പ്രമേഹം: ചില അബദ്ധ ധാരണകൾ
അറിയാത്തകാര്യങ്ങളിൽ ആധികാരികമായി അഭിപ്രായം പറയുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളിയോളം മിടുക്ക് ആർക്കുമില്ല. പ്രമേഹത്തെ കുറിച്ച് ഇങ്ങനെ പല കാര്യങ്ങളും കാലാകാലങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ വെള്ളം കുടിച്ച് മൂത്രത്തില്‍ പഞ്ചസാര ഒഴുക്കിക്കളഞ്ഞാല്‍ പ്രമേഹം മാറുമെന്നാണ് അത്തരത്തിലുള്ള ഒരു പ്രചാരണം. വളരെ തെറ്റായ ഒന്നാണിത്. മൂത്രത്തില്‍ പഞ്ചസാരയോടൊപ്പം സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളും നഷ്ടപ്പെടും. മാത്രമല്ല വൃക്കകളുടെ ജോലിഭാരം വളരെ കൂടുകയും ചെയ്യും.
ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ഭക്ഷണം കഴിക്കാതെ രാവിലെ രക്തം പരിശോധിച്ചാല്‍ പഞ്ചസാര 126 നു മുകളില്‍ ഉണ്ടെങ്കിലാണ് പ്രമേഹം എന്നു പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം 200 നു മുകളില്‍ ഉണ്ടെങ്കിലും പ്രമേഹം ഉണ്ടെന്നു മനസ്സിലാക്കാം. ആരോഗ്യവാനായ ഒരാള്‍ക്ക് ഭക്ഷണത്തിനു മുന്‍പ് 110 നു താഴെ ആയിരിക്കണം പഞ്ചസാരയുടെ അളവ്. 110നും 126 നും ഇടയില്‍ ഉള്ളവര്‍ ഭാവിയില്‍ പ്രമേഹരോഗി ആകാന്‍ സാധ്യത ഏറെയാണ്. ഇത്തരക്കാര്‍ ജീവിത ശൈലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണം.തലേന്ന് ഭക്ഷണം കഴിക്കാതെ രാവിലെ രക്തം പരിശോധിച്ചു ഡോക്ടറെ പറ്റിച്ചിട്ടു കാര്യമില്ല.
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കണം. കൂടുതൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കിൽ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം.
പ്രമേഹം വന്നാൽ ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല.എന്നുവെച്ചു നല്ല മധുരമുള്ള പായസം കഴിച്ചതിനു ശേഷം ഒരു ഗുളിക കൂടുതൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും.
കൃത്യമായ ചികില്‍സ നല്‍കുന്നതിലൂടേയും ചിട്ടയായ ഭക്ഷണശീലങ്ങള്‍ പിന്‍തുടരുന്നതിലൂടേയും ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.. ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്.
റാഗി, റവ, ഓട്‌സ്, ഇലക്കറികള്‍, മുഴു ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവ കഴിക്കുന്നത് പ്രമേഹം വരാതെ തടയുന്നു.
പഞ്ചസാരക്ക് പകരം ഷുഗര്‍ഫ്രീ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ പ്രമേഹരോഗി അധികമായി ഉപയോഗിക്കരുത്. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ എന്നിവയും പ്രമേഹരോഗികള്‍ ഒഴിവാക്കണം.
പ്രതിദിനം 100 ഗ്രാം പഴവര്‍ഗം പ്രമേഹരോഗി കഴിക്കണമെന്നു നിര്‍ദേശമുണ്ട്. ഏതു പഴവര്‍ഗം വേണമെങ്കിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓരോ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. എന്നാല്‍ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha