ്യും
തൈരും ഗോതമ്പ് മാവും
ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.
ഉള്ളി
ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.
വിനാഗിരിയും തൈരും
ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും
ഒലിവ് ഓയില്‍
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കാലുകളിലും പാദങ്ങളിലും ഒലിവ് ഓയില്‍ തേച്ചു പിടിപ്പിക്കുക. മികച്ച ഗുണം ലഭിക്കാന്‍ ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കിയതിനു ശേഷം തേച്ചു പിടിപ്പിക്കുക. രാവിലെ കാലുകള്‍ മൃദുവായി ഇരിക്കുന്നത് കാണാം.
മഴക്കാലത്ത് പാദങ്ങളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈർപ്പമുണ്ടെങ്കിൽ പാദങ്ങളില്‍ ഫംഗസ് ബാധ, കുഴിനഖം എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. കാലിലെ ഈര്‍പ്പം പൂര്‍ണ്ണമായും ഒപ്പിയെടുത്ത് നനവ് വിട്ടുമാറി എന്ന് ഉറപ്പായ ശേഷമേ പാദരക്ഷകള്‍ ധരിക്കാന്‍ പാടുള്ളൂ.
കാലിൽ നെയില്‍ പോളിഷ് ഇടുമ്പോള്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഒരു പഞ്ഞിയിലെടുത്ത് നഖങ്ങള്‍ക്കിരുവശത്തെ ഈര്‍പ്പവും ചെളിയും തുടച്ചുമാറ്റുക. കാല്‍വിരലിൽ നഖങ്ങള്‍ കഴിവതും നീട്ടിവളര്‍ത്താതിരിക്കുക.
https://www.facebook.com/Malayalivartha